ഇന്ത്യയ്ക്കായി ഡാറ്റ്‌സണ്‍ എസ്‌യുവി ഉറപ്പിച്ചു

ഇന്ത്യയ്ക്കായി ഡാറ്റ്‌സണ്‍ എസ്‌യുവി ഉറപ്പിച്ചു

പത്ത് ലക്ഷം രൂപയില്‍ താഴെയായിരിക്കും കോംപാക്റ്റ് എസ്‌യുവിയുടെ വില

ന്യൂഡെല്‍ഹി : ഇന്ത്യന്‍ കാര്‍ വിപണിയിലെ വിവിധ സെഗ്‌മെന്റുകളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ഡാറ്റ്‌സണ്‍. ഇവയില്‍ എസ്‌യുവി ഉണ്ടായിരിക്കുമെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് തോമസ് കുഹ്ല്‍ അറിയിച്ചു. പുതിയ മോഡലുകള്‍ കൂടാതെ നിലവിലെ കാറുകളുടെ പരിഷ്‌കരിച്ച പതിപ്പുകളും പുറത്തിറക്കും. ഡാറ്റ്‌സണ്‍ എസ്‌യുവിയുടെ വില പത്ത് ലക്ഷം രൂപയില്‍ താഴെയായിരിക്കുമെന്ന് കുഹ്ല്‍ പറഞ്ഞു. റെനോ-നിസാന്‍ സഖ്യത്തിന്റെ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ എസ്‌യുവി നിര്‍മ്മിക്കുന്നത്. 2019 ആദ്യ പാദത്തില്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ റെനോ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനം നിര്‍മ്മിക്കും. നാല് മീറ്ററില്‍ കുറവ് നീളം വരുന്നതായിരിക്കും ഡാറ്റ്‌സണ്‍ എസ്‌യുവി. ടാറ്റ നെക്‌സോണ്‍ പോലെ ക്രോസ്ഓവര്‍ സ്‌റ്റൈലിംഗ് കാണും. റെഡിഗോയുടെ 1.0 ലിറ്റര്‍ മോട്ടോറിന്റെ ടര്‍ബോചാര്‍ജ്ഡ് വേര്‍ഷനായിരിക്കും ഡാറ്റ്‌സണ്‍ എസ്‌യുവി ഉപയോഗിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഉണ്ടാകില്ല.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ഡാറ്റ്‌സണ്‍ ബ്രാന്‍ഡിന്റെ അവതാരോദ്ദേശ്യം. പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ വില നിര്‍ണ്ണയം ഈ നയത്തില്‍നിന്ന് വ്യതിചലിച്ചായിരിക്കില്ല. പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ നിസാന്‍ മോഡലുകളായി വിപണിയിലെത്തും. യഥാസമയം സ്വന്തം വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കാന്‍ ഡാറ്റ്‌സണ്‍ വലിയ ആവേശം കാണിക്കുന്നില്ല എന്ന വിമര്‍ശനം ശക്തമാണ്. വിപണിയിലെ കടുത്ത മത്സരം അതിജീവിക്കാന്‍ ഡാറ്റ്‌സണ്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഗോ, ഗോ പ്ലസ് ഫേസ്‌ലിഫ്റ്റുകള്‍ പുറത്തിറക്കുന്നതോടെ വരുന്ന ഉത്സവ സീസണില്‍ ഡാറ്റ്‌സണ്‍ വലിയ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. ഈ ഉത്സവ സീസണ്‍ മുതല്‍ ഓരോ ആറ് മാസം കൂടുമ്പോഴും പ്രധാന ഇവന്റ് ഉണ്ടായിരിക്കുമെന്ന് തോമസ് കുഹ്ല്‍ അറിയിച്ചു.

ഗോ, ഗോ പ്ലസ് ഫേസ്‌ലിഫ്റ്റുകള്‍ പുറത്തിറക്കുന്നതോടെ ഉത്സവ സീസണില്‍ വലിയ ഡിമാന്‍ഡ് പ്രതീക്ഷിക്കുന്നു. റെഡിഗോയുടെ സ്‌പെഷല്‍ എഡിഷനും ഉത്സവ സീസണില്‍ വിപണിയിലെത്തിക്കും

അല്‍പ്പം പ്രീമിയം എന്ന് തോന്നിപ്പിക്കുംവിധം പുതിയ സ്റ്റൈലിംഗ്, പുതിയ ടച്ച്‌സ്‌ക്രീന്‍, പുതിയ ഫ്രണ്ട് സീറ്റുകള്‍ എന്നിവയോടെയാണ് പരിഷ്‌കരിച്ച ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ പുറത്തിറക്കുന്നത്. സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കും. രണ്ട് മോഡലുകളിലും എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍ സവിശേഷതയായിരിക്കും. വെഹിക്കിള്‍ ഡൈനാമിക്‌സ് കണ്‍ട്രോള്‍ (വിഡിസി) എന്ന് ഡാറ്റ്‌സണ്‍ വിളിക്കുന്ന ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി) ഈ വിഭാഗത്തില്‍ ഇതാദ്യമായി രണ്ട് കാറുകളിലും നല്‍കുമെന്നതാണ് വലിയ വാര്‍ത്ത. റെഡിഗോ എന്ന ചെറു കാറിന്റെ സ്‌പെഷല്‍ എഡിഷനും ഉത്സവ സീസണില്‍ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto