ബൈജൂസ് ലേണിംഗ് ആപ്പ് മാത് അഡ്വഞ്ചേഴ്‌സിനെ ഏറ്റെടുത്തു

ബൈജൂസ് ലേണിംഗ് ആപ്പ് മാത് അഡ്വഞ്ചേഴ്‌സിനെ ഏറ്റെടുത്തു

ഗണിതം പഠിക്കാന്‍ എളുപ്പ വഴിയൊരുക്കുന്നു

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ബൈജൂസ് ലേണിംഗ് ആപ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗണിത പഠന സഹായിയായ ‘മാത് അഡ്വഞ്ചേഴ്‌സി’ നെ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇടപാടില്‍ മാത് അഡ്വഞ്ചേഴ്‌സിന്റെ ഉപദേശകന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ മെറിസിസായിരുന്നു.

മാത് അഡ്വഞ്ചേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ സേവനത്തിന് കൂടുതല്‍ ഗുണകരമാകുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. മാത് അഡ്വഞ്ചേഴ്‌സിന്റെ സ്ഥാപകയായ വിദ്യ ജയരാമന്‍ ഗണിതത്തില്‍ അഗ്രഗണ്യയാണെന്നതും കമ്പനി നല്‍കുന്ന ഗണിത പഠനങ്ങള്‍ക്ക് അത് വളരെയേറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത് അഡ്വഞ്ചേഴ്‌സ് ടീം ഇപ്പോള്‍ ബൈജൂസിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമിനൊപ്പം ചേര്‍ന്നിട്ടിണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണിതം ലളിതം: മാത് അഡ്വഞ്ചേഴ്‌സിന്റെ പ്രവര്‍ത്തനം

കുട്ടികള്‍ക്ക് ഒരു പഠനസഹായി തുടങ്ങണമെന്ന വിദ്യ ജയരാമന്റെ ആഗ്രഹത്തില്‍ നിന്നുമാണ് മാത് അഡ്വഞ്ചേഴ്‌സ് രൂപം കൊള്ളുന്നത്. കെമിക്കല്‍ എന്‍ജിനീയറായിരുന്ന വിദ്യയുടെ ഗണിത വിഷയത്തിലുള്ള പാടവം ഒരു ആപ്പ് തുടങ്ങുന്നതിന് വഴിവെച്ചു. ഗണിത വിഷയത്തില്‍ പിന്നോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോകള്‍ വഴിയും വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും ഗണിതക്ലാസുകള്‍ നല്‍കും. എല്‍കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് പ്രധാനമായും ക്ലാസുകള്‍ നല്‍കുന്നത്. സ്‌കൂളുകളുമായുള്ള പങ്കാളിത്തത്തോടെയാണ് മാത് അഡ്വഞ്ചേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കുന്നത്.

12 സ്‌കൂളുകളിലായി 7,000 വിദ്യാര്‍ത്ഥികള്‍ മാത് അഡ്വഞ്ചേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ബെംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. മൈസൂരു, തേസ്പൂര്‍, ജോധ്പൂര്‍ എന്നീ നഗരങ്ങളിലും മാത് അഡ്വഞ്ചേഴ്‌സിന് സാന്നിധ്യമുണ്ട്.

ഗണിത വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയും പരിശീലന പ്രവര്‍ത്തനങ്ങള്‍ വഴിയും പഠിപ്പിക്കുക എന്നതാണ് ആപ്പിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പാഠഭാഗങ്ങളില്‍ സംശയമുള്ളവ വിദ്യാര്‍ത്ഥികള്‍ക്ക് ആപ്പിലൂടെ ദൂരീകരിക്കാനും മാത് അഡ്വഞ്ചേഴ്‌സ് ശ്രമിക്കുന്നു.

സങ്കീര്‍ണമായ പാഠങ്ങള്‍ എളുപ്പത്തില്‍ വളരെ ലളിതമായി പറഞ്ഞുനല്‍കുന്നതിലാണ് ബൈജൂസ് മുന്‍ഗണന നല്‍കുന്നത്. ദൃശ്യങ്ങളിലൂടെയും ഗ്രാഫിക് ചിത്രങ്ങളിലൂടയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാകും. ബൈജൂസ് ലേണിംഗ് ആപ്പില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ഉള്‍പ്പടെയുള്ളവര്‍ നിക്ഷേപം നടത്തിയിരുന്നു. ഇതുവരെ 224 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിക്കാന്‍ ബൈജൂസ് ലേണിംഗ് ആപ്പിന് കഴിഞ്ഞു.

ട്യൂട്ടറിംഗ് ബ്രാന്‍ഡായ ട്യൂട്ടര്‍ വിസ, എജുക്കേഷന്‍ സൊല്യൂഷന്‍സ് പ്രൊവൈഡറായ എജുറൈറ്റ്, ഡാറ്റ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം വിദ്യാര്‍ത്ഥ എന്നീ കമ്പനികളും ബൈജൂസ് ലേണിംഗ് ആപ്പ് ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Business & Economy