അബുദാബിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് റിയല്‍റ്റി മേഖലയ്ക്ക് കുതിപ്പേകും

അബുദാബിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് റിയല്‍റ്റി മേഖലയ്ക്ക് കുതിപ്പേകും

അബുദാബി: എമിറേറ്റിലെ റിയല്‍റ്റി മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷയേകുന്നതാണ് പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് എന്ന് റിപ്പോര്‍ട്ട്. 13.6 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പാക്കേജാണ് അബുദാബി നേരത്തെ പ്രഖ്യാപിച്ചത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നാണ് ആഗോള റിയല്‍റ്റി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ജെഎല്‍എല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിയല്‍റ്റി ഡെവലപ്പര്‍മാരുടെ ചെലവുകള്‍ കുറയ്ക്കാനും പുതിയ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ വികസിപ്പിക്കാനും പ്രോത്സാഹനം നല്‍കുന്നതാണ് സാമ്പത്തിക പാക്കേജെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ആണ് ജൂണ്‍ മാസത്തില്‍ എമിറേറ്റിന്റെ വികസനം മുന്‍നിര്‍ത്തി പത്തിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭക മേഖലയ്ക്കും വ്യാവസായിക പദ്ധതികള്‍ക്കും ഉണര്‍വേകുന്നതായിരുന്നു പാക്കേജ്.

സര്‍ക്കാരിന്റെ പുതിയ പാക്കേജ് റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം പോസിറ്റീവാണ്. മൂലധന ഒഴുക്ക് കൂട്ടുന്നതിനും നിക്ഷേപം ശക്തിപ്പെടുത്തുന്നതിനും അത് സഹായിക്കുംജെഎല്‍എല്‍ അബുബാദി നാഷണല്‍ ഡയറക്റ്റര്‍ പീറ്റര്‍ സ്റ്റെബ്ബിങ്‌സ് പറഞ്ഞു.

പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രവണതകള്‍ ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ടാം പാദത്തില്‍ അബുദാബിയിലെ വാടക നിരക്കുകളിലും റിയല്‍റ്റി രംഗത്തെ വില്‍പ്പനയിലും കാര്യമാ മാറ്റങ്ങളുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രവാസികള്‍ക്ക് 10 വര്‍ഷത്തെ വിസ അനുവദിക്കാനും ചില മേഖലകളില്‍ 100 ശതമാനം വിദേശ ഉടമസ്ഥതാവകാശം നല്‍കാനുമുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം റിയല്‍റ്റി മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും ജെഎല്‍എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Comments

comments