വിക്രം പാവയ്ക്ക് പുതിയ നിയോഗം

വിക്രം പാവയ്ക്ക് പുതിയ നിയോഗം

ബിഎംഡബ്ല്യു ഗ്രൂപ്പ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡ് മേധാവിയായി നിയമിച്ചു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയ & ന്യൂസീലന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിക്രം പാവയെ നിയമിച്ചു. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. കൂടാതെ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ ചെയര്‍മാനായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കി. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് വിപണികള്‍ കൂടാതെ ഇന്ത്യന്‍ ചുമതല അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കും.

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ നിലവിലെ ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്റ്റര്‍ ഹാന്‍സ്-ക്രിസ്റ്റിയന്‍ ബെയര്‍ടെല്‍സിനെ ആക്റ്റിംഗ് പ്രസിഡന്റായി നിയമിച്ചു. ബിഎംഡബ്ല്യു ഗ്രൂപ്പ് ഏഷ്യ പസിഫിക് സീനിയര്‍ വൈസ് പ്രസിഡന്റ് ഹില്‍ദേഗാര്‍ഡ് വോര്‍ട്ട്മാനാണ് പുതിയ നിയമനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മുന്‍കാലങ്ങളില്‍ വിക്രം പാവ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ചുമതലകള്‍ ഏല്‍പ്പിച്ചതെന്ന് വോര്‍ട്ട്മാന്‍ പറഞ്ഞു. കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ബിഎംഡബ്ല്യു ഗ്രൂപ്പിന് അടിയുറച്ച് നില്‍ക്കാന്‍ വിക്രം പാവയുടെ നേതൃത്വം സഹായിച്ചു. ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതായും വോര്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ ചെയര്‍മാനായി വിക്രം പാവയ്ക്ക് സ്ഥാനക്കയറ്റവും നല്‍കി. ഇന്ത്യന്‍ ചുമതല തുടര്‍ന്നും നിര്‍വ്വഹിക്കും

2017 ജനുവരിയിലാണ് വിക്രം പാവ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ ചേര്‍ന്നത്. ഓട്ടോമോട്ടീവ് മേഖലയില്‍ 25 ലധികം വര്‍ഷത്തെ അനുഭവസമ്പത്ത് സ്വന്തമാണ്. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും ഹോണ്ട കാര്‍സ്, ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനികളില്‍ വിവിധ തസ്തികകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Comments

comments

Categories: Auto