ഇന്തോ-യുഎസ് ദമ്പതികള്‍ക്ക്‌ 2 ബില്യണ്‍ ഡോളര്‍ നേട്ടം

ഇന്തോ-യുഎസ് ദമ്പതികള്‍ക്ക്‌ 2 ബില്യണ്‍ ഡോളര്‍ നേട്ടം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫോബ്‌സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്തോ-അമേരിക്കന്‍ ദമ്പതികളുടെ റാങ്കിംഗില്‍ വലിയ ഇടിവുണ്ടായിരുന്നു

ന്യൂഡെല്‍ഹി: ഇന്തോ-അമേരിക്കന്‍ ദമ്പതികളായ ഭരത് ദേശായിയും ഭാര്യ നീര്‍ജ സേതിയും തങ്ങളുടെ ഐടി സര്‍വീസസ് കമ്പനിയായ സിന്‍ടെലിനെ ഫ്രഞ്ച് ഐടി സര്‍വീസസ് ഗ്രൂപ്പായ ആടോസിന് വില്‍ക്കുന്നു. 3.4 ബില്യണ്‍ ഡോളറിനാണ് ആടോസ് സിന്‍ടെല്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഇതുവഴി ഭരത് ദേശായിയും ഭാര്യ നീര്‍ജ സേതിയും രണ്ട് ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമായി കമ്പനിയില്‍ 57 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫോബ്‌സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്തോ-അമേരിക്കന്‍ ദമ്പതികളുടെ റാങ്കിംഗില്‍ വലിയ ഇടിവുണ്ടായിരുന്നു. 2014ല്‍ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഏറ്റവും ധനികനായ ഇന്തോ-അമേരിക്കന്‍ ആയിരുന്നു ഭരത് ദേശായി. 2018ലെ ഫോബ്‌സ് പട്ടികയില്‍ അദ്ദേഹത്തിന്റെ സ്ഥാനം 1999ലേക്ക് കൂപ്പുകുത്തി. ഫോബ്‌സ് തയാറാക്കിയ 60 സെല്‍ഫ് മെയ്ഡ് അതിസമ്പന്ന വനിതകളുടെ പട്ടികയില്‍ 2015ല്‍ 15-ാം സ്ഥാനത്തായിരുന്ന നീര്‍ജ സേതി ഈ വര്‍ഷം 21-ാം സ്ഥാനത്താണുള്ളത്. 2016ല്‍ സിന്‍ടെലിന്റെ ഓഹരി മൂല്യത്തില്‍ ഉണ്ടായ ഇടിവാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ദേശായിയുടെയും സേതിയുടെയും റാങ്ക് ഇടിയാന്‍ കാരണം. എന്നാല്‍, ആടോസുമായുള്ള കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ കമ്പനിയുടെ ഓഹരികള്‍ വീണ്ടും നേട്ടമുണ്ടാക്കി തുടങ്ങി. സിന്‍ടെല്‍-ആടോസ് കരാര്‍ പൂര്‍ത്തിയാകുന്നതോടെ ഇരുവരുടെയും സമ്പത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെനിയയില്‍ ജനിച്ച ദേശായി ഇന്ത്യയിലാണ് വളര്‍ന്നതും പഠിച്ചതും. ഐഐടി ബോംബെയില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. 1976ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ പ്രോഗ്രാമര്‍ ആയാണ് ഭരത് ദേശായി യുഎസിലേക്ക് പോയത്. കുറച്ചുകാലം അവിടെ ജോലി ചെയ്തതിനുശേഷം മിഷിഗണ്‍ സര്‍വകലാശാലയില്‍ എംബിഎക്ക് ചേര്‍ന്നു. ഇവിടെ വച്ചാണ് നീര്‍ജ സേതിയെ കണ്ടുമുട്ടുന്നതും രണ്ട് പേര് ചേര്‍ന്ന് ഒരു ഐടി കമ്പനി ആരംഭിക്കാന്‍ തീരുമാനിക്കുന്നതും. സ്വന്തമായി ഒരു ബിസിനസ് എന്നതായിരുന്നു എല്ലായ്‌പ്പോഴും ദേശായിയുടെ സ്വപ്നം. അങ്ങനെയാണ് സിന്‍ടെല്‍ എന്ന ഐടി കമ്പനി ആരംഭിക്കുന്നത്.

1980ല്‍ വെറും 2,000 ഡോളറിനാണ് സിന്‍ടെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ വര്‍ഷം തന്നെ 30,000 ഡോളര്‍ വരുമാനം നേടാന്‍ കമ്പനിക്കായി. 2017 സാമ്പത്തിക വര്‍ഷം 923 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. ചില കാര്യങ്ങളില്‍ ടിസിഎസിന്റേതിനു സമാനമായ പ്രവര്‍ത്തന ശൈലിയാണ് സിന്‍ടെലിന് ഉണ്ടായിരുന്നത്. നടപ്പു വര്‍ഷം 920-960 മില്യണ്‍ ഡോളറിന്റെ വരുമാനം നേടാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇത് നിലവിലെ ഡോളര്‍ മൂല്യത്തില്‍ അടിസ്ഥാനത്തിലുള്ള നിഗമനമാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെങ്കിലും ഇന്‍ഫോസിസ് പോലുള്ള ടെക് ഭീമന്മാരുടെ ഉയരത്തിലേക്ക് എത്തുന്നതില്‍ സിന്‍ടെല്‍ പരാജയപ്പെട്ടു. സിന്‍ടെല്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് ഇന്‍ഫോസിസ് പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സര്‍വീസസ് കമ്പനിയാണ് ഇന്‍ഫോസിസ്. പത്ത് ബില്യണ്‍ ഡോളറിലധികമാണ് ഇന്‍ഫോസിസിന്റെ വരുമാനം. ഇത് സിന്‍ടെലിന്റെ പത്ത് മടങ്ങ് വരും.

Comments

comments

Categories: Business & Economy, Slider
Tags: Syntel