സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വലിയ പ്രതിസന്ധി ബാങ്കിംഗ്

സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വലിയ പ്രതിസന്ധി ബാങ്കിംഗ്

യുഎഇ സംരംഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ബാങ്ക് എക്കൗണ്ട് തുറക്കുന്നത്

ദുബായ്: യുഎഇയിലെ നവസംരംഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ കാര്യം ബാങ്കിംഗ് എന്ന് സര്‍വേ. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഒരു ബാങ്ക് എക്കൗണ്ട് കമ്പനിയുടെ പേരില്‍ തുറക്കണമെങ്കില്‍ മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് പുതിയ സര്‍വേയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ തങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ബാങ്കിംഗ് ആണെന്നും സംരംഭകര്‍ പറയുന്നു.

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും യുഎഇ സാമ്പത്തിക മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ബാങ്ക് എക്കൗണ്ട് തുറക്കാന്‍ കാലതാമസമെടുക്കുന്നത് വാണിജ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനെ ബാധിക്കുന്നതായും സര്‍വേ പറയുന്നു.

കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സംരംഭകര്‍ക്ക് ലഭിക്കുന്നില്ലെന്ന വിമര്‍ശനങ്ങളുമുണ്ട്. അതിനോടൊപ്പം തന്നെ സങ്കീര്‍ണമായ ഡോക്യുമെന്റേഷനും വെരിഫിക്കേഷന്‍ പ്രക്രിയയും യുവസംരംഭകരെ അലട്ടുന്നു. ബാങ്കുകളുടെ ശക്തമായ നിയന്ത്രണ സംവിധാനങ്ങളും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വ്യവസ്ഥാപിത കമ്പനികളെ പോലെ പണമൊഴുക്കിന് കാരണമാകില്ലെന്ന മിഥ്യാധാരണകളും വെല്ലുവിളികളായി വിലയിരുത്തപ്പെടുന്നു.

സാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും സര്‍വേയില്‍ നിര്‍ദേശിക്കുന്നു. ചെലവ് കുറയുന്നതിനും ഇത് കാരണമാകും. ഉപഭോക്തൃ അനുഭവത്തില്‍ ഇത് വലിയ മാറ്റം വരുത്തുമെന്നും ബാങ്കുകള്‍ക്ക് അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ബാങ്കിംഗുമായി ബന്ധപ്പെട്ട അടിസ്ഥാന ആവശ്യകതകളെ കുറിച്ച് സ്റ്റാര്‍ട്ട് സംരംഭകര്‍ക്ക് പലപ്പോഴും അവബോധമില്ലായ്മയുണ്ടെന്നാണ് ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങള്‍. എക്കൗണ്ട് തുറക്കുന്നത് വൈകാന്‍ പലപ്പോഴും കാരണമാകുന്നത് ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സങ്കീര്‍ണതകള്‍ എത്രമാത്രം ഉണ്ടെങ്കിലും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണമെന്ന സമീപനം തന്നെ ബാങ്കുകള്‍ കൈക്കൊള്ളണമെന്നാണ് സര്‍വേയില്‍ നിര്‍ദേശിക്കുന്നത്.

Comments

comments

Categories: Business & Economy