ശബരിമലയിലെ എസ്ടിപി പ്ലാന്റ് സ്‌പെയിനില്‍ ഗവേഷണ പ്രബന്ധം

ശബരിമലയിലെ എസ്ടിപി പ്ലാന്റ് സ്‌പെയിനില്‍ ഗവേഷണ പ്രബന്ധം

ആഗോള ജല, മലിനജല മാനേജ്‌മെന്റ് കോണ്‍ഗ്രസിലായിരുന്നു പ്രബന്ധം അവതരിപ്പിച്ചത്

കൊച്ചി: സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന നാലാമത് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് ഓണ്‍ വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ആന്‍ഡ് എനര്‍ജി മാനേജ്‌മെന്റ് കോണ്‍ഗ്രസില്‍ മലയാളി വ്യവസായിയായ വിശ്വനാഥന്‍ അരങ്ങത്ത് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. കൊച്ചി ആസ്ഥാനമായുള്ള വാസ്‌കോ എന്‍വയണ്‍മെന്റലിന്റെ എംഡിയായ വിശ്വനാഥന്‍ തന്റെ കമ്പനി ശബരിമലയില്‍ നടപ്പാക്കിയ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ഉപയോഗിച്ച നൂതന സാങ്കേതികവിദ്യയെക്കുറിച്ചായിരുന്നു പ്രബന്ധമവതരിപ്പിച്ചത്. എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗില്‍ അമേരിക്കയില്‍ നിന്ന് ഉന്നതബിരുദം നേടിയിട്ടുള്ള വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിച്ച ഏകവ്യവസായിയും ഏകഇന്ത്യക്കാരനുമായിരുന്നു. ലോകത്തെ ടോപ് 100 സര്‍വകലാശാലകളിലൊന്നായ യൂണിവേഴ്‌സിഡാഡ് മാഡ്രിഡില്‍ നടന്ന ഈ കോണ്‍ഗ്രസില്‍ പ്രബന്ധാവതരണം നടത്തിയ മറ്റുള്ളവരെല്ലാം ശാസ്ത്രജ്ഞരോ അക്കാഡമിക് പണ്ഡിതരോ മാത്രമായിരുന്നു എന്നതാണ് കേരളീയതയുടെ ഏകവ്യവസായ സാന്നിധ്യത്തെ ശ്രദ്ധേയമാക്കുന്നത്.

അമേരിക്കയിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയിട്ടുള്ള വിശ്വനാഥന് ഈ മേഖലയില്‍ ഇരുപതു വര്‍ഷത്തിലേറെ അനുഭവസമ്പത്തുണ്ട്. ഇന്ത്യയില്‍ തിരിച്ചു വന്ന് ജല, മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ രംഗത്ത് സംരഭകനാവും മുമ്പ് അമേരിക്കയിലെ ടെക്‌സാസ് ഗതാഗത വകുപ്പ്, മക്ലേണ്‍ ഹാര്‍ട്ട് എന്‍വയണ്‍മെന്റല്‍ എന്‍ജിനിയേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തതുള്‍പ്പെടെയാണിത്.

സ്‌പെയിന്‍ സന്ദര്‍ശനത്തിനിടെ സ്പാനിഷ് കമ്പനിയായ ഡൈനാടെകിന്റെ കീഴിലുള്ള ടാലന്റ് സ്വാം മേധാവി ജിം നോവാക്കുമായും വിശ്വനാഥന്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയില്‍ വിശ്വനാഥന്റെ കമ്പനി നടത്തി വരുന്ന വാട്ടര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നീ അതിനൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള കരാര്‍ ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ചകള്‍.

Comments

comments

Categories: Current Affairs
Tags: sabarimala