ക്ലാസിക് 500 പെഗസസ് വില്‍പ്പന ഇന്ന് മുതല്‍

ക്ലാസിക് 500 പെഗസസ് വില്‍പ്പന ഇന്ന് മുതല്‍

ഉച്ചതിരിഞ്ഞ് 4 മണിക്ക് മോട്ടോര്‍സൈക്കിളിന്റെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കും

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500 പെഗസസ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പന ഇന്ന്. ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ വില മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പന ജൂലൈ 10 ന് ആരംഭിച്ചെങ്കിലും റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളുടെ തള്ളിക്കയറ്റം കാരണം വെബ്‌സൈറ്റ് തകര്‍ന്നിരുന്നു. തുടര്‍ന്ന് വില്‍പ്പന മാറ്റിവെയ്ക്കാതെ റോയല്‍ എന്‍ഫീല്‍ഡിന് വേറേ വഴിയുണ്ടായിരുന്നില്ല.

ജൂലൈ 25 ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ക്ലാസിക് 500 പെഗസസിന്റെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുമെന്ന് പിന്നീട് കമ്പനി അറിയിക്കുകയായിരുന്നു. രണ്ടാം ലോകമഹാ യുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഡബ്ല്യുഡി/ആര്‍ഇ 125 മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്ലാസിക് 500 പെഗസസ് നിര്‍മ്മിച്ചത്. ഫ്‌ളൈയിംഗ് ഫ്‌ളീ എന്നാണ് മോട്ടോര്‍സൈക്കിള്‍ അറിയപ്പെട്ടിരുന്നത്.

250 എണ്ണം ക്ലാസിക് 500 പെഗസസ് മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2.40 ലക്ഷം രൂപയാണ് ഡെല്‍ഹി ഓണ്‍ റോഡ് വില. അന്തര്‍ദേശീയ വിപണികളില്‍ ഒലിവ് ഡ്രാബ് ഗ്രീന്‍, സര്‍വീസ് ബ്രൗണ്‍ എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കുമെങ്കിലും ഇന്ത്യയില്‍ രണ്ടാമത്തെ നിറത്തില്‍ മാത്രമാണ് വില്‍പ്പന. സായുധ സേനാ വാഹനങ്ങളാണ് ആദ്യത്തെ നിറം ഉപയോഗിക്കുന്നത്.

250 യൂണിറ്റ് ക്ലാസിക് 500 പെഗസസ് മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2.40 ലക്ഷം രൂപയാണ് ഡെല്‍ഹി ഓണ്‍ റോഡ് വില

കാന്‍വാസ് പാനിയറുകള്‍, ബ്രാസ് ബക്കിളുകളോടെ ബാറ്ററി ബോക്‌സിന് തുകല്‍ സ്ട്രാപ്പ്, ബ്രൗണ്‍ ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍, ഇന്ധന ടാങ്കിലും കാന്‍വാസ് പാനിയറുകളിലും പെഗസസ് ലോഗോ, ഫ്‌ളൈയിംഗ് ഫ്‌ളീയില്‍ പണ്ട് കണ്ടതുപോലെ ടാങ്ക് ബാഡ്ജ്, ഇന്ധന ടാങ്കില്‍ പ്രത്യേക സീരിയല്‍ നമ്പര്‍ എന്നിവയാണ് ക്ലാസിക് 500 പെഗസസ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനും ചടുല വേഗമാര്‍ന്ന കൈവിരലുകളും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ക്ലാസിക് 500 പെഗസസ് സ്വന്തമാക്കാന്‍ കഴിയും.

Comments

comments

Categories: Auto