പൊതുമേഖലാ ബാങ്കുകളുടെ 70ഓളം വിദേശ ശാഖകള്‍ അടച്ചുപൂട്ടും

പൊതുമേഖലാ ബാങ്കുകളുടെ 70ഓളം വിദേശ ശാഖകള്‍ അടച്ചുപൂട്ടും

ഇതുവരെ 37ഓളം വിദേശ ബ്രാഞ്ചുകളാണ് പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടിയിട്ടുള്ളത്

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തുള്ള തങ്ങളുടെ ബ്രാഞ്ചുകളില്‍ മൂന്നിലൊരു ഭാഗവും അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന ചെലവും കരുതല്‍ മൂലധനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകള്‍ വിദേശ ശാഖകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. പൊതുമേഖലാ ബാങ്കുകളുടെ 216 വിദേശ ശാഖകളില്‍ 70ഓളം ശാഖകളും പൂട്ടുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്.

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ വിദേശ ശാഖകളാണ് അടച്ചുപൂട്ടുക. ഒമാന്‍, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലുള്ള മതിയായ വരുമാനം നേടാനാകാത്ത റെമിറ്റന്‍സസ് ഓഫിസുകളുടെ പ്രവര്‍ത്തനവും ബാങ്കുകള്‍ അവസാനിപ്പിക്കും. പ്രവര്‍ത്തന മൂലധനം കുറയ്ക്കുന്നതിന് പ്രധാനമല്ലാത്ത ആസ്തികള്‍ വില്‍ക്കാനുള്ള നടപടികളും ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ 37ഓളം വിദേശ ബ്രാഞ്ചുകളാണ് പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടിയിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 60-70 ബ്രാഞ്ചുകളുടെ കൂടി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനോടകം ആറ് വിദേശ ശാഖകളാണ് അടച്ചുപൂട്ടിയിട്ടുള്ളത്. ഫ്രാന്‍സിലും ശ്രീലങ്കയിലുമുള്ള തങ്ങളുടെ ബ്രാഞ്ചുകള്‍ എസ്ബിഐ റെപ്രസന്റേറ്റി വ് ഓഫീസുകളാക്കി മാറ്റുകയും ചെയ്ടതിട്ടുണ്ട്. ഒന്‍പത് വിദേശ ബ്രാഞ്ചുകളുടെ കൂടി പ്രവര്‍ത്തനം നിര്‍ത്താനാണ് എസ്ബിഐ പദ്ധതിയിടുന്നത്. ദുബായ്, ഷാംഗ്ഹയ്, ജിദ്ദ, ഹോങ്കോംഗ് എന്നിവിടങ്ങളിലെ എസ്ബിഐ ശാഖകളാണ് നിലവില്‍ അടച്ചുപൂട്ടിയത്.
ഇന്ത്യക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മികച്ച സാമ്പത്തിക പ്രകടനം നടത്താന്‍ കഴിയാത്ത ശാഖകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ തീരുമാനിച്ചത്. ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിന് 2.11 ലക്ഷം കോടി രൂപയുടെ മൂലധന സഹായ പാക്കേജും ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

വിദേശ ശാഖകള്‍ പൂട്ടുന്നത് ആഭ്യന്തര തലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂലധനം വിനിയോഗിക്കുന്നതിന് ബാങ്കുകളെ സഹായിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ അഞ്ച് ബാങ്കുകള്‍ക്ക് മൊത്തം 11,336 കോടി രൂപയുടെ മൂലധന സഹായം ഉടന്‍ നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Banking, Slider
Tags: banking