ചെകുത്താനെ നായകനാക്കി വിപണി പിടിക്കാന്‍ വീണ്ടും ഒനിഡ

ചെകുത്താനെ നായകനാക്കി വിപണി പിടിക്കാന്‍ വീണ്ടും ഒനിഡ

 

പരസ്യങ്ങള്‍ക്കായി കമ്പനി 40 കോടി രൂപ ചെലവിടും; 10-12 ശതമാനം വളര്‍ച്ച ലക്ഷ്യം

ന്യൂഡെല്‍ഹി: ചെകുത്താനെ മുഖ്യ കഥാപാത്രമാക്കിയുള്ള പരസ്യവും ‘അയല്‍ക്കാരുടെ അസൂയ, ഉടമസ്ഥരുടെ അഹങ്കാരം’ എന്ന പ്രസിദ്ധമായ ക്യാപ്ഷനുമായി വീണ്ടും ഇന്ത്യന്‍ വിപണിയെ കൈയിലെടുക്കാന്‍ തയാറെടുത്ത് ഗൃഹോപകരണ നിര്‍മാതാക്കളായ ഒനീഡ. ടെലിവിഷന്‍ പ്രചാരത്തിലായിക്കൊണ്ടിരുന്ന 90 കളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ കമ്പനിയെ സഹായിച്ച ചെകുത്താന്‍ പരസ്യത്തിനും തലവാചകത്തിനും ഇപ്പോഴും ആളുകളെ ആകര്‍ഷിക്കാനുള്ള ശേഷിയുണ്ടെന്ന് കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ നൊസ്റ്റാള്‍ജിയുടെ ഭാഗമായ അടയാളങ്ങളെ പരസ്യ രംഗത്ത് വന്‍ നിക്ഷേപം നടത്തി പുനരുപയോഗിക്കാനുള്ള മാര്‍ക്കറ്റ് തന്ത്രത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ടിവി, വാഷിംഗ് മെഷീന്‍, എസി, മൈക്രോവേവ് തുടങ്ങി എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും തങ്ങളുടെ ബ്രാന്‍ഡിന്റെ മുഖ മുദ്രയായി ഈ കാംപെയ്‌നുകള്‍ ഉപയോഗിക്കാനാണ് ഒനിഡയുടെ നീക്കം. ഈ സമ്പത്തിക വര്‍ഷം 40 കോടി രൂപയോളമായിരിക്കും പരസ്യത്തിനു വേണ്ടി കമ്പനിയുടെ മാതൃസ്ഥാപനമായ മിര്‍ക് ഇലക്ട്രോണിക്‌സ് ചെലവിടുക.

”രാജ്യത്തെ എല്ലാ ഭവനങ്ങളിലും ഞങ്ങള്‍ സാന്നിധ്യമറിയിക്കും. 30 ല്‍ ഏറെ വര്‍ഷമായി ഈ ബ്രാന്‍ഡിനെ സജീവമായി നിര്‍ത്തിയ ജനങ്ങളുടെ മനസില്‍ അതിനെ പുനഃപ്രതിഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നത്,” മിര്‍ക് ഇലക്ട്രോണിക്‌സ് മാനേജിംഗ് ഡയറക്റ്റര്‍ വിജയ് മന്‍സുഖാനി പറഞ്ഞു. വാഷിംഗ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, ടിവി പാനലുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ വലിയ അവസരങ്ങള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍, അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 10-12 ശതമാനമെന്ന സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കും ഒനിഡ പ്രതീക്ഷിക്കുന്നു.

90 കളില്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച സാന്നിധ്യമായിരുന്ന കമ്പനി, സാംസംഗ്, സോണി, എല്‍ജി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പിന്‍വാങ്ങുകയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒനിഡ ചെകുത്താന്‍ പരസ്യങ്ങള്‍ ചുരുങ്ങിയ തോതില്‍ അവതരിപ്പിച്ചിരുന്നു. 25 കോടിയോളം രൂപയാണ് ഈ പരസ്യത്തിനായി ചെലവഴിച്ചത്. പ്രിന്റ്, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരസ്യത്തിനായി 10 കോടിയോളം രൂപയും ചെലവഴിച്ചു.

Comments

comments

Categories: Business & Economy
Tags: Onida