ഹോബി ബിസിനസായി വളര്‍ന്നപ്പോള്‍

ഹോബി ബിസിനസായി വളര്‍ന്നപ്പോള്‍

ഇ-കൊമേഴ്‌സ് രംഗം വളര്‍ച്ചയുടെ പാരമ്യത്തിലേക്ക് കുതിക്കുന്ന കാലഘട്ടമാണിത്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകള്‍ നടത്തുന്ന വ്യാപാരം പതിനായിരക്കണക്കിന് കോടി രൂപ വരും. ഇ-കൊമേഴ്‌സിന്റെ ബാലപാഠങ്ങള്‍ ലോകത്തിന് നല്‍കിയ ഈബേ എന്ന കമ്പനി സജീവമായി തന്നെ ഇപ്പോഴും രംഗത്തുണ്ട്. രണ്ടു പതിറ്റാണ്ടിലധികം കാലം, ഉപഭോക്താക്കള്‍ക്ക് ഇ-കൊമേഴ്‌സ് സേവനം നല്‍കിയ കമ്പനിയുടെ വിജയകഥ ഏറെ പ്രചോദനാത്മകമാണ്

 

എല്ലാ വലിയ നേട്ടങ്ങള്‍ക്ക് പിന്നിലും ഒരു ചെറിയ തുടക്കമുണ്ട്. അത്തരത്തിലുള്ള അസാധാരണമായ ഒരു കഥയാണ് ഈബേ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനു തുടക്കം കുറിച്ച ഇറാനിയന്‍ അമേരിക്കന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമായ പിയറി ഒമിഡ്യാറിന്റേത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ലേലം ചെയ്യുവാനും സൗകര്യമൊരുക്കുന്ന ഈബേ ആദ്യമായി ആരംഭിച്ചപ്പോള്‍ സെക്കന്റ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങളായിരുന്നു പ്രധാനമായും വിറ്റഴിച്ചിരുന്നത്. 1995 ല്‍ ഒരു ഹോബി എന്ന നിലക്കാണ് പിയറി ഈബേയ്ക്ക് തുടക്കം കുറിച്ചത്.

 

ഡോട്‌കോം എന്ന ബബിളിന്റെ കാലഘട്ടത്തില്‍ വിജയത്തിലേക്ക് കടന്നുവന്ന ആദ്യകാല കമ്പനികളിലൊന്നായിരുന്നു ഈബേ. തുടക്കത്തില്‍ പിയറി പോലും ഈ സംരംഭത്തെ കാര്യമായി ഗൗരവത്തിലെടുത്തിരുന്നില്ല. സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങളും പൊട്ടലുകള്‍ സംഭവിച്ച ഉല്‍പ്പന്നങ്ങളും ലേലത്തില്‍ വില്‍ക്കാനുള്ള ആശയം നടപ്പിലാക്കുവാനുള്ള പ്ലാറ്റ്‌ഫോം എന്നതില്‍ കവിഞ്ഞ് കാര്യമായ പ്രാധാന്യമൊന്നും പിയറി ഈ സംരംഭത്തിന് നല്‍കിയില്ല.

 

പക്ഷെ സൈറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വന്നു. ഇന്റര്‍നെറ്റ് സൈറ്റ് അപ്‌ഡേറ്റ് ചെയ്യേണ്ട സാഹചര്യം രൂപപ്പെട്ടു. അതിനായി 250 ഡോളറാണ് അദ്ദേഹം ചെലവാക്കയിത്. ഈ സാഹചര്യത്തില്‍, ഉപയോക്താക്കളുടെ കയ്യില്‍ നിന്ന് ചെറിയൊരു ഫീസ് ഈടാക്കിയാലെന്തായെന്ന് പിയറി ചിന്തിച്ചു. ഉപഭോക്താക്കള്‍ പോസിറ്റീവായി ഇതിനോട് പ്രതികരിച്ചു. പിന്നീട് നടന്നതൊക്കെ ചരിത്രം.

പ്രൊഡക്റ്റ് ലിസ്റ്റ് ചെയ്യുന്നതിനും വില്‍ക്കുമ്പോളും ചെറിയൊരു ഫീസ് ഈടാക്കാനാരംഭിച്ചു. ആയിരം ഡോളറായിരുന്നു ആ മാസത്തെ വരുമാനം. പൊട്ടിയ ഒരു ലേസര്‍ പോയിന്റായിരുന്നു ഇൗബേയിലൂടെ വിറ്റ ആദ്യത്തെ ഉല്‍പ്പന്നം. കാനഡക്കാരനായ മാര്‍ക്ക് ഫ്രേസറായിരുന്നു ആദ്യത്തെ കസ്റ്റമര്‍. വരുന്ന ചെക്കുകളുടെ എണ്ണം 250 നു മുകളിലായപ്പോള്‍ പിയറി തന്റെ ആദ്യത്തെ ജീവനക്കാരനായി ക്രിസ് അഗര്‍പോവിനെ നിയമിച്ചു.

ജോലി ചെയ്യുന്നതിനൊപ്പമാണ് പിയറി, ഇൗബേ തുടങ്ങിയത്. സംരംഭത്തില്‍ നിന്നും കൃത്യമായി വരുമാനം ലഭിച്ചു തുടങ്ങിയപ്പോള്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ചെറിയ രീതിയിലാണ് ആരംഭിച്ചതെങ്കിലും ബിസിനസ് രംഗത്ത് പ്രൊഫഷണലുകളെ നിയമിക്കുവാന്‍ സാധിച്ചതാണ് ഈബേ ഒരു ബില്യണ്‍ ഡോളര്‍ ബിസിനസായി വളരാനുള്ള കാരണം.

സ്ഥാപനം വളരുന്നതിന് അനുസരിച്ച് പ്രൊഫഷണലിസം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഇൗബേയുടെ വിജയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ഈബേ ഇന്നത്തെ വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 1999 ല്‍ വെബ്‌സൈറ്റ് സ്തംഭിച്ചു. സിഇഒ മെഗ് പൈറ്റ്മാന്റെ നേതൃത്വത്തില്‍ 50 ഓളം എഞ്ചിനീയര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ച് കേവലം 20 മണിക്കൂറിനുള്ളില്‍ ഇൗബേയിലൂടെ വീണ്ടും ബിസിനസ് പുനരാരംഭിച്ചു.

 

ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ഇൗബേ ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാനും സ്ഥാപകര്‍ തയ്യാറാകുന്നുവെന്നത് അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഉദാഹരണമാണ്.

 

(രാജ്യാന്തര മോട്ടിവേഷണല്‍ സ്പീക്കറും മാനേജ്‌മെന്റ് വിദഗ്ധനും ഇരുപത്തഞ്ചോളം പ്രചോദനാത്മകമായ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകന്‍. ഫോണ്‍: 9447259402)

Comments

comments

Categories: FK Special, Slider
Tags: e bay