ഭക്ഷ്യ എണ്ണയില്‍നിന്നും ബയോഡീസല്‍; പദ്ധതിയുമായി മക്‌ഡൊണാള്‍ഡ്‌സ്

ഭക്ഷ്യ എണ്ണയില്‍നിന്നും ബയോഡീസല്‍; പദ്ധതിയുമായി മക്‌ഡൊണാള്‍ഡ്‌സ്

 

ഭക്ഷ്യ എണ്ണയില്‍നിന്നും ബയോഡീസല്‍; പദ്ധതിയുമായി മക്‌ഡൊണാള്‍ഡ്‌സ്

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ഭക്ഷണശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് പുതിയ പദ്ധതിയുമായി രംഗത്ത്. മക്‌ഡൊണാള്‍ഡ്‌സിന്റെ മുംബൈയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസി റെസ്റ്റോറന്റായ ഹാര്‍ഡ്കാസില്‍ റെസ്‌റ്റോറന്റ് ലിമിറ്റഡ് പാചകത്തിനുപയോഗിക്കുന്ന എണ്ണയില്‍ നിന്നും വാഹനങ്ങള്‍ക്കുള്ള ബയോഡീസല്‍ ഇന്ധനം നിര്‍മിക്കുന്ന അതിനൂതനമായ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മക്‌ഡൊണാള്‍ഡ്‌സിന്റെ റെസ്റ്റോറന്റുകളില്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കമ്പനിയുടെ തന്നെ ട്രക്കുകളിലാണ് ബയോഡീസല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുക. ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ ഇത്തരത്തില്‍ ഇതാദ്യമായാണ് പാചക എണ്ണയില്‍ നിന്നും വാഹനത്തിന് ആവശ്യമായ ഇന്ധനം പുനരുല്‍പ്പാദിപ്പിക്കുന്നത്.

ഉപയോഗിച്ചു കഴിഞ്ഞ എണ്ണയില്‍ നിന്നും ലഭിക്കുന്നത് ശുദ്ധമായ ഇന്ധനമാണ്. പരിസ്ഥിതി സൗഹാര്‍ദപരമായ ഇന്ധനം എന്ന നിലയില്‍ ബയോഡീസല്‍ ഏറെ ഗുണകരമായ ഇന്ധനമാണെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. കാര്‍ബണ്‍ പുറംതള്ളുന്നതില്‍ ഡീസലിനേക്കാള്‍ 75 ശതമാനം കുറവാണ് എന്നതിനാല്‍ വളരെ മികച്ച ഇന്ധനമായാണ് ഇതിനെ കണക്കാക്കുന്നത്. വ്യാപകമായി ബയോഡീസല്‍ ഉപയോഗിക്കാന്‍ സാധ്യമായാല്‍ ആഗോളതാപനം ഒരുപരിധി വരെ നിയന്ത്രിക്കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ ഡെലിവറി ട്രക്കുകളിലാണ് ആദ്യഘട്ടത്തില്‍ ബയോഡീസല്‍ ഉപയോഗിക്കുകയെന്ന് മക്‌ഡൊണാള്‍ഡ്‌സ് ഇന്ത്യയുടെ നാഷണല്‍ സപ്ലൈ ചെയ്ന്‍ ആന്‍ഡ് ക്വാളിറ്റി അഷുറന്‍സ് ഡയറക്റ്റര്‍ വിക്രം ഒഗലെ പറഞ്ഞു. ഇത് നടപ്പിലായിക്കഴിഞ്ഞാല്‍ കാര്യക്ഷമമാകുമോയെന്ന് വിലയിരുത്തും. അതിനു ശേഷം പദ്ധതി വിജയകരമാകുകയാണെങ്കില്‍ മറ്റ് മേഖലകളിലേക്കും ബയോഡീസല്‍ ഉപയോഗം വ്യാപകമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസേന നിരവധി മക്‌ഡൊണാള്‍ഡ്‌സ് റെസ്‌റ്റോറന്റുകളില്‍ നിന്നും ഉപയോഗിച്ച എണ്ണ വെറുതെ പാഴാക്കുന്നുണ്ട്. പുനഃചക്രമണം , പുനരുപയോഗം എന്ന രീതിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാഴാക്കി കളയുന്ന ഭക്ഷ്യഎണ്ണയില്‍ നിന്നും എന്തുകൊണ്ട് ബയോഡീസല്‍ ഉല്‍പ്പാദിപ്പിച്ചുകൂടാ എന്ന ചിന്തയാണ് ഇത്തരത്തിലൊരു പദ്ധതിയിലേക്ക് കൊണ്ടെത്തിച്ചതെന്ന് ഒഗാലെ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ വാണിജ്യ തലത്തില്‍ ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയില്‍ പദ്ധതി നടപ്പിലാക്കി വിജയം കണ്ടിരുന്നു. മുംബൈയിലെ 85 ഓളം വരുന്ന റെസ്‌റ്റോറന്റുകളില്‍ നിന്ന് പുനരുല്‍പ്പാദിപ്പിച്ച ബയോഡീസല്‍ ഉപയോഗിച്ചു. നിലവില്‍ ഉപയോഗിച്ചുകഴിഞ്ഞ ഭക്ഷ്യഎണ്ണയില്‍ നിന്ന് 35,000 ലിറ്ററിലധികം ബയോഡീസല്‍ കമ്പനി പുനരുല്‍പ്പാദിപ്പിക്കുന്നുണ്ട്. വര്‍ഷത്തില്‍ 420,000 ലിറ്റര്‍ ക്രൂഡ്ഓയില്‍ കമ്പനി ലാഭിക്കുന്നുണ്ട്.

റെസ്റ്റോറന്റുകളില്‍ നിന്നും വിതരണകേന്ദ്രങ്ങള്‍ ശേഖരിക്കുന്ന പാചക എണ്ണ പരിവര്‍ത്തന സംവിധാനങ്ങള്‍ വഴി ബയോഡീസലാക്കി മാറ്റുന്നു. ഈ പ്രക്രിയ കഴിഞ്ഞ വീണ്ടും തിരിച്ച് വിതരണകേന്ദ്രത്തില്‍ എത്തുന്ന ബയോഡീസല്‍ മുംബൈയില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ ഉപയോഗിക്കുന്നു.

അടുത്ത നാല് വര്‍ഷങ്ങളില്‍ക്കുള്ളില്‍ ഹാര്‍ഡ്കാസില്‍ റെസ്‌റ്റോറന്റ് ശൃംഖല 450-500 ആയി വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലാണ്. റെസ്റ്റോറന്റുകളില്‍ ഉപയോഗിക്കുന്ന എണ്ണ ഉപയോഗിച്ച് 15 ലക്ഷം ലിറ്ററോളം ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കാനും സാധിക്കും. ഇതുവഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സാധിക്കും. രണ്ട് ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമാണിതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മക്‌ഡൊണാള്‍ഡ്‌സ് ചെയ്യുന്നത് മാതൃകയാക്കി എല്ലാ ഭക്ഷ്യോല്‍പ്പന്ന കമ്പനികളും ബയോഡീസല്‍ ഉല്‍പ്പാദിപ്പിക്കാനായി മുന്നോട്ട് വരണമെന്ന് ബയോഡീസല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സന്ദീപ് ചതുര്‍വേദി പറഞ്ഞു.

Comments

comments

Categories: FK News, Slider
Tags: cooking oil