ഇ-കൊമേഴ്‌സ് കമ്പനികളില്‍ നികുതി വകുപ്പ് ഓഡിറ്റ് നടത്തിയേക്കും

ഇ-കൊമേഴ്‌സ് കമ്പനികളില്‍ നികുതി വകുപ്പ് ഓഡിറ്റ് നടത്തിയേക്കും

പുതിയ നിരക്കിളവുകള്‍ 27 മുതലാണ് പ്രാബല്യത്തില്‍ വരിക

ന്യൂഡെല്‍ഹി: ആമസോണ്‍, മിന്ദ്ര തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകളിലുണ്ടായ കുറവ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ടോ എന്ന് അറിയാന്‍ നികുതി വകുപ്പ് പരിശോധന നടത്തിയേക്കും. ജിഎസ്ടിക്കുകീഴില്‍ രൂപീകരിച്ചിട്ടുള്ള ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി (എന്‍എപിഎ) ഇതു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാന്‍ ഡയറക്റ്റര്‍ ജനറലിനും ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനികള്‍ ഉപഭോക്താക്കളെ വെട്ടിച്ചുണ്ടാക്കുന്ന അധിക ലാഭം കണ്ടെത്തുന്നതിന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ കൊള്ളലാഭ വിരുദ്ധ അതോറിറ്റി രൂപീകരിച്ചത്.
ഇ-കൊമേഴ്‌സ് കമ്പനികള്‍ അധിക നികുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ദേശീയ കൊള്ള ലാഭ വിരുദ്ധ അതോറിറ്റി ഓഡിറ്റ് നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ് കമ്പനികളുടെ കാര്യത്തില്‍ ഉപഭോക്താക്കളെ തിരിച്ചറിയാനും അധിക നികുതി തിരിച്ചുനല്‍കാനും എളുപ്പമാണ്. അധിക നികുതി ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ചെയ്ത് നല്‍കുന്നതിനെകുറിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍ ചിന്തിക്കേണ്ടത് പ്രധാനമാണെന്ന് നികുതി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2017 നവംബറില്‍ ചോക്കലേറ്റ്, ഷാംപൂ, ടൂത്ത്‌പേസ്റ്റ്, വാഷിംഗ് പൗഡര്‍, ഷേവിംഗ് ക്രീം തുടങ്ങി ഒരുകൂട്ടം ഹൗസ്‌ഹോള്‍ഡ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ചുരുക്കിയിരുന്നു. ശനിയാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 28-ാമത് യോഗത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് കൗണ്‍സില്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. സാനിറ്ററി നാപ്കിന്‍ അടക്കമുള്ള ചില ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി നിരക്കില്‍ വരുത്തിയിട്ടുള്ള പുതിയ പരിഷ്‌കരണങ്ങള്‍ ഈ മാസം 27 മുതലാണ് പ്രാബല്യത്തില്‍ വരിക.

പുതിയ നികുതി സംവിധാനം നടപ്പില്‍ വന്നതിനുശേഷം ഉണ്ടായിട്ടുള്ള നിരക്കിളവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് കമ്പനികള്‍ക്കുമേല്‍ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നത്. ഇതേതുടര്‍ന്ന്, നികുതിയിനത്തില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിട്ടുള്ള അധിക തുക നെസ്‌ലേ, എച്ച്‌യുഎല്‍ തുടങ്ങിയ നിരവധി കമ്പനികള്‍ ഉപഭോക്തൃ ക്ഷേമ ഫണ്ടിനുവേണ്ടി സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കുന്നുണ്ട്.
ജുബിലിയന്റ് ഫൂഡ്‌വര്‍ക്ക്‌സ്, മക്‌ഡൊണാള്‍ഡ്‌സിന്റെ ഹാര്‍ഡ്കാസില്‍ റെസ്റ്റോറന്റ്, ലൈഫ്‌സ്റ്റൈല്‍ ഇന്റര്‍നാഷണല്‍, ഹോണ്ട മോട്ടോര്‍ എന്നിവയാണ് കൊള്ള ലാഭവുമായി ബന്ധപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ള മറ്റ് കമ്പനികള്‍. നികുതിയിളവ് സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനുള്ള കാംപെയ്‌നും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു.

Comments

comments

Categories: Business & Economy