വിജിലന്‍സ്: ഒരു പുനര്‍വിചിന്തനം

വിജിലന്‍സ്: ഒരു പുനര്‍വിചിന്തനം

 

സ്വതന്ത്ര ഇന്ത്യയില്‍ അഴിമതിക്കഥകള്‍ക്ക് പഞ്ഞമില്ലെങ്കിലും അതിനെതിരെ ക്രമേണ രൂപപ്പെട്ടു വന്ന പൊതുജന രോക്ഷം സംഘടിത പ്രതിഷേധമായി പൊട്ടിത്തെറിച്ചത് 2012-13 കാലഘട്ടത്തിലാണ്. ലോക്പാലിന്റെ നിയമനത്തിനായി മുറവിളി ഉയര്‍ന്നതും ജന്തര്‍ മന്ദറില്‍ ദേശീയ പതാകയുമേന്തി യുവാക്കളുടെ വലിയ നിര ഇരിപ്പുറപ്പിച്ചതും രാജ്യം കണ്ടു. അഴിമതി വിരുദ്ധ നിയമങ്ങള്‍ക്ക് നാട്ടില്‍ പഞ്ഞമുണ്ടായിരുന്നില്ലെങ്കിലും സമഗ്ര മേഖലയെയും ഗ്രസിക്കുന്ന സര്‍പ്പമായി വെട്ടിപ്പുകള്‍ പടര്‍ന്നുകയറി. 1988 ല്‍ രൂപികരിച്ച അഴിമതി വിരുദ്ധ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഭേദഗതികള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസായി. പൊതു-സ്വകാര്യ മേഖലയെന്ന വ്യത്യാസം കൂടാതെ സമഗ്ര മേഖലയിലും വെട്ടിപ്പുകള്‍ തടയാന്‍ നിയമത്തിന് സാധിക്കുമോ?

 

”ലുബ്ധം അര്‍ത്ഥേന ഗൃഹ്ണിയാത് സ്തബ്ധം അഞ്ജലി കര്‍മ്മണാ

മൂര്‍ഘം ഛന്ദോനുവൃത്യാ ച യഥാര്‍ത്ഥത്വേന പണ്ഡിതം”

(അത്യാര്‍ത്തിയുള്ളവനെ ധനം കൊണ്ടും പിടിവാശിക്കാരനെ കൈകൂപ്പിയും മൂഢനെ സ്തുതിച്ചും പണ്ഡിതനെ സത്യവചസ്സുകള്‍ കൊണ്ടും ആണ് വശത്താക്കുന്നത്)

– ‘ചാണക്യനീതി’ 6:12

ക്രിസ്തുവിന്റെ ജനനത്തിന് മുന്നൂറ്റമ്പതിലധികം വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണ് ചാണക്യനീതി. അന്നത്തെ കാലത്ത് തന്നെ ഓരോരുത്തരെയും വശംവദരാക്കുന്നതെങ്ങിനെയെന്ന് ചാണക്യന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ഒരു നല്ല മാര്‍ഗ്ഗമായി ചാണക്യന്‍ കരുതുന്നില്ല. രാജസ്വത്ത് ഇങ്ങനെയെങ്ങിനെയെങ്കിലും കൈക്കലാക്കുന്നവനില്‍ നിന്ന് 1000 പണം (ഇന്നത്തെ ഒരു കോടി രൂപ) പിഴയായും കൂടാതെ തട്ടിച്ച മുതലും ഈടാക്കണമെന്നാണ് ചാണക്യന്‍ നിര്‍ദ്ദേശിക്കുന്നത്. പക്ഷേ, ശിക്ഷ എത്രതന്നെയായാലും എന്തുതന്നെയായാലും തന്റേതല്ലാത്ത സ്വത്ത് തട്ടിയെടുക്കുന്ന വിരുത് തുടര്‍ന്നു. അതുകൊണ്ടാണ് 1860 ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം രൂപം കൊടുത്തപ്പോള്‍ അതില്‍ 161 മുതല്‍ 165 വരെയുള്ള വകുപ്പുകള്‍ അഴിമതി തടയുന്നത് സംബന്ധിച്ചായത്. വകുപ്പ് 161 പ്രകാരമുള്ള ‘പ്രതിഫലം’ എന്ന വാക്കിന് വകുപ്പ് 165 പ്രകാരം പണം കൊണ്ടുള്ള പ്രതിഫലം എന്ന് മാത്രമല്ല, പണം കൊണ്ട് അളക്കാവുന്ന മറ്റ് പ്രതിഫലം, എല്ലാത്തരത്തിലുമുള്ള ‘നേരമ്പോക്കുകള്‍’, പ്രതിഫലമായി ജോലി നല്‍കല്‍ എന്നിവയെല്ലാം അര്‍ത്ഥമാക്കുന്നുണ്ട്. ഇതെല്ലാം, അതേ നിയമത്തിലെ വകുപ്പ് 21 പ്രകാരം നിര്‍വചിക്കപ്പെട്ടിട്ടുള്ള പൊതുസേവകന് (പബ്ലിക് സെര്‍വന്റ്) ബാധകമാണ്. ഇന്ത്യയിലെ ആദ്യത്തെ എഴുതപ്പെട്ട അഴിമതി വിരുദ്ധ നിയമ വകുപ്പുകളാണവ.

1946 ല്‍ ദില്ലി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പാസാക്കുന്നത് വരെ ‘സാദാ’ പോലീസായിരുന്നു അഴിമതിക്കേസുകളും അന്വേഷിച്ചിരുന്നത്. ഈ നിയമപ്രകാരമാണ് ദില്ലി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് സ്ഥാപിതമാവുന്നത്. (ഇതാണ് പിന്നീട് 1963 ല്‍ സിബിഐ ആയി മാറിയത്). അതോടൊപ്പം തന്നെ എന്ന് പറയത്തക്ക വിധം 1947 ല്‍ ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക അഴിമതി നിരോധന നിയമവും പാസ്സായി. പൊതുജീവിതത്തിലും ഭരണത്തിലുമുള്ള അഴിമതി പാടെ തുടച്ചുമാറ്റുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ആമുഖത്തില്‍ പറയുന്നു. പക്ഷേ, അതേ വര്‍ഷം തന്നെ ഭാരതം സ്വാതന്ത്രമാവുകയും ജനായത്ത ഭരണം നിലവില്‍ വരികയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ മാത്രമാണ് അഴിമതി നടത്തിയിരുന്നതെങ്കില്‍ അവിടം മുതല്‍ പുതിയൊരു വിഭാഗം അതായത്, രാഷ്ട്രീയ നേതൃത്വം കൂടി ഭരണ രംഗത്തെത്തി. അതുകൊണ്ട് തന്നെ അഴിമതിയുടെ വ്യാപന മേഖല വര്‍ധിച്ചു.

കൊല്‍ക്കത്തയിലെ ഒരു ഓഹരി ഊഹക്കച്ചവടക്കാരനായിരുന്ന ഹരിദാസ് മുന്ദ്രയുടെ പൊട്ടിപ്പാളീസായിക്കൊണ്ടിരുന്ന ആറ് കമ്പനികളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഒന്നേകാല്‍ കോടി രൂപ നിക്ഷേപിച്ച കേസ് അന്വേഷിച്ച ജസ്റ്റിസ് വിവിയന്‍ ബോസ് കമ്മീഷന്റെ ശുപാര്‍ശകള്‍ അനുസരിച്ച് 1958 ല്‍ ക്രിമിനല്‍ നടപടി നിയമം ഭേദഗതി ചെയ്തു. അതോടെ ‘പബ്ലിക് സെര്‍വന്റ്’ എന്ന സംജ്ഞയുടെ പരിധിയില്‍ വരുന്നവരുടെ പട്ടിക വലുതായി. ഇതിനിടയില്‍, 1953 ല്‍, വിന്ധ്യപ്രദേശ് സംസ്ഥാനത്തെ വ്യവസായ മന്ത്രിയായിരുന്ന റാവു ശിവ ബഹാദൂര്‍ സിംഗ് നല്‍കിയ അപ്പീലില്‍ ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം, ശിക്ഷാനിയമത്തിലെ ‘പൊതുസേവകന്‍’ എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ വരുമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് നീതിപീഠം ഉപോല്‍ബലകമായി എടുത്തത്, ‘ഗവര്‍ണ്ണറുടെ കീഴില്‍ വരുന്ന ഒരു അധികാരിയാണ് മന്ത്രി’ എന്ന, ബ്രിട്ടീഷ് ചക്രവര്‍ത്തിയും സിബ്നാഥ് ബാനര്‍ജിയും തമ്മിലുള്ള കേസിലെ പ്രിവി കൗണ്‍സില്‍ വിധിയായിരുന്നു. അതിനാല്‍ തന്നെ എംപിമാരും എംഎല്‍എമാരും ‘പൊതുസേവകന്റെ’ നിര്‍വ്വചനത്തിന് പുറത്ത് നിന്നു; അവരുടെ കാര്യം പ്രിവി കൗണ്‍സിലും സുപ്രീം കോടതിയും പറഞ്ഞിട്ടില്ലല്ലോ! 1988 ലെ അഴിമതി നിരോധന നിയമത്തിലാണ് അവര്‍ ‘അകത്ത്’ പെട്ടത്.

ഉല്‍പ്പാദനോപാധികള്‍ പൊതു ഉടമസ്ഥതയില്‍ വേണമെന്നതായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാഴ്ചപ്പാട്. ഘനവ്യവസായങ്ങളെല്ലാം ആരംഭിച്ചത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര-സംസ്ഥാന ഉടമസ്ഥതയില്‍ ഉണ്ടായത് നെഹ്റുവിന്റെ കാലഘട്ടത്തിലാണ്. എല്‍ഐസി, എയര്‍ ഇന്ത്യ തുടങ്ങി നിരവധി വന്‍ വ്യവസായ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചത് നെഹ്രുവിന്റെ ഭരണകാലത്താണ്. അതുകൊണ്ട് തന്നെ, പൊതുമേഖലയിലെ അഴിമതി നിയന്ത്രിക്കേണ്ടത് അനിവാര്യമായി വന്നു. 1962 ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിയമിതമായ പണ്ഡിറ്റ് കസ്തൂരിരംഗ സന്താനം കമ്മറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും അഴിമതി തടയുവാന്‍ ഒരു വിജിലന്‍സ് കമ്മീഷന്‍ രൂപവല്‍ക്കരിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇത് പ്രകാരം ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു സര്‍വ്വതന്ത്രസ്വതന്ത്ര സ്ഥാപനമായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ 1964 ല്‍ നിലവില്‍ വന്നു. സന്താനം കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം തന്നെയാണ് എല്ലാ സംസ്ഥാനങ്ങളും സ്വന്തമായി വിജിലന്‍സ് കമ്മീഷണര്‍മാരെയും നിയമിച്ചത്. കേന്ദ്രത്തിന് സമാനമായി, 1946-47 വര്‍ഷം തൊട്ട് അതാത് കാലഘട്ടങ്ങളില്‍ സംസ്ഥാനങ്ങളിലും വിജിലന്‍സ് വിഭാഗങ്ങള്‍ പല പേരുകളില്‍ നിലവില്‍ വന്നു. ഇന്ന് അവയെല്ലാം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്ന ഒരേ പേരിലാണ് എല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത്. 1946 ലെ തുടക്കകാലത്ത് ഒരു ഇന്‍സ്‌പെക്ടറോ ഡിവൈഎസ്പിയോ ചുമതലയേറ്റിരുന്ന ഈ പദവിയില്‍ ഇന്ന് ഡിജിപിമാരാണ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ളത്. 1990 വരെയുള്ള കാലഘട്ടം ഇന്ത്യയില്‍ പൊതുമേഖലയുടെയും പൊതുമുതലിന്റെയും വളര്‍ച്ചക്കാലമായിരുന്നു. 1951 ല്‍ വെറും അഞ്ച് പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ 1990 ല്‍ ഇത് 246 ല്‍ എത്തി. ഇവയില്‍ ഭൂരിഭാഗവും സ്ഥാപിക്കപ്പെട്ടത് 1950-66 കാലഘട്ടത്തിലാണ്. അതിന് ശേഷം പൊതുമേഖലയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം 1969 ലെയും 1980 ലെയും ബാങ്ക് ദേശസാല്‍ക്കരണമാണ്. അതോടെ, കേന്ദ്ര ഭരണത്തിന് കീഴില്‍ വരുന്ന ജോലിക്കാരുടെ എണ്ണം വളരെ വര്‍ധിച്ചു. ഒപ്പം വിജിലന്‍സിന്റെ ആവശ്യകതയും.

ലോക്പാല്‍ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് 1963 ല്‍ പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചക്കിടെ, രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള സ്വതന്ത്ര എംപി ആയിരുന്ന എല്‍ എം സിംഘ്വി ആയിരുന്നു. ജന്‍ ലോക്പാല്‍ ബില്‍ ആദ്യം അവതരിപ്പിച്ചത് ലോക്സഭാംഗമായിരുന്ന അഡ്വ ശാന്തിഭൂഷണ്‍ ആയിരുന്നു; 1968 ല്‍. 1969 ല്‍ ലോക്സഭ ബില്‍ പാസ്സാക്കിയെങ്കിലും രാജ്യസഭ പാസ്സാക്കിയില്ല. തുടര്‍ന്ന് പലവട്ടം, പലരാല്‍ 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 വര്‍ഷങ്ങളില്‍ പുനരവതരണം നടത്തപ്പെട്ടു എങ്കിലും പാസ്സാവാതെ പോയി. ഒടുവില്‍, 45 വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ആണ് ജനങ്ങളുടെ ഓംബുഡ്സ്മാന്‍ എന്നറിയപ്പെടുന്ന ജന്‍ ലോക്പാല്‍ ബില്‍ രണ്ട് സഭകളും പാസ്സാക്കിയത്. ഈ താമസം, ജാഗരൂകരായിരിക്കേണ്ട രാഷ്ട്രീയനേതൃത്വത്തിന്റെ ഒരു തരം പോസ്റ്റ്-1966 അമാന്തത്തെയും അനധാവതയെയും ഉറക്കെ സൂചിപ്പിക്കുന്നു.

1947 ലെ അഴിമതി നിരോധന നിയമത്തില്‍ വലിയതോതില്‍ പൊളിച്ചെഴുത്ത് നടന്നത് 1988 ല്‍ ആണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 161 മുതല്‍ 165 വരെയുള്ള വകുപ്പുകള്‍ ഇളക്കി അഴിമതി നിരോധന നിയമത്തിലേക്ക് മാറ്റി. മാത്രമല്ല, സര്‍ക്കാരിന് വരുന്ന ആവശ്യമില്ലാത്ത നഷ്ടത്തിന്റെ ഉത്തരവാദിത്തം, അര്‍ഹതയില്ലാത്ത നേട്ടമുണ്ടാക്കിയ ഉദ്യോഗസ്ഥനില്‍ മാത്രമായി. അതുവരെ, അനാവശ്യമായ നഷ്ടമുണ്ടായാലോ അര്‍ഹതയില്ലാത്ത നേട്ടം മറ്റാര്‍ക്കെങ്കിലും കിട്ടിയാലും ഒന്നും നേടാത്ത ഉദ്യോഗസ്ഥന്‍ പ്രതിയാവുമായിരുന്നു. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പൊതുസേവകരായി. (ഇതിനിടയില്‍, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ അഴിമതി നിരോധന നിയമത്തില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചു. കേരളത്തില്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാരവാഹികള്‍ പൊതുസേവകര്‍ ആണെന്ന് വ്യവസ്ഥ ചെയ്യുന്ന അഴിമതി നിരോധന നിയമം 1983 ല്‍ തന്നെ പാസ്സായിരുന്നു).

1988 ലെ നിയമത്തിന് കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതി ബില്‍ ഇക്കഴിഞ്ഞ ജൂലൈ 19, വ്യാഴാഴ്ച പാസ്സാക്കി. ഭേദഗതിക്കെതിരെയും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ബില്‍ ആദ്യം അവതരിക്കപ്പെട്ട 2013 മുതല്‍ ഉയരുന്നത്. പുതിയ നിയമപ്രകാരം, അനധികൃതമായ സ്വത്ത് സമ്പാദനം ഇല്ലെങ്കില്‍, പണമായി സൗജന്യം പറ്റിയിട്ടില്ലെങ്കില്‍, ശിക്ഷിക്കാന്‍ വകുപ്പില്ല എന്നതാണ് ഒരു വിമര്‍ശനം. 1988 ലെ നിയമപ്രകാരം, പൊതുസേവകന്‍ തന്റെ വരുമാനത്തിന്റെ ഉറവകള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അതിന്‍പ്രകാരമുള്ളതില്‍ അധികം സ്വത്ത് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടും. വരുമാനം വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പുതിയ നിയമം എടുത്തുകളയുന്നു എന്നാണ് വിമര്‍ശക പക്ഷം. കൈക്കൂലി കൊടുത്തയാളെ ശിക്ഷിക്കുവാന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ, നിയമനാധികാരിയുടെ സമ്മതത്തോടെയേ പ്രോസിക്യൂട്ട് ചെയ്യാവൂ തുടങ്ങിയ വ്യവസ്ഥകളെല്ലാം വിമര്‍ശകര്‍ നിരത്തുന്നു. പൊതുമേഖലയിലെ ഉദ്യോഗസ്ഥരെ കൂട്ടില്‍ കയറ്റുവാന്‍ നല്ല ഉത്സാഹമാണ് ഇവര്‍ കാണിക്കുന്നത്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് ഇന്ത്യന്‍ നീതിശാസ്ത്രം അനുശാസിക്കുന്നത്. നിരപരാധികള്‍ ശിക്ഷിക്കപെടാതിരിക്കാനാണ് പുതിയ മാറ്റങ്ങള്‍ മിക്കവാറും നടത്തുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥനും മാനേജ്മെന്റ് വിദഗ്ദ്ധനും ഇന്ത്യയിലെ പൊതുമേഖലാ ഉരുക്കുനിര്‍മ്മാണശാലകളുടെ ശില്‍പ്പിയും സാഹിത്യകാരനും കലാസ്വാദകനുമായിരുന്ന സാക്ഷാല്‍ എം കെ കെ നായര്‍ ഒടുവില്‍ ആത്മകഥ എഴുതിയപ്പോള്‍, അതിന് ‘ആരോടും പരിഭവമില്ലാതെ’ എന്ന് പേരിടേണ്ടി വന്നതിന്റെ കാരണം നമ്മള്‍ ഇടക്കിടെ ഓര്‍ക്കണം. പേരറിയാത്ത ഒരുപാട് എം കെ കെ നായര്‍മാര്‍ ഇന്ത്യയൊട്ടാകെയുമുണ്ട്.

എന്നാല്‍, ഈ വിമര്‍ശകര്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരു വശമുണ്ട്. 1988 ന് ശേഷം യമുനയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. 1991 മുതല്‍ നമ്മള്‍ പൊതുമേഖലയുടെ സാന്നിധ്യം കുറച്ച് കൊണ്ടുവരികയാണ്. എല്‍പിജി എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുന്ന ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ലോബലൈസേഷന്‍ (ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം) നമ്മള്‍ നടപ്പാക്കിത്തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടില്‍ അധികം കാലമായി. ഇന്ന് ഘനവ്യവസായം മുതല്‍ ഖനനവ്യവസായം വരെ സ്വകാര്യമേഖലയില്‍ ആണ് നടക്കുന്നത്. ദേശീയ വരുമാനത്തിന്റെ മുക്കാല്‍ പങ്കിലധികം സ്വകാര്യമേഖലയില്‍ ആവുമ്പോള്‍, ബാങ്കിംഗ് രംഗത്തിന്റെ നാല്‍പ്പത് ശതമാനത്തിലധികം സ്വകാര്യമേഖലയില്‍ ആവുമ്പോള്‍, സ്വകാര്യമേഖല സംശുദ്ധമായിരിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമല്ലേ? ഒരു പരിധിയില്‍ അധികം മുതല്‍ മുടക്കുള്ള, കച്ചവടമുള്ള സ്ഥാപനങ്ങളുടെ കയ്യില്‍ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളുടെ പണം തന്നെയാണ് ഉള്ളത്. അത് ഓഹരി മുഖേനയാവാം, നിക്ഷേപം വഴിയാവാം, നികുതിബാധ്യത മൂലമാവാം, ഫ്ളോട്ട് ഫണ്ടുകള്‍ മാര്‍ഗ്ഗമാവാം. പതിനായിരക്കണക്കിന് കോടി രൂപ വായ്പാ ബാധ്യതയുള്ള, ലക്ഷക്കണക്കിന് രൂപയുടെ മൂലധന വിപണി മൂല്യമുള്ള നിരവധി കച്ചവട കുടുംബങ്ങള്‍ നമുക്കുണ്ട്. ആരാണ് അവിടെ വിജിലന്‍സ് നടപ്പാക്കുന്നത്? എത്ര ‘സത്യം കമ്പ്യൂട്ടര്‍’ നമുക്ക് താങ്ങാനാവും?

എന്തുകൊണ്ടാണ്, പൊതുമേഖലയില്‍ മാത്രമേ അഴിമതിയുള്ളൂ എന്ന് നമ്മള്‍ വിശ്വസിക്കുന്നത്? സ്വകാര്യമേഖല എങ്ങിനെയാണ് അഴിമതിമുക്തമായത്? അഴിമതി മൂലം ഒരു സ്ഥാപനത്തിന് നഷ്ടം വന്നാല്‍. ആ നഷ്ടം ഉടമസ്ഥന്റെ മാത്രമാണോ? അതുമൂലം വരുന്ന നികുതി നഷ്ടം എങ്ങനെയാണ് നികത്തുക? നിഫ്റ്റിയില്‍ വലിയ സ്വാധീനമുള്ള ഏതെങ്കിലും ഒരു കമ്പനിയില്‍ നടക്കുന്ന ഒരു തട്ടിപ്പ് ആ കമ്പനിയുടെ ഓഹരികളെ മാത്രമല്ല, ആ വ്യവസായത്തെയും മൊത്തം ഓഹരി വിപണിയേയും ബാധിക്കും. ‘സത്യം’ ദിവസം നമ്മള്‍ ഇത് കണ്ടതാണ്.

അഞ്ഞൂറ് കോടിയില്‍ കൂടുതല്‍ വിറ്റുവരവോ വിപണിമൂല്യമോ ഉള്ള കമ്പനികളില്‍ വിജിലന്‍സ് ഓഫിസറെ നിയമിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യപടിയായി ലാര്‍ജ് കാപ് (പതിനായിരം കോടി രൂപയില്‍ കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികള്‍),രണ്ടാമത്തെ ഘട്ടത്തില്‍ മിഡ്കാപ്, പിന്നീട് സ്‌മോള്‍കാപ് എന്ന രീതിയില്‍, ലിസ്റ്റഡ് ഓഹരികള്‍ ഉള്ള കമ്പനികളില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിരീക്ഷണം വരണം. അവിടങ്ങളിലെ ഉടമസ്ഥന്മാരുടെയും ഉദ്യോഗസ്ഥരുടെയും ആസ്തി-ബാധ്യതാ വിവരങ്ങള്‍ വര്‍ഷംതോറും ശേഖരിക്കുക, വരുമാന സ്രോതസ്സുകള്‍ രേഖപ്പെടുത്തുക, വരവിലധികമുള്ള സ്വത്തുക്കള്‍ അന്വേഷണവിധേയമാക്കുക, കരാറുകാരുമായുള്ള ബന്ധങ്ങള്‍ ഒരു കൈ അകലത്തില്‍ ആണെന്ന് ഉറപ്പ് വരുത്തുക, വ്യക്തമായ വിജിലന്‍സ് മാനദണ്ഡങ്ങള്‍ നടപ്പാക്കുക എന്നീ നടപടികള്‍ കേന്ദ്രീകൃതമായും അധികൃതമായും നടത്തണം. ബ്രിട്ടനില്‍ വിജിലന്‍സിന് പൊതുമേഖല, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ല. അഴിമതി എവിടെക്കണ്ടാലും അവിടെ കേസുണ്ട്.

മൂലധനം സ്വകാര്യമേഖലയില്‍ ആവുമ്പോള്‍, അതനുസരിച്ച് ബ്രിട്ടനിലെ പോലെ, ഇന്ത്യയിലും വിജിലന്‍സ് എന്ന സങ്കല്‍പ്പത്തിന് ഒരു പുനര്‍വിചിന്തനവും പൊളിച്ചെഴുത്തും അത്യാവശ്യമായിരിക്കുന്നു.

Comments

comments

Categories: FK Special, Slider
Tags: vigilance