ട്രംപിന്റെ മുന്‍ ഉപദേശകനെ നിരീക്ഷിച്ച രേഖകള്‍ എഫ്ബിഐ പുറത്തുവിട്ടു

ട്രംപിന്റെ മുന്‍ ഉപദേശകനെ നിരീക്ഷിച്ച രേഖകള്‍ എഫ്ബിഐ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേശകനായ (പ്രചാരണ വിഭാഗം) കാര്‍ട്ടര്‍ പേജിനെ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട 412 പേജുകളുള്ള രേഖ എഫ്ബിഐ ഈ മാസം 21-നു പുറത്തുവിട്ടു. 2016-ല്‍ നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ സര്‍ക്കാരുമായി കാര്‍ട്ടര്‍ പേജ് ഗൂഢാലോചന നടത്തിയിരുന്നോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട് എഫ്ബിഐ. ഇതിന്റെ ഭാഗമായിട്ടാണു കാര്‍ട്ടര്‍ പേജിനെ നിരീക്ഷിച്ചത്. കാര്‍ട്ടര്‍ പേജിനെ നിരീക്ഷിക്കാന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് കോര്‍ട്ടില്‍ (ഫിസ) നല്‍കിയ അപേക്ഷയുടെ കോപ്പിയും, അദ്ദേഹത്തെ ചുറ്റിപ്പറ്റി അന്വേഷിക്കാനുള്ള നിയമപരമായ ഉത്തരവടക്കമുള്ള രേഖകളാണു എഫ്ബിഐ പുറത്തുവിട്ടിരിക്കുന്നത്.

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റഷ്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കാര്‍ട്ടര്‍ പേജുമായി സഹകരിച്ചു കൊണ്ടുള്ളതായിരുന്നെന്ന് എഫ്ബിഐ വിശ്വസിക്കുന്നതായി രേഖകളില്‍ വിശദീകരിക്കുന്നുണ്ട്. പേജ്, റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും, റഷ്യന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരുമായും ബന്ധം സ്ഥാപിച്ചിരുന്നെന്നും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. 2016-ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണത്തിനിടെ മോസ്‌കോയിലേക്കു നിരവധി യാത്രകള്‍ കാര്‍ട്ടര്‍ പേജ് നടത്തിയിരുന്നെന്നാണു പുറത്തുവന്നിരിക്കുന്ന രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. ന്യൂയോര്‍ക്ക് സ്വദേശിയായ പേജ്, വിദേശനയത്തില്‍ താത്പര്യമുള്ള ഊര്‍ജ്ജ കണ്‍സല്‍ട്ടന്റും ബിസിനസുകാരനുമായിട്ടാണ് അറിയപ്പെടുന്നത്. 47-കാരനായ പേജ്, യുഎസ് നേവല്‍ അക്കാദമിയില്‍നിന്നാണു ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നും എംബിഎയും നേടി.2004 മുതല്‍ 2007 വരെ മോസ്‌കോയില്‍ മെറില്‍ ലിഞ്ചിന്റെ ഓഫീസില്‍ ജോലി നോക്കിയിട്ടുണ്ട്. റഷ്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യാനും ഇദ്ദേഹത്തിന് അറിയാം.

Comments

comments

Categories: Business & Economy
Tags: FBI