വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥക്ക് പരിക്കേല്‍പ്പിക്കുന്നെന്ന് ഐഎംഎഫ്

വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥക്ക് പരിക്കേല്‍പ്പിക്കുന്നെന്ന് ഐഎംഎഫ്

2018 ലും 2019 ലും ആഗോള വളര്‍ച്ചാ നിരക്ക് 3.9 ശതമാനം വരെ എത്താമെങ്കിലും വ്യാപാര യുദ്ധം പ്രതിസന്ധി സൃഷ്ടിക്കും

ബ്യൂണസ് ഐറസ്: അമേരിക്കയും മറ്റ് ലോക രാജ്യങ്ങളും തമ്മില്‍ ഉയര്‍ന്നു വരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). താരിഫ് യുദ്ധം ആഗോള വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റ് ക്രിസ്റ്റിന്‍ ലഗാര്‍ഡെ വ്യക്തമാക്കി. ബ്യൂണസ് ഐറസില്‍ വച്ചു നടന്ന ജി20 രാഷ്ട്രങ്ങളിലെ പ്രധാനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലഗാര്‍ഡെ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായുള്ള വ്യാപാര തര്‍ക്കത്തിന്റെ തീവ്രത ഒന്നുകൂടി വര്‍ധിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഐഎംഎഫിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം. യുഎസിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് 500 ബില്യണ്‍ ഡോളറിന്റെ തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.

2018 ലും 2019 ലും ആഗോള വളര്‍ച്ചാ നിരക്ക് 3.9 ശതമാനം വരെ എത്തിയേക്കുമെന്ന് ജി20 രാഷ്ട്രങ്ങളിലെ മന്ത്രിമാര്‍ക്കായി തയാറാക്കിയ കുറിപ്പില്‍ ഐഎംഎഫ് വ്യക്തമാക്കി. അതേസമയം വാണിജ്യ സംഘട്ടനങ്ങള്‍ വര്‍ധിക്കുന്നത് കാരണം പ്രതികൂലമായ വെല്ലുവിളികളും ഏറെയുണ്ടെന്ന് സംഘടന സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസില്‍ ഇതുവരെ ‘മാക്രോ ഇക്കോണമിക് ‘ (പലിശ നിരക്ക്, ദേശീയ ഉല്‍പ്പാദനക്ഷമത തുടങ്ങിയ വലിയ തോതിലുള്ള അല്ലെങ്കില്‍ പൊതുവായ സാമ്പത്തിക ഘടകങ്ങളില്‍) ആയ ഒരു പ്രത്യാഘാതവും ഉണ്ടായിട്ടില്ലെന്ന് യുസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍ അര്‍ജന്റീനിയന്‍ തലസ്ഥാനത്ത് വാര്‍ത്താ ലേഖകരോട് പ്രതികരിച്ചിരുന്നു. ചൈനക്കെതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ അക്രമോല്‍സുകമാക്കാന്‍ ജി7 സഖ്യകക്ഷികളെ കൂട്ടുപിടിക്കാനായിരുന്നു മ്യൂചിനിന്റെ ശ്രമം. എന്നാല്‍ കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിയിന്‍മേല്‍ തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ തിരിച്ചടിക്കാന്‍ അവസരം കാത്തിരുന്ന ഈ രാജ്യങ്ങള്‍ ഇതിനോട് സഹകരിക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കുകയായിരുന്നു.

ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന ചൈന-യുഎസ് വ്യാപാര ബന്ധം ഈ കഴിഞ്ഞ മാസങ്ങളിലാണ് പ്രത്യക്ഷമായി പൊട്ടിത്തെറിച്ചത്. 34 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ പരസ്പരം തീരുവ ചുമത്തിക്കൊണ്ടായിരുന്നു ഇതിനു തുടക്കം കുറിച്ചത്.

വ്യാപാരയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ 430 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഐഎംഎഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയും അവരുടെ വ്യാപാര പങ്കാളികളും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന ഭീഷണികള്‍ 2020 ഓടെ ആഗോള സാമ്പത്തിക വളര്‍ച്ച 0.5% വരെ കുറയ്ക്കുകയോ, മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 430 ബില്യണ്‍ ഡോളര്‍ ഇടിവുണ്ടാക്കുകയോ ചെയ്യുമെന്ന് ഐഎംഎഫ് പറയുന്നു. എല്ലാ സമ്പദ് വ്യവസ്ഥളേയും കാര്യമായി ബാധിക്കുമെങ്കിലും ആഗോള വിപണികളിലെ കയറ്റുമതിയില്‍ താരതമ്യേന ഉയര്‍ന്ന നികുതി വിഹിതത്തോടെ പ്രതിസന്ധിയുടെ കേന്ദ്രമെന്ന നിലയില്‍ അമേരിക്ക സ്വയം അവരോധിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

 

 

Comments

comments

Categories: Business & Economy, Slider
Tags: trade war