സൗദി അരാംകോ ഐപിഒ ഇനിയും വൈകിയേക്കും

സൗദി അരാംകോ ഐപിഒ ഇനിയും വൈകിയേക്കും

 

 

പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള സൗദി അരാംകോയുടെ ശ്രമം പ്രഥമ ഓഹരി വില്‍പ്പന വൈകിപ്പിച്ചേക്കും

റിയാദ്: ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) ഇനിയും നീളാന്‍ സാധ്യത. പ്രാദേശിക പെട്രോ-കെമിക്കല്‍ കമ്പനിയായ സൗദി ബേസിക്‌സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പ(സാബിക്ക്)ില്‍ ഓഹരിയെടുക്കാനുള്ള സൗദി അരാംകോയുടെ നീക്കമാണ് ഐപിഒ നീളുമെന്ന വിലയിരുത്തലുകള്‍ക്ക് കാരണം.

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഐപിഒ 2018ല്‍ നടക്കുമെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് ഇത് 2019ലേക്ക് നീളുമെന്ന് ഊര്‍ജ്ജ മന്ത്രാലയം വിശദീകരിച്ചു. നിലവില്‍ നിശ്ചയിച്ച സമയത്ത് തന്നെ ഐപിഒ നടക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ വിലയിരുത്തല്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി അരാംകോ സൗദി ബേസിക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പില്‍ തന്ത്രപരമായ ഓഹരിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഡീല്‍ ഏകദേശം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഐപിഒ ഇനിയും നീണ്ടേക്കുമെന്ന് അരാംകോ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമീന്‍ നാസര്‍ പറഞ്ഞു. സാബിക്കിലെ 70 ശതമാനം ഉടമസ്ഥാവകാശം സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിനാണ്. ഇവരില്‍ നിന്നാകും അരാംകോ ഓഹരി ഏറ്റെടുക്കുക.

സാബിക്കില്‍ ഓഹരിയെടുക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളിലാണ് അരാംകോ. സാബിക്കുമായുള്ള ഡീല്‍ സാധ്യത ഞങ്ങളുടെ നിര്‍ദ്ദിഷ്ട ഐപിഒയുടെ സമയഘടനയെയും ബാധിച്ചേക്കും-നാസര്‍ പറഞ്ഞു.

കെമിക്കല്‍ കമ്പനിയായ സാബിക്കില്‍ ഓഹരിയെടുക്കുന്നത് അരാംകോയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന പ്രതിസന്ധികള്‍ കമ്പനിയെ ബാധിക്കാതിരിക്കാന്‍ കെമിക്കല്‍ സംരംഭമായ സാബിക്കിലെ ഉടമസ്ഥതാവകാശം സഹായിച്ചേക്കും. അരാംകോയുടെ വരുമാനത്തെ സംബന്ധിച്ചും പോസിറ്റീവായി മാറുന്ന ഡീലാണ് സാബിക്കുമായുള്ള സഖ്യമെന്നും നാസര്‍ വ്യക്തമാക്കി.

അരാംകോ തലവന്റെ അഭിപ്രായ പ്രകടനങ്ങള്‍ അരാംകോയുടെ ഐപിഒ വീണ്ടും നീളുമെന്നതിന്റെ സൂചനയായിട്ടാണ് വ്യാവസായിക ലോകം കാണുന്നത്. സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അരാംകോയുടെ ഓഹരി വിറ്റഴിക്കാന്‍ സൗദി തീരുമാനിച്ചത്.

അഞ്ച് ശതമാനം ഓഹരി വിറ്റ് 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. സൗദി അറേബ്യ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ പ്രധാന ഭാഗമാണ് അരാംകോ ഐപിഒ.

അടുത്തിടെ സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അരാംകോയുടെ ഐപിഒയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, ഐപിഒ 2019ല്‍ തന്നെ നടത്താന്‍ സാധിച്ചാല്‍ അത് നന്നായിരിക്കും. എന്താണ് ഇതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത് എന്നത് വ്യക്തമല്ലായിരുന്നു. അരാംകോ സിഇഒയുടെ പുതിയ പ്രസ്താവന കൂടിവന്നതോടെ ഐപിഒ ഇനിയും നീളുമെന്നത് വ്യക്തമായിരിക്കുകയാണ്.

അരാംകോ ഐപിഒ നടക്കുമോ എന്നുപോലും ചിലര്‍ ചോദ്യങ്ങള്‍ ഉയര്‍ത്താനും തുടങ്ങി. എന്നാല്‍ അരാംകോ ഐപിഒയ്ക്കായി സജ്ജമായിരിക്കുകയാണെന്നും അതിന്റെ സമയം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നുമാണ് നാസര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഐപിഒയോട് കൂടി അരാംകോയ്ക്ക് രണ്ട് ട്രില്ല്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിക്കപ്പെടുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Aramco