പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് വിലയിട്ട് ശീതള പാനീയ കമ്പനികള്‍

പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് വിലയിട്ട് ശീതള പാനീയ കമ്പനികള്‍

 

ഉപയോഗിച്ച പെറ്റ് ബോട്ടിലുകള്‍ കിലോക്ക് 15 രൂപ നല്‍കി കമ്പനികള്‍ തിരികെ എടുക്കും

ന്യൂഡെല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക്് നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പെപ്‌സികോ, കോക്ക കോള, ബിസ്‌ലെരി തുടങ്ങിയ പ്രമുഖ ബവ്‌റിജസ് കമ്പനികള്‍ തങ്ങളുടെ പെറ്റ് ബോട്ടിലുകളില്‍ പുനര്‍ വിപണന മൂല്യം രേഖപ്പെടുത്താന്‍ തുടങ്ങി. ഉപഭോക്താക്കള്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരികെ നല്‍കുമ്പോള്‍ അവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൂല്യം കച്ചവടക്കാര്‍ തിരികെ നല്‍കണം. പിന്നീട് കമ്പനികള്‍ ഈ പണം കച്ചവടക്കാര്‍ക്ക് നല്‍കി ബോട്ടിലുകള്‍ റീസൈക്കിള്‍ പ്ലാന്റിലേക്ക് കൊണ്ടുപോകും. മിക്ക കമ്പനികളും പുനരുപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് കിലോഗ്രാമിന് പതിനഞ്ച് രൂപ തിരികെ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കിലോക്ക് അഞ്ച് രൂപയായിരിക്കും പോളിമര്‍ പ്ലാസ്റ്റിക്കുകള്‍ തിരികെ നല്‍കിയാല്‍ ലഭിക്കുക.

പ്ലാസ്റ്റിക് മാലിന്യം മൂലം വലയുന്ന സംസ്ഥാനത്ത് 55 ലക്ഷം ബോട്ടിലുകളാണ് പ്രതിദിനം ഉപേക്ഷിക്കുന്നത്. 1.25 കോടി ബോട്ടിലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

കാലാകാലങ്ങളില്‍ പുനര്‍ വിപണന മൂല്യം പരിഷ്‌കരിക്കാനും കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു ലിറ്ററിന് മുകളില്‍ സംഭരണ ശേഷിയുള്ള ബോട്ടിലുകള്‍ക്ക് ഒരു രൂപയാണ് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന തിരികെ വാങ്ങല്‍ വില.

‘പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതിന് നിലവില്‍ ഒരു സംവിധാനമുണ്ട്. പുനരുപയോഗ പ്രക്രിയയില്‍ കൂടുതല്‍ സമ്പ്രദായങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം കമ്പനികള്‍ക്ക് ലാഭകരവും കാര്യക്ഷമവുമായ രീതിയില്‍ ഇത് മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്,’ ബിസ്‌ലെരിയുടെ ചെയര്‍മാന്‍ രമേഷ് ചൗഹാന്‍ വ്യക്തമാക്കി.

പുനരുപയോഗ്യമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കാരി ബാഗുകള്‍, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ബോട്ടിലുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനവും വിപണനവും ഉപയോഗവും നിരോധിച്ച് മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ഇതിനൊപ്പം പെറ്റ് ബോട്ടിലുകള്‍ക്ക് മടക്കി വാങ്ങല്‍ പദ്ധതിയും കൊണ്ടുവരികയായിരുന്നു.

പ്ലാസ്റ്റിക് മാലിന്യം മൂലം വലയുന്ന സംസ്ഥാനത്ത് 55 ലക്ഷം ബോട്ടിലുകളാണ് പ്രതിദിനം ഉപേക്ഷിക്കുന്നത്. 1.25 കോടി ബോട്ടിലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആകെ മാലിന്യത്തില്‍ 5 ശതമാനത്തോളം പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകളാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ പോയത്. ഗുജറാത്ത്, തമിഴ്‌നാട്, ഉത്തരാഘണ്ട് അടക്കമുള്ള സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ ആലോചിച്ചു വരികയാണ്.

Comments

comments

Categories: FK News