ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്

ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്

 

കുട്ടികള്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതില്‍ കേരളവും ഹിമാചല്‍പ്രദേശും മിസോറാമുമാണ് മുന്നില്‍

ബംഗളൂരു: വിവിധ സം സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണ മികവ് അടിസ്ഥാനമാക്കി പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 2016 മുതല്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് കേരളം പബ്ലിക് അഫയേഴ്‌സ് സൂചികയിലെ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നതെന്ന് പിഎസി അറിയിച്ചു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വലിയത്, ചെറിയത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സൂചികയില്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്.

ഭരണനിര്‍വഹണ മികവില്‍ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. തെലങ്കാന, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇടം നേടി. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്‌സ് സംസ്ഥാനങ്ങളുടെ ഭരണനിര്‍വഹണ മികവ് വിലയിരുത്തുന്നത്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവയാണ് റാങ്കിംഗില്‍ ഏറ്റവും പിന്നിലുള്ള വലിയ സംസ്ഥാനങ്ങള്‍. സാമൂഹിക, സാമ്പത്തിക അസമത്വങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ കൂടുതലാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
രണ്ട് കോടിയില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ ഹിമചാല്‍പ്രദേശ്, ഗോവ, മിസോറാം, സിക്കിം, ത്രിപുര എന്നിവയാണ് ഭരണനിര്‍വഹണത്തില്‍ മികവ് പ്രകടമാക്കിയിട്ടുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. നാഗാലന്‍ഡ്, മണിപ്പൂര്‍, മേഖാലയ എന്നിവയാണ് സൂചികയില്‍ ഏറ്റവും താഴെയുള്ള ചെറിയ സംസ്ഥാനങ്ങള്‍.
അടിസ്ഥാന സൗകര്യം, മാനവശേഷി വികസനത്തിനുള്ള പിന്തുണ, സാമൂഹ്യ സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്രമസമാധാനം തുടങ്ങിയ പത്ത് രംഗങ്ങളിലെ പ്രകടനം ആധാരമാക്കി സൂചിക തയാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതില്‍ കേരളവും ഹിമാചല്‍പ്രദേശും മിസോറാമുമാണ് മുന്നിലുള്ളത്.
വിവിധ ഔദ്യോഗിക ഡാറ്റകളെ വിശകലനം ചെയ്താണ് സൂചിക തയാറാക്കിയിട്ടുള്ളത്. 30ഓളം വിഷയങ്ങളും 100ഓളം സൂചികകളും പഠനത്തിന്റെ ഭാഗമായി പിഎസി വിശകലനം ചെയ്തിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories
Tags: Kerala