വെല്‍കംക്യുറില്‍ നിക്ഷേപം നടത്തി താര ദമ്പതികള്‍

വെല്‍കംക്യുറില്‍ നിക്ഷേപം നടത്തി താര ദമ്പതികള്‍

ബോളിവുഡ് താരദമ്പതികളായ റിതേഷും ജനീലിയയുമാണ് ഹോമിയോപ്പതി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയത്. നിക്ഷേപത്തിനു പുറമെ ബ്രാന്‍ഡിന്റെ അംബാസഡര്‍മാരായും ഇവര്‍ പ്രവര്‍ത്തിക്കുന്നതാണ്.

മുംബൈ: ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജനീലിയയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി അധിഷ്ഠിത ഹോമിയോപ്പതി ചികിത്സാ സ്റ്റാര്‍ട്ടപ്പായ വെല്‍കംക്യുര്‍ ഡോട്ട് കോമില്‍ നിക്ഷേപം നടത്തി. നിക്ഷേപ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. നിഹിലെന്റ് കെ്‌നോളജീസ് സിഇഒയും വൈസ് ചെയര്‍മാനുമായ എല്‍ സി സിംഗും ഇവരോടൊപ്പം സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വെല്‍കംക്യുറിന്റെ അഞ്ചു ദശലക്ഷം ഡോളര്‍ സമാഹരണപദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രാന്‍ഡ് പ്രചാരണം, ഗവേഷണ-വികസന വിഭാഗം ശക്തിപ്പെടുത്തുക, ഹോമിയോപ്പതി ആരോഗ്യപരിപാലന പ്ലാറ്റ്‌ഫോം രൂപീകരണത്തിനായി കഴിവുള്ള ജീവനക്കാരെ നിയമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സമാഹരിച്ച തുക വിനിയോഗിക്കുക.

ജവഹര്‍ ഷാ, പുനീത് ദേശായ്, നിധി ദേശായ് എന്നിവര്‍ ചേര്‍ന്ന് 2014 ലാണ് വെല്‍കംക്യുര്‍ ആരംഭിക്കുന്നത്. 2016 ല്‍ വാണിജ്യാടിസ്ഥാന്തതില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ 36 രാജ്യങ്ങളിലേക്ക് സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഒരു ദിവസം പ്ലാറ്റ്‌ഫോം 4500 ലധികം കണ്‍സള്‍ട്ടേഷന്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 450 ശതമാനമായിരുന്നു പ്ലാറ്റ്‌ഫോമിന്റെ വരുമാന വളര്‍ച്ച.

‘ഹോമിയോചികിത്സയില്‍ ഞങ്ങള്‍ അതിയായി വിശ്വസിക്കുന്നു. ദീര്‍ഘനാളായി ഈ ചികിത്സാ രീതിയാണ് പിന്തുടരുന്നത്. അതിനാല്‍ ഈ വെല്‍കംക്യുറിന്റെ പങ്കാളികളാകാനുള്ള തീരുമാനമെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. തങ്ങളുടെ സഹകരണം ബ്രാന്‍ഡിന്റെ ഭാവിയിലെ വളര്‍ച്ചയ്ക്ക് ശക്തിപകരുമെന്നാണ് വിശ്വസിക്കുന്നത്, ‘റിതേഷ് ദേശ്മുഖ് പറഞ്ഞു. നിക്ഷേപത്തിനു പുറമെ ബ്രാന്‍ഡിന്റെ അംബാസഡര്‍മാരായും ഇവര്‍ പ്രവര്‍ത്തിക്കുന്നതാണ്.

താരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ വര്‍ഷം ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ജ്യൂസ് നിര്‍മാണ സ്റ്റാര്‍ട്ടപ്പായ രാക്യാന്‍ ബിവറേജസില്‍ 3.5 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. അതുപോലെ ബൊമാന്‍ ഇറാനി സ്‌പോര്‍ട്‌സ് സോഷ്യല്‍ എന്‍ഗേജ്‌മെന്റ് ആപ്പായ റൂട്ടറിലും ആലിയ ഭട്ട് ഫാഷന്‍ ടെക് കമ്പനിയായ സ്റ്റൈല്‍ക്രാക്കറിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ (കിഡ്‌സാനിയ ഇന്ത്യ), അമിതാഭ് ബച്ചന്‍ (സിഡ്ഡു), അനില്‍ കപൂര്‍ (ഇന്‍ഡി ഡോട്ട് കോം), അജയ് ദേവ്ഗണ്‍ (ടിക്കറ്റിംഗ് വെബ്‌സൈറ്റായ ടിക്കറ്റ് പ്ലീസ്), സുനില്‍ ഷെട്ടി (പുരുഷ ഗ്രൂമിംഗ് ബാന്‍ഡായ ബിയര്‍ഡോ) തുടങ്ങി ബോളിവുഡ് താരങ്ങളുടെ മൊത്ത സ്റ്റാര്‍ട്ടപ്പ് നിക്ഷേപം 100 കോടി രൂപയോളം വരുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Welcome cure