ഫുട്‌ബോള്‍ ഭ്രാന്ത് നല്‍കിയ ബിസിനസ്സ് നേട്ടം

ഫുട്‌ബോള്‍ ഭ്രാന്ത് നല്‍കിയ ബിസിനസ്സ് നേട്ടം

ഇംഗ്ലീഷുകാരുടെ ഫുട്‌ബോള്‍ ഭ്രാന്ത്, ബ്രെക്‌സിറ്റ് പ്രശ്‌നത്തിലടക്കം മാന്ദ്യമനുഭവിക്കുന്ന രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ബാക്കിപത്രം

നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഇംഗ്ലീഷുകാര്‍ക്ക് മാമാങ്കം പോലെ തന്നെയാണ്. മൈതാനത്തില്‍ വിജയാഹ്ലാദത്തില്‍ മതിമറന്ന്, മര്യാദയുടെ സീമകള്‍ ലംഘിച്ച് ഏതറ്റം വരെയും പോകാന്‍ തയാറായ ഫുട്‌ബോള്‍ തെമ്മാടികള്‍ എന്നു പറയുന്ന കാല്‍പ്പന്തുകളിയാരാധകരുടെ രാജ്യമാണ് ബ്രിട്ടണ്‍. ഫുട്‌ബോളിനോടുള്ള ഇംഗ്ലീഷുകാരുടെ ആരാധന ചില വ്യവസായങ്ങള്‍ക്ക് ആഘോഷമാകുമ്പോള്‍ മറ്റു ചിലര്‍ക്ക് തലവേദനയാകുന്നതാണ് ചരിത്രം. വിവിധ കാലഘട്ടങ്ങളില്‍ അവര്‍ തെരുവുകളില്‍ നടത്തിയ ആഹ്ലാദപ്രകടനങ്ങളും നിരാശയുടെ പാരമ്യത്തില്‍ നടത്തുന്ന പ്രതിഷേധ അക്രമങ്ങളും ആതിഥേയരാജ്യങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കാറുണ്ട്.

ലോകകപ്പുകളില്‍ ഇംഗ്ലീഷ് ആരാധകരുടെ ഈ കുത്തഴിഞ്ഞ പെരുമാറ്റം മൂലം ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഫുട്‌ബോള്‍ ഗ്യാലറിയിലേക്കു പ്രവേശനം നിയന്ത്രിക്കുന്നതിലേക്കടക്കം കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. നാലു വര്‍ഷം കൂടി വരുന്ന ഈ മാമാങ്കം, ബ്രിട്ടീഷ് സമ്പദ്‌രംഗത്ത് ഉണ്ടാക്കുന്ന ആവേശവും ചെറുതല്ല. എന്നാല്‍, അന്നൊന്നും ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് ബ്രിട്ടണ്‍ ഇന്നു പോകുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിടുതല്‍ ആവശ്യപ്പെടുന്ന ബ്രെക്‌സിറ്റ് നിയമം നടപ്പിലാക്കാന്‍ തയാറെടുക്കുന്നതോടെ ബ്രിട്ടണില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങിയിരിക്കുന്നു.

ക്രിസ്മസിനു മാത്രം നടക്കാറുള്ള ഏറ്റവും വലിയ കച്ചവടമാണ് ഭക്ഷ്യവിപണിയില്‍ പോയ മാസം നടന്നത്. ഫുട്‌ബോള്‍ജ്വരത്തില്‍പ്പെട്ട ഇംഗ്ലീഷുകാര്‍ മാംസം, ബിയര്‍, വൈന്‍, മദ്യം എന്നിവയുടെ വിപണിയില്‍ ബംപര്‍ കച്ചവടത്തിനാണ് അവസരമൊരുക്കിയത്

ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് ഇംഗ്ലണ്ടിലെ ബാറുകളില്‍ കച്ചവടം 150% വരെ വര്‍ദ്ധിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും വില്‍പ്പന ഉയര്‍ന്നു. അതേസമയം, ഫുട്‌ബോള്‍കാഴ്ചയിലേക്ക് ജനം തിരിഞ്ഞതോടെ ഭക്ഷ്യേതര ചില്ലറവില്‍പ്പന സ്ഥാപനങ്ങളും ഫിറ്റ്‌നസ് വ്യവസായവും നഷ്ടം അനുഭവിച്ചതായാണ് പൊതുചിത്രം. ഇംഗ്ലണ്ടിന്റെ ചില്ലറവ്യാപാര വിപണിക്ക് കാര്യമായ സംഭാവന നല്‍കാന്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായില്ല. എന്നാല്‍, സെമിഫൈനലിലേക്കു ടീം പ്രവേശിച്ചത് ചില വ്യവസായങ്ങള്‍ക്ക് ഗുണം ചെയ്തു.

ഔദ്യോഗിക കണക്കുകളനുസരിച്ച് ലോകകപ്പ് ഫുട്‌ബോള്‍ ദിനങ്ങളില്‍ കൂടുതല്‍പ്പോരും ഫാഷന്‍, വീട്, ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നു. എന്നാല്‍ ഇതിനു കാരണം അവരുടെ പണം പബിലും ബാറിലും ചെലവഴിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്. ഇംഗ്ലണ്ടിന്റെ ഏഴ് മത്സരങ്ങളില്‍ തൊട്ടു മുമ്പത്തെ മാസത്തേക്കാള്‍ 150 ശതമാനം കൂടുതല്‍ ഇടപാടുകള്‍ ബാറുകളില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രൊയേഷ്യക്കെതിരായ ഇംഗ്ലണ്ടിന്റെ സെമി ഫൈനലില്‍ ബാറുകളില്‍ നടന്നത് റെക്കോര്‍ഡ് വില്‍പ്പനയായിരുന്നുവെന്ന് മൊബീല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ സംഅപ് വ്യക്തമാക്കുന്നു. സൊസൈറ്റി ക്ലബ്ബുകളില്‍ 59 ശതമാനം വില്‍പ്പന നടന്നു.

ഇത് പക്ഷേ മദ്യവില്‍പ്പനക്കാര്‍ക്ക് അത്രയ്ക്ക് സുഖകരമല്ലെന്നാണ് അനുഭവം. ലോകകപ്പ് ഒട്ടേറെ വ്യവസായങ്ങള്‍ക്ക് പ്രോല്‍സാഹനമാണെങ്കിലും ഒരു ബാര്‍ അന്തരീക്ഷത്തിന്റെ സന്തോഷം കെടുത്തുന്നുണ്ടെന്നാണ് സംഅപ് സഹസ്ഥാപകനായ മാര്‍ക്ക് അലക്‌സാണ്ടര്‍ ക്രിസ്റ്റിന്റെ അഭിപ്രായം. ബിയര്‍ വില്‍പ്പനയാണ് കൂടുതലായി ലോകകപ്പ് സമയത്തു നടക്കാറുള്ളത്. അതേസമയം പായ്ക്കറ്റ് ഭക്ഷ്യോല്‍പ്പാദകര്‍ക്കിത് ചാകരയാണ്. കാരണം ലോകകപ്പ് കാഴ്ചയ്ക്കായി ടിവിക്കു മുമ്പില്‍ ഏറെ സമയം ചെലവാക്കുമ്പോള്‍ അടുക്കളയില്‍ കയറി പാചകം ചെയ്യാന്‍ എല്ലാവര്‍ക്കും മടിയായിരിക്കും. റെഡിമെയ്ഡ് ഭക്ഷണസാധനങ്ങളും പലചരക്ക് സ്റ്റോറുകളും ഡെലിവറി സേവനങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യവ്യവസായം ഇതു മുതലെടുക്കുകയും വന്‍ ലാഭഫമുണ്ടാക്കുകയും ചെയ്യുന്നു.

ക്രിസ്മസിനു മാത്രം നടക്കാറുള്ള ഏറ്റവും വലിയ കച്ചവടമാണ് ഭക്ഷ്യവിപണിയില്‍ പോയ മാസം നടന്നത്. ഫുട്‌ബോള്‍ജ്വരത്തില്‍പ്പെട്ട ഇംഗ്ലീഷുകാര്‍ മാംസം, ബിയര്‍, വൈന്‍, മദ്യം എന്നിവയുടെ വിപണിയില്‍ ബംപര്‍ കച്ചവടത്തിനാണ് അവസരമൊരുക്കിയത്. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, കായികമാമാങ്കം നടന്നപ്പോള്‍ പലരും സ്വന്തം കായികക്ഷമത നിലനിര്‍ത്തുന്ന കാര്യത്തില്‍ പിന്നാക്കം പോയെന്ന് ഫിറ്റ്‌നസ് വ്യവസായത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യായാമത്തിന് കുറഞ്ഞ സമയം മാത്രമാണ് ആളുകള്‍ മാറ്റിവെച്ചത്. ജിമ്മുകളിലും ഫിറ്റ്‌നെസ് ക്ലാസുകളിലും ആളുകള്‍ പോകുന്നത് കുറച്ചതോടെ 10 ശതമാനം വരുമാനനഷ്ടം ഈ മേഖലകളില്‍ ഉണ്ടായി.

ഔദ്യോഗിക കണക്കുകളനുസരിച്ച് ലോകകപ്പ് ഫുട്‌ബോള്‍ ദിനങ്ങളില്‍ കൂടുതല്‍പ്പോരും ഫാഷന്‍, വീട്, ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നു. എന്നാല്‍ ഇതിനു കാരണം അവരുടെ പണം പബിലും ബാറിലും ചെലവഴിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ്

ഫാഷന്‍ വസ്ത്രവ്യാപാരമേഖലയെയും ഫുട്‌ബോള്‍ജ്വരം കലശലായി ബാധിച്ചു. വെയ്സ്റ്റ് കോട്ട് വില്‍പ്പന ഇടിഞ്ഞതായി പ്രമുഖ വസ്ത്രവ്യാപാര ചില്ലറവില്‍പ്പന ബ്രാന്‍ഡായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സെര്‍ വ്യക്തമാക്കി. ജൂണിലെ ഭക്ഷ്യേതര വില്‍പ്പനയില്‍ 0.5 ശതമാനം ഇടിവു രേഖപ്പെടുത്തിയതായി ഒഎന്‍എസ് പറഞ്ഞു. കടുത്ത ചൂടിനൊപ്പം ഫുട്‌ബോള്‍ ലോകകപ്പും ഉപഭോക്താക്കളെ വിപണികളില്‍ നിന്ന് അകറ്റിയതായി ഇന്‍ഫിനോക്‌സിന്റെ വില്‍പ്പനവിഭാഗം മേധാവി ജേക്കബ് ഡെപ് വിലയിരുത്തുന്നു. ലോകകപ്പ് വേളയില്‍ ലാഭം കൊയ്തവരെയും നഷ്ടം നേരിട്ടവരെയും ഇങ്ങനെ വേര്‍തിരിക്കാം.
മദ്യശാലകളിലെ കച്ചവടം- 150.3%ത്തിലധികം
ക്ലബ്ബുകളിലെ കച്ചവടം- 59.1%ത്തിലധികം
ടാക്‌സി- 18.9%ത്തിലധികം
ഭക്ഷ്യലോറികള്‍- 18.2%ത്തിലധികം
പലചരക്ക്- 17.2%ത്തിലധികം
ഔട്ടഡോര്‍ മാര്‍ക്കറ്റ്- 14.3%ത്തിലധികം
ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റ്- 13.5%ത്തിലധികം
വിനോദവ്യവസായം- 13.0%ത്തിലധികം
പാഴ്‌സല്‍ ഡെലിവറി- 8.1%ത്തിലധികം
കഫെകളും ഹോട്ടലുകളും- 7.3%ത്തിലധികം
വിദ്യാഭ്യാസമേഖല- 1.3 %ത്തിലധികം
അതേസമയം, ഫിറ്റ്‌നസ്, ആരോഗ്യക്ഷേമം, സ്പാ എന്നീ ശരീരസംരക്ഷണമേഖലകളില്‍ 99 ശതമാനത്തിലധികം ഇടിവാണു രേഖപ്പെടുത്തിയത്.

റീറ്റെയ്ല്‍ വാപാരരംഗം വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫുട്‌ബോള്‍ ജ്വരം അപ്രതീക്ഷിതമായ ആഘാതമേല്‍പ്പിച്ചിരിക്കുന്നതെന്നോര്‍ക്കണം. കെന്റ് നഗരത്തില്‍ 1980കളില്‍ പണിത ഒരു പാര്‍ക്ക് മാളില്‍ മൂന്നിലൊരു സ്റ്റോറും ഒഴിഞ്ഞുകിടക്കുകയാണ്. അതില്‍ പതിച്ചുകിട്ടിയ ചാരിറ്റി ഷോപ്പുകള്‍ പോലും അതിജീവനത്തിനു കഷ്ടപ്പെടുന്നു. ഇംഗ്ലണ്ടിലെ വടക്കുകിഴക്കന്‍ പട്ടണങ്ങളിലും വടക്കുപടിഞ്ഞാറന്‍ നഗരങ്ങളിലുമായി ദീര്‍ഘകാലം ഒഴിഞ്ഞുകിടക്കുന്ന കടകളുടെ ഉടമസ്ഥര്‍ക്ക് ആഷ്‌ഫോര്‍ഡ് കൗണ്‍സിലിനോട് തര്‍ക്കിക്കാനാകും. കാരണം ഈ ഷോപ്പുകള്‍ക്ക് സ്വാഭാവികമായി ചില ഗുണങ്ങളുണ്ട്. ഹൈ സ്പീഡ് റെയില്‍ ലൈന്‍ ഇതിലൂടെ പോകുന്നതിനാല്‍ ലണ്ടന്‍ നഗരകേന്ദ്രത്തിലേക്ക് അര മണിക്കൂര്‍ യാത്രയേ വേണ്ടി വരുന്നുള്ളൂ. പാരിസില്‍ രണ്ടു മണിക്കൂറിനുള്ളിലെത്താം. ഇവിടെ റിയല്‍ എസ്‌റ്റേറ്റ് വില കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്.

അതേ സമയം ഫുട്‌ബോളുമായി ബന്ധപ്പെട്ട മറ്റു ബിസിനസുകള്‍ക്ക് മികച്ച വളര്‍ച്ച ഉണ്ടാകുകയും ചെയ്തിരിക്കുന്നു. ഉദാഹരണത്തിന് വാതുവെപ്പ്. ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നാടായ ബ്രിട്ടണില്‍ വന്‍ലാഭകരമായ മാറിയിരിക്കുന്ന ഇടപാടാണിത്. പന്തയ വ്യവസായം പൂര്‍വ്വാധികം ആവേശം വിതറിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. വാതുവെപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ ഇത്തവണ ഓണ്‍ലൈനിലും മല്‍സരം വര്‍ധിപ്പിക്കുകയും നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്തു വരുന്നു.

വാതുവെപ്പ് വന്‍ ബിസിനസായി മാറിയതായി ലണ്ടനിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കെപിഎംജിയുടെ മേധാവി വില്‍ ഹോക്ലി അഭിപ്രായപ്പെടുന്നു. ഒട്ടേറെപ്പേര്‍ ഈ അവസരത്തെ പ്രത്യാശയോടെ കാണുന്നുണ്ട്. ഇത് ഉടനെ തന്നെ 20 ബില്യണ്‍ ഡോളര്‍ വരുമാനം നേടിത്തരാന്‍ പോകുന്നില്ല. ഓരോ പ്രദേശങ്ങളും നിയമമിറക്കുമ്പോഴേക്കും ഒട്ടേറെ സമയമെടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടണില്‍ വാതുവെപ്പുകേന്ദ്രങ്ങള്‍ സര്‍വ്വസാധാരണമാണ്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള നിയമങ്ങളാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശികമായ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കൂടിയാകുമ്പോള്‍ ഇത് കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് പന്തയം ആസൂത്രണം ചെയ്യുന്ന ബ്രിട്ടീഷ് കമ്പനികള്‍ ആശങ്കപ്പെടുന്നത്.

പന്തയവ്യവസായം അമേരിക്കയില്‍കൂടി നിയമപരമായി അംഗീകരിക്കപ്പെട്ടതോടെ ബ്രിട്ടീഷ് കമ്പനികള്‍ക്കിത് ചാകരക്കാലമായിരുന്നു. യുഎസിലെ ചില പ്രദേശങ്ങളില്‍ വാതുവെപ്പിന് നിയമപരമായ അംഗീകാരം ലഭിച്ചതോടെ പന്തയക്കാരുടെ പറുദീസയായ ബ്രിട്ടണില്‍ നിന്ന് നിരവധി കമ്പനികള്‍ അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറി. ന്യൂജേഴ്‌സിയിലും ഡെലാവേറിലും ലോകകപ്പിനു മുന്നോടിയായി ജൂലൈ ആദ്യവാരം വാതുവെപ്പ് നിയമം പ്രാബല്യത്തിലായതോടെ കായിക മല്‍സരങ്ങളിലെ പന്തയം അമേരിക്കയില്‍ കുറ്റകരമല്ലാതായി.

വാതുവെപ്പിന് നിയമപരമായ തടസങ്ങളില്ലെന്ന കഴിഞ്ഞ മാസത്തെ സുപ്രീംകോടതി പ്രഖ്യാപനത്തോടെയാണ് മാറ്റങ്ങളുണ്ടായത്. നെവാദ സ്റ്റേറ്റിനു പുറത്തുള്ള പ്രദേശങ്ങളെ വാതുവെപ്പില്‍ നിന്നു തടയുന്ന 1992-ലെ നിയമമാണ് കോടതി എടുത്തുകളഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാണ് നിയമമെന്നു കോടതി കണ്ടെത്തി. എന്നാല്‍ വാതുവെപ്പിനെ നിയമപരമായി അംഗീകരിക്കാന്‍ കോടതി തയാറായില്ല. സമക്ഷത്തു നിന്ന് ഇക്കാര്യം നിയമനിര്‍മാണ സഭയ്ക്കു വിട്ടു കൊടുക്കുകയായിരുന്നു. സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ വാതുവെപ്പ് അംഗീകരിച്ച് നിയമങ്ങള്‍ പാസാക്കി.

നിയമവിരുദ്ധ വാതുവെപ്പ് വ്യവസായത്തിന്റെ വ്യാപ്തി വളരെ വലുതായിരുന്നു. 500 ബില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം വാതുവെപ്പുകാര്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഔദ്യോഗിക ഇടപാടല്ലാത്തതിനാല്‍ ഇതിനു രേഖകളില്ല. അതിനാല്‍ ഇതിന്റെ വലുപ്പം കൃത്യമായി കണക്കാക്കാനും പ്രയാസം. വാതുവെപ്പിനെ നിയമത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടു വരണമെന്ന് തീരുമാനത്തിലേക്കു നയിച്ചതും ഈ വസ്തുതയാണ്. ഏഷ്യയിലാണ് വാതുവെപ്പിലൂടെ ഏറ്റവും വലിയ വരുമാനം നേടുന്നതെന്ന് നിഗമനം. കായികമല്‍സരങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത അമേരിക്കയിലും പന്തയ വ്യവസായം ആവേശം വിതറുന്നു. യുഗത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന അവസരമായാണ് പുതിയ വിപണിയെ അമേരിക്കന്‍ വ്യവസായ രംഗം കാണുന്നത്.

കോടതി പ്രഖ്യാപനത്തോടെ ഗെയിമുകളില്‍ നിന്നു കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ കമ്പനികള്‍ തീരുമാനമെടുത്തു. നിയമപ്രാബല്യം കൂടി ആയതോടെ കമ്പനി ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ഊര്‍ജ്ജിതമായി. ലൈസന്‍സ് എവിടെ, എങ്ങനെ, ആര്‍ക്കെല്ലാം കൊടുക്കണം, ഏതെല്ലാം കളികള്‍ക്ക് പന്തയത്തിന് അനുവാദം നല്‍കാം, വിപണിക്കനുസരിച്ചുള്ള വലിയ വാതുവെപ്പ് എവിടെ തുറക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ ഉയരാന്‍ തുടങ്ങി. ഇതില്‍ നിന്നു ലഭിക്കാവുന്ന വാര്‍ഷികവരുമാനം 4.2 ബില്യണ്‍ ഡോളര്‍ മുതല്‍ 20 ബില്യണ്‍ ഡോളര്‍ വരെയാണെന്ന് അമേരിക്കന്‍ ഗെയിമിംഗ് അസോസിയേഷനു വേണ്ടി കഴിഞ്ഞവര്‍ഷം പഠനം നടത്തിയ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Slider
Tags: Football