ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികളില്‍ വന്‍ വര്‍ധന

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പരാതികളില്‍ വന്‍ വര്‍ധന

ന്യൂഡെല്‍ഹി: കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായി ഉപഭോക്താക്കള്‍ നല്‍കിയ പരാതികളില്‍ 1500 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍. 2013-14 കാലഘട്ടത്തില്‍ 5204 ആയിരുന്ന പരാതികള്‍ 2017-18 ആയപ്പോഴേക്കും 78,000 നും മുകളിലെത്തിയതായിട്ടാണ് ഉപഭോക്തൃ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍.

വ്യാജ ഉല്‍പ്പന്നങ്ങള്‍, തകരാറു പറ്റിയവ, നിലവാരമില്ലാത്തവ, റീഫണ്ട് ലഭിക്കുന്നതിലുള്ള കാലതാമസം എന്നിവ സംബന്ധിച്ചാണ് പരാതികളില്‍ ഭൂരിഭാഗവും ലഭിക്കുന്നത്. 22 ശതമാനവും റീഫണ്ട് ലഭിക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ചുള്ളവയാണെന്നാണ് മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ആകെ പരാതികളില്‍ ഉല്‍പ്പന്നങ്ങളുടെ തകരാറു സംബന്ധിച്ചവ 17 ശതമാനമാണ്. സേവനത്തിലെ കാര്യക്ഷമതയില്ലായ്മ, ഡെലിവറി സേവനത്തിനെടുക്കുന്ന കാലതാമസം, തെറ്റായ ഉല്‍പ്പന്നം നല്‍കല്‍ എന്നിവയാണ് മറ്റ് പരാതികള്‍. പല കമ്പനികളും പണം ഈടാക്കിയതിനുശേഷം വാഗ്ദാനം ചെയ്ത സേവനം നല്‍കുന്നില്ല. കൂടാതെ പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഉപഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കുന്നതിനുള്ള സൗകര്യം നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇത്തരത്തിലുള്ള ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി രാജ്യത്ത് ഒരു ദേശീയ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെയും സമീപിക്കാവുന്നതാണ്. എന്നാല്‍ ആരും പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ ആഗ്രഹിക്കുന്നില്ല. കോടതി വ്യവഹാരങ്ങള്‍ക്കെടുക്കുന്ന കാലതാമസവും ബുദ്ധിമുട്ടുമാണ് ഉപഭോക്താക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉപഭോക്തൃ സംരക്ഷണ ബില്‍ 2018 ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ വാണിജ്യ രംഗത്തെ ഇത്തരത്തിലുള്ള തെറ്റായ പ്രവണതകള്‍ തടയുന്നതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി എന്ന ഒരു ഉദ്യോഗസ്ഥ സമിതി നിയമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Compalints