ഡിജിറ്റില്‍ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ ശക്തിയെ അടിവരയിടുന്ന പരമ്പരക്കു നെറ്റ്ഫഌക്‌സില്‍ തുടക്കം

ഡിജിറ്റില്‍ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ ശക്തിയെ അടിവരയിടുന്ന പരമ്പരക്കു നെറ്റ്ഫഌക്‌സില്‍ തുടക്കം

ഒരു അമേരിക്കന്‍ വിനോദ കമ്പനിയാണു നെറ്റ്ഫ്ലിക്സ് എന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഓണ്‍ലൈനായി മീഡിയ സ്ട്രീമിംഗ്, വീഡിയോ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ആണ് കമ്പനി നല്‍കുന്നത്. നെറ്റ്ഫ്ലിക്‌സിന് ലോകമെമ്പാടും 109.25 ദശലക്ഷം വരിക്കാരുണ്ട്.

നെറ്റ്ഫ്‌ളിക്‌സിലെ ആദ്യത്തെ ഇന്ത്യന്‍ പരമ്പരയായ ‘സേക്രഡ് ഗെയിംസ് ‘ ജൂലൈ ആറാം തീയതി റിലീസ് ചെയ്തതോടെ നെറ്റിസണ്‍സ് (ഇന്റര്‍നെറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍), ട്രേഡ് അനലിസ്റ്റുകള്‍, പ്രേക്ഷകര്‍ തുടങ്ങിയവരെല്ലാം ആവേശഭരിതരാണ്. അതോടൊപ്പം ഇന്റര്‍നെറ്റ് യുഗത്തില്‍ ‘വിനോദം ഉപഭോഗം ചെയ്യുക’ എന്നതു കൊണ്ടാണ് എന്താണ് ഉദ്ദേശിക്കുന്നതെന്നും അത് ഇന്ത്യയില്‍ ഫിലിം മേക്കിംഗ് എന്ന പ്രക്രിയയെ എപ്രകാരം ബാധിക്കുമെന്ന വിഷയത്തിലും ചര്‍ച്ച നടക്കുകയാണ്. സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന അപ്രിയമായവയ്ക്കു മേല്‍ കത്രിക വീഴുന്നത് പതിവായിരിക്കുന്ന കാലത്ത് നെറ്റ്ഫഌക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വരവോടെ വന്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ രംഗത്തുള്ള നിരീക്ഷണ സമിതിയാണു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്‌സി). ദീര്‍ഘകാലമായി സിബിഎഫ്‌സി ഇന്ത്യന്‍ സിനിമയുടെ ‘കാവല്‍ നായ്’ എന്ന വിശേഷണം വഹിക്കുന്നുമുണ്ട്. ഏതൊരു കലാരൂപവും പ്രദര്‍ശിപ്പിക്കണമെങ്കില്‍ സിബിഎഫ്‌സിയുടെ അനുമതി ലഭിക്കണം. എന്നാല്‍ നെറ്റ്ഫഌക്‌സില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ സിബിഎഫ്‌സിയുടെ അനുമതി ആവശ്യമില്ല.

സിബിഎഫ്‌സിക്കു നിയന്ത്രിക്കാന്‍ സാധിക്കുന്നത് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന അല്ലെങ്കില്‍ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന കലാസൃഷ്ടികളുടെ ഉള്ളടക്കങ്ങളെ മാത്രമാണ്.

നെറ്റ്ഫഌക്‌സ് പോലുള്ള സ്വതന്ത്ര ഡിജിറ്റല്‍ ലോകം ഫിലിം മേക്കര്‍മാര്‍ക്ക്, ഏതെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ ആവര്‍ക്ക് ആവശ്യമുള്ളതെന്തും പ്രദര്‍ശിപ്പിക്കാനുള്ള അവസരമൊരുക്കുന്നു. ഇതിലൂടെ പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ യുഗമാണു പിറവിയെടുത്തിരിക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന ബെസ്റ്റ് സെല്ലര്‍ നോവല്‍ തന്നെയാണ് ഇപ്പോള്‍ നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ വെബ് പരമ്പരയായ സേക്രഡ് ഗെയിംസും. എട്ട് ഭാഗങ്ങളുള്ള പരമ്പര വന്‍ വിവാദങ്ങള്‍ക്കാണു തുടക്കമിട്ടിരിക്കുന്നത്. നിരവധി നിയമപ്രശ്‌നങ്ങള്‍ക്കും പരമ്പര തുടക്കം കുറിച്ചിട്ടുണ്ട്. പരമ്പരയുടെ ഡിജിറ്റല്‍ ഉള്ളടക്കം അഥവാ കണ്ടന്റ് സിബിഎഫ്‌സി പോലുള്ള നിയന്ത്രണ സമിതിക്കു കീഴില്‍ കൊണ്ടു വരണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. പക്ഷേ ഏതെങ്കിലും ഏജന്‍സിക്ക് ഉള്ളടക്കം നിയന്ത്രിക്കാന്‍ സാധ്യമാണോ ? അതോ പ്രാവര്‍ത്തികമാണോ ? ഇന്റര്‍നെറ്റിലെ ഏതു തരത്തിലുള്ള ഉള്ളടക്കമാണെങ്കിലും അല്ലെങ്കില്‍ കണ്ടന്റ് ആണെങ്കിലും സെന്‍സര്‍ ബോര്‍ഡിന് അവ നിയന്ത്രിക്കാന്‍ അധികാരമില്ല. അവ തീര്‍ത്തും സ്വകാര്യ ഉപയോഗത്തിനുള്ളതാണെന്നു സിബിഎഫ്‌സി അംഗം വാണി ത്രിപാഠി പറയുന്നു. സിബിഎഫ്‌സിക്കു നിയന്ത്രിക്കാന്‍ സാധിക്കുന്നത് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന അല്ലെങ്കില്‍ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്ന കലാസൃഷ്ടികളുടെ ഉള്ളടക്കങ്ങളെ മാത്രമാണ്. ഒരാള്‍ തന്റെ സെല്‍ഫോണില്‍, സ്വകാര്യതയ്ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ കാണുന്നത് നിയന്ത്രിക്കാനുള്ള അധികാരം സിബിഎഫ്‌സിക്ക് ഇല്ലെന്നും അവര്‍ പറയുന്നു.

ആഗോളതലത്തിലുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു എന്ന നിലയില്‍ നോക്കുമ്പോള്‍ സേക്രഡ് ഗെയിംസ് ഒരു വിപ്ലവമാണ് അഥവാ ഗെയിം ചേഞ്ചറാണെന്നു വാണി ത്രിപാഠി പറയുന്നു. 70 എംഎം, 35 എംഎം, 21- ഇഞ്ച് സ്‌ക്രീനില്‍ മാത്രം ഒതുങ്ങുന്നതല്ല, പകരം അഞ്ച് ഇഞ്ച് മാത്രമുള്ള സ്‌ക്രീനില്‍ സേക്രഡ് ഗെയിംസിന്റെ ഉള്ളടക്കം ലഭ്യമാണെന്നു തിരിച്ചറിയുമ്പോള്‍ അക്കാര്യം നമ്മളെ ശക്തിപ്പെടുത്തുന്നുണ്ട്, എന്നാല്‍ അതോടൊപ്പം ഭയപ്പെടുത്തുന്നുമുണ്ടെന്നും അവര്‍ പറയുന്നു. നെറ്റ്ഫഌക്‌സ് പ്രവര്‍ത്തനം ഇന്ന് 190 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു. ഈ രാജ്യങ്ങളിലെല്ലാം സേക്രഡ് ഗെയിംസ് വീക്ഷിക്കാനാവും. അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്‌വാനെ എന്നിവരാണ് ഈ പരമ്പരയുടെ സംവിധായകര്‍. സെന്‍സര്‍ ബോര്‍ഡുമായുള്ള ഈ രണ്ട് പേരുടെയും ബന്ധം അത്ര സുഖകരമല്ല. മുന്‍പ് ഇരുവരും ബോര്‍ഡുമായി തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ളവരുമാണ്. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലാത്ത നെറ്റ്ഫഌക്‌സിലൂടെ ഇവര്‍ സംവിധാനം ചെയ്ത കലാസൃഷ്ടി റിലീസ് ചെയ്തിരിക്കുന്നത്. ‘ ഒരു സ്ട്രീമിംഗ് സര്‍വീസിനോട് ഇണങ്ങാനുള്ള കഴിവ് നിങ്ങള്‍ നേടുമ്പോള്‍, നിങ്ങള്‍ക്കു കൂടുതല്‍ വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധിക്കും, കൂടുതല്‍ ആഴത്തിലുള്ള സ്റ്റഫ് എഴുതാന്‍ നിങ്ങള്‍ക്കു കഴിയും, എല്ലാം മൂന്ന് മണിക്കൂറിനുള്ളില്‍ പരിമിതപ്പെടുത്തേണ്ട സാഹചര്യവും വരില്ല’ സംവിധായകന്‍ വിക്രമാദിത്യ മോട്ട്‌വാനെ പറയുന്നു. 190-ാളം രാജ്യങ്ങളില്‍ സേക്രഡ് ഗെയിംസ് ലഭ്യമാകുന്ന സാഹചര്യം വരുന്നതിലൂടെ ഇന്ത്യന്‍ പ്രമേയങ്ങള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്നും വിക്രമാദിത്യ പറയുന്നു.പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രമേയം, എരിവുള്ള തിരക്കഥ, മികച്ച സംവിധാനം, കലര്‍പ്പില്ലാത്ത പ്രകടനം തുടങ്ങിയവ കൊണ്ട് സേക്രഡ് ഗെയിംസ് നിരൂപകരുടെ പ്രശംസ ഇതിനോടകം നേടി കഴിഞ്ഞു. അതോടൊപ്പം സേക്രഡ് ഗെയിംസിന് രൂക്ഷമായ വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ട്. നിരര്‍ത്ഥകപദങ്ങളുടെ അമിത പ്രയോഗവും, ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത വിധമുള്ള പ്രണയരംഗങ്ങളുമാണു വിമര്‍ശനങ്ങള്‍ക്കു വിധേയമായിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും, സേക്രഡ് ഗെയിംസ് എന്റര്‍ടെയ്ന്‍മെന്റിനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നു എന്ന കാര്യം ഉറപ്പ്. ഇതിന്റെ വിജയം സമാന ഓണ്‍ലൈന്‍ സംരംഭങ്ങള്‍ക്കു വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല.

ഇന്ത്യന്‍ സിനിമാ രംഗത്തെ അംഗീകരിക്കപ്പെട്ട നടീ നടന്മാരാണ് സേക്രഡ് ഗെയിംസില്‍ അഭിനയിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ സര്‍താജ് സിംഗ് എന്ന കഥാപാത്രത്തെയാണ് വെബ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സെയ്ഫിനൊപ്പം നവാസുദ്ദീന്‍ സിദ്ദീഖി, രാധിക ആപ്‌തേ, നീരജ് കഭി, ആമിര്‍ ബഷീര്‍, സുര്‍വീന്‍ ചാവ്‌ല, ഗീതാഞ്ജലി ഥാപ തുടങ്ങിയവരും വേഷമിടുന്നുണ്ട്. അനുരാഗ് കശ്യപിനൊപ്പം, വിക്രമാദിത്യ മോട്ട്‌വാനെയാണ് ഈ പരമ്പരയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Netflix