ആന്ധ്രയെ ഇന്ത്യയുടെ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റും : എന്‍ ചന്ദ്രബാബു നായ്ഡു

ആന്ധ്രയെ ഇന്ത്യയുടെ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റും : എന്‍ ചന്ദ്രബാബു നായ്ഡു

ന്യൂഡെല്‍ഹി: ആന്ധ്രാപ്രദേശിനെ ഇന്ത്യയുടെ ഇന്നൊവേഷന്‍ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. സംസ്ഥാന തലസ്ഥാന നഗരിയായ അമരാവതിയില്‍ താമസത്തിനായി പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും തമ്മിലുള്ള അന്തുലിതാവസ്ഥ ഇല്ലാതാക്കി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ഒന്‍പത് ‘ഹാപ്പി നഗരങ്ങള്‍’ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ആന്ധ്രാപ്രദേശ് : ദ എമര്‍ജിംഗ് ഹബ്ബ് ഓഫ് ഇന്ത്യന്‍ മീഡിയ’ എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഡെല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക തലത്തിലും സേവനതലത്തിലും മികച്ച നിലവാരത്തിലാകും മീഡിയ സിറ്റി, ഗവണ്‍മെന്റ് സിറ്റി, ജസ്റ്റിസ് സിറ്റി, ഫിനാന്‍സ് സിറ്റി, നോളെജ് സിറ്റി, ടൂറിസം സിറ്റി, ഇലക്ട്രോണിക് സിറ്റി, സ്‌പോര്‍ട്‌സ് സിറ്റി എന്നിങ്ങനെ എന്നീ ഒന്‍പത് നഗരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക. സിനിമ-ടിവി, അനിമേഷന്‍-വിഎഫ്എക്‌സ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ്,-സാമൂഹ്യമാധ്യമം, ടെലികോം എന്നിങ്ങനെ നാലു മേഖലകളിലാകും അമരാവതി മീഡിയ സിറ്റി ശ്രദ്ധകേന്ദ്രീകരിക്കുക. കാന്‍ ചലച്ചിത്രോല്‍സവം, ഗ്രാമി അവാര്‍ഡ്‌സ് തുടങ്ങിയ രാജ്യാന്തര പരിപാടികള്‍ക്ക് വേദിയാകാന്‍ കഴിയുന്ന രീതിയില്‍ ലോകോത്തര നിലവാരത്തിലാകും പദ്ധതി പൂര്‍ത്തിയാക്കുക.

താമസിക്കാനും ജോലി ചെയ്യാനും രാജ്യത്തെ ഏറ്റവും അനുയോജ്യമായ സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അമരാവതി ഇന്നൊവേഷന്‍ വാലി സംസ്ഥാനത്തിന്റെ ഇന്നൊവേഷന്‍ തലസ്ഥാനമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രയെ നിക്ഷേപക കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിവരിച്ചു. സംസ്ഥാനത്തിന്റെ വിഭജനത്തോടെയുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനെപ്പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു.

അമരാവതി ഇന്ത്യയുടെ പ്രത്യേകിച്ച്, ദക്ഷിണേന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജമേകുന്ന രാജ്യത്തെ ആദ്യത്തെ ഭാവി നഗരമായിരിക്കുമെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് ലീഡര്‍ഷിപ്പ് ഡയറക്റ്റര്‍ വികാസ് ശര്‍മ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി നഗരം മാറുമെന്നും അമരാവതിയിയുമായി സഹകരിക്കുന്നതിനും നഗരത്തില്‍ നിക്ഷേപം നടത്തുന്നതിനും മറ്റ് രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs, Slider