ക്യാംപസിന്റെ വിശപ്പടക്കി ‘ക്യാംപസ്ഖാന’

ക്യാംപസിന്റെ വിശപ്പടക്കി ‘ക്യാംപസ്ഖാന’

വന്‍കിട ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ സജീവമായ മെട്രോകളെ ഒഴിവാക്കി, ഗ്രാമപ്രദേശങ്ങളിലെ കോളെജുകള്‍ ലക്ഷ്യമിട്ടാണ് ക്യാംപസ്ഖാനയുടെ പ്രവര്‍ത്തനം. ഇന്‍ഡോറിനു പുറമെ അഹമ്മദാബാദിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ സംരംഭം പദ്ധതിയിടുന്നു

നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് സ്റ്റാര്‍ട്ടപ്പുകള്‍ നിരവധിയുണ്ട്. ഗ്രാമങ്ങളുടെ അവസ്ഥയാണ് ദയനീയം, പ്രത്യേകിച്ചും കോളെജുകളില്‍. ഓണ്‍ലൈന്‍ ഡെലിവെറി സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ക്യാംപസുകളുടെ വിശപ്പടക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ക്യാംപസ്ഖാന. ക്യാംപസുകളിലേക്ക് ഭക്ഷണവും, പഴവര്‍ഗങ്ങളും പലചരക്കു സാധനങ്ങളും വിതരണം ചെയ്യുന്ന ഫുഡ്‌ടെക് സംരംഭമാണിത്.

അമിത് രഞ്ചന്‍, മോണിക ദുവ എന്നിവര്‍ ചേര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ സംരംഭം ഇന്ത്യയിലെ ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള കോളെജുകള്‍ ലക്ഷ്യമിട്ടാണ് തുടക്കം കുറിച്ചത്. സൊമാറ്റോ, സ്വിഗ്ഗി പോലെയുള്ള വന്‍കിട ഫുഡ് സ്റ്റാര്‍ട്ടപ്പുകളുടെ വിതരണ ശൃംഖല മെട്രോ നഗരങ്ങളില്‍ സുലഭമായിരിക്കെ ഗ്രാമ പ്രദേശങ്ങളിലെ കോളെജുകള്‍ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാംപസ്ഖാനയുടെ പ്രവര്‍ത്തനം.

സംരംഭത്തിന്റെ തുടക്കം ഐഐഎമ്മില്‍

ഐഐഎം ഇന്‍ഡോര്‍ ക്യാംപസില്‍ ഭക്ഷണവും മറ്റും വിതരണം ചെയ്തുകൊണ്ടാണ് ക്യാംപസ്ഖാന മേഖലയില്‍ തുടക്കം കുറിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷം മുമ്പാണ് പഴങ്ങളും പലചരക്ക് സാധാനങ്ങളും കൂടി ഉള്‍പ്പെടുത്തി പ്ലാറ്റ്‌ഫോം വിപുലീകരിച്ചത്. നിലവില്‍ അഞ്ചോളം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഈ സംരംഭത്തിന്റെ നിരന്തര സേവനം എത്തുന്നുണ്ട്.

” ഉപഭോക്താക്കളുടേയും റെസ്‌റ്റൊറന്റ്, പലചരക്ക്, പഴവര്‍ഗ സ്റ്റോറുകളുടേയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ശൃംഖലയാണ് ഞങ്ങളുടെ സംരംഭം. ഗുണമേന്‍മ ഉറപ്പു വരുത്താനും ഉപഭോക്തൃ അനുഭവങ്ങള്‍ പങ്കുവെക്കാനും ഞങ്ങള്‍ക്ക് സ്വന്തമായി ഡെലിവറി ഏജന്റുമാര്‍ ഉണ്ട്,” അമിത് രഞ്ചന്‍ പറയുന്നു.

മെഡിക്കല്‍ കോളെജില്‍ പഠിക്കുന്ന അമിതിന്റെ സഹോദരിക്ക് ജന്മദിനത്തില്‍ കേക്ക് ഓര്‍ഡര്‍ ചെയ്യാനുണ്ടായ ബുദ്ധിമുട്ടാണ് ഇത്തരമൊരു സംരംഭം തുടങ്ങാനുള്ള ആശയം നല്‍കിയത്. തുടര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നടത്തിയ ചര്‍ച്ചയിലൂടെ പുതിയ സംരംഭത്തിന് അടിത്തറ പാകി. ഐഐഎം ഇന്‍ഡോറില്‍ എംബിഎ കോഴ്‌സ് പഠിക്കുന്നതും മുന്‍കാല സഹപ്രവര്‍ത്തകയുമായ മോണിക ദുവയുമായി ചേര്‍ന്നാണ് അമിത് ക്യാംപസ്ഖാനയ്ക്ക് തിരശീല ഉയര്‍ത്തിയത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറായ അമിത് സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്ലോഗര്‍ കൂടിയാണ്. ബിസിനസ് അനലിസ്റ്റ്, പ്രോഡക്റ്റ് മാനേജര്‍ എന്നീ നിലകളില്‍ വിവിധ രംഗത്ത് പരിചയസമ്പത്തുള്ള ഈ യുവ സംരംഭകന്‍ തന്റെ ബിസിനസ് കരിയറിനു കൂടുതല്‍ പിന്‍ബലം നല്‍കാന്‍ എംബിഎ പഠിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണിപ്പോള്‍.

വെല്ലുവിളികള്‍

തുടക്കത്തില്‍ 20 ഓളം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റ് തയാറാക്കിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രധാനമായും കുറഞ്ഞത് 1000 കുട്ടികളെങ്കിലും ക്യാംപസില്‍ സ്ഥിരമായി താമസിക്കുന്ന എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് കോളെജുകളെയാണ് അവര്‍ ലക്ഷ്യമിട്ടത്. ഐഐഎമ്മുകളില്‍ തന്നെ ഐഐഎം ഇന്‍ഡോറില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്കു പുറമെ ഇന്റഗ്രേറ്റഡ് പ്രോഗാമുകളുമുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ സംരംഭം ഐഐഎം ഇന്‍ഡോറില്‍ നിന്നാരംഭിക്കാന്‍ ഇടയാക്കി. മറ്റ് പല ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇതിനു സമീപത്തുള്ളതും ക്യാംപസ്ഖാനയ്ക്ക് പിന്തുണയേകി. ” ഉച്ചയ്ക്കും രാത്രിയിലുമാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഈ പീക്ക് ടൈമില്‍ സ്റ്റാഫിന്റെ എണ്ണം പരമാവധി കൂട്ടിക്കൊണ്ട് ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുത്തു, പിന്നീട് പലചരക്ക് പഴവര്‍ഗ വിതരണത്തിലേക്കും ബിസിനസ് വ്യാപിപ്പിച്ചതോടെ മേഖലയില്‍ മുന്‍തൂക്കം ലഭിക്കുകയും ചെയ്തു, ” അമിത് പറയുന്നു.

മല്‍സരാധിഷ്ഠിത ഫുഡ്‌ടെക് മേഖല

കടുത്ത മല്‍സരം നേരിടുന്ന മേഖലകളില്‍ ഒന്നാണ് ഫുഡ്‌ടെക്. ഇന്ന് ഹോം മെയ്ഡ് ഫുഡ് തയാറാക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധേയമായി വരുന്നു. ആളുകള്‍ തങ്ങളുടെ ആരോഗ്യവശത്തെ കുറിച്ച് കൂടുതല്‍ ജാഗരൂകരാകുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണം. ഹോളാഷെഫ്, ഇന്നര്‍ഷെഫ്, റോക്കറ്റ്‌ഷെഫ്, സൂപ്പര്‍മീല്‍, കിച്ചണ്‍സ് ഫുഡ്, സൈബര്‍ഷെഫ് എന്നിവര്‍ ഈ മേഖലയില്‍ സാന്നിധ്യമറിയിച്ചവരാണ്.

ഭാവി പദ്ധതികള്‍

ഇന്‍ഡോറിനു പുറമേ അഹമ്മദാബാദിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ മുമ്പ് ക്യാംപസ്ഖാന ഉച്ചഭക്ഷണം ലഭ്യമാക്കിയതുപോലെ ഫാസ്റ്റ്ഫുഡ് സേവനത്തിനായി ഒരു ക്ലൗഡ്കിച്ചണ്‍ സേവനത്തിന് തുടക്കമിടാനും ആലോചനയുണ്ട്.

 

Comments

comments

Categories: FK Special, Slider
Tags: Startup