25% എടിഎമ്മുകള്‍ സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍

25% എടിഎമ്മുകള്‍ സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍

 

 

74 ശതമാനത്തോളം മെഷീനുകളിലും കാലഹരണപ്പെട്ട സോഫ്റ്റ്് വെയറുകള്‍; ഒരു വര്‍ഷത്തിനിടെ 25,000 പരാതികള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളില്‍ 25 ശതമാനം സുരക്ഷിതമല്ലെന്നും തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളുമായാണ് പൊതുമേഖലാ ബാങ്കുകളുടെ 74 ശതമാനത്തോളം എടിഎം മെഷീനുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് മുമ്പാകെ വ്യക്തമാക്കിയത്. എടിഎമ്മുകളില്‍ പലതും തട്ടിപ്പിനിരയാകാന്‍ സാധ്യതയുള്ളതും അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമുള്ളവയുമാണ്. അതേസമയം സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ എടിഎം സുരക്ഷിതത്വത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

2017 ജൂലൈ മാസത്തിനും ഇക്കഴിഞ്ഞ ജൂണിനും ഇടയിലുള്ള കാലയളവില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട് 25,000 ഓളം പരാതികളാണ് ബാംങ്കിംഗ് ഓംബുഡ്‌സ്മാന് ലഭഇച്ചത്. ഇക്കാലയളിവില്‍ മൊത്തം 861 കോടി രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്തുള്ള 89 ശതമാനത്തോളം എടിഎമ്മുകളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. അടുത്ത കാലത്തായി സ്വകാര്യ മേഖലയിലെ ബാങ്കുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ടെങ്കിലും വായ്പ, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പൊതു മേഖലാ ബാങ്കുകള്‍ 70 ശതമാനത്തിലധികം ആധിപത്യം നിലനിര്‍ത്തുന്നുണ്ട്.

സമീപ മാസങ്ങളില്‍ എടിഎം സംബന്ധമായ തട്ടിപ്പുകള്‍ വര്‍ധിക്കുന്നെന്ന സൂചന നല്‍കി ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ വര്‍ധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയബന്ധിതമായി സോഫ്റ്റ് വെയറുകള്‍ നവീകരിക്കാനും സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നതിനുമുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍ബിഐ മുന്നോട്ട് വച്ച സമയപരിധി പാലിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Banking
Tags: Atm security