ജിയോയെ പ്രതിരോധിക്കാന്‍ വമ്പന്‍ ഓഫറുകളുമായി എയര്‍ടെലും ബിഎസ്എന്‍എലും

ജിയോയെ പ്രതിരോധിക്കാന്‍ വമ്പന്‍ ഓഫറുകളുമായി എയര്‍ടെലും ബിഎസ്എന്‍എലും

ബിഎസ്എന്‍എലിന് 92 ലക്ഷം ഉപഭോക്താക്കളും എയര്‍ടെലിന് 25 ലക്ഷം വരിക്കാരുമാണ് വയര്‍ ബ്രോഡ്ബാന്റ് വിഭാഗത്തില്‍ ഉള്ളത്

കൊല്‍ക്കത്ത: റിലയന്‍സ് ജിയോയുടെ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് തന്നെ ഉപഭോക്താക്കളെ തേടി ഓഫറുകളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. കേബിളുകള്‍ മുഖേന ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന രാജ്യത്തെ ഒന്നാം നിരയിലുള്ള കമ്പനിയായ ബിഎസ്എല്‍എലും രണ്ടാം സ്ഥാനത്തുള്ള എയര്‍ടെലുമാണ് ഇളവുകള്‍ നല്‍കിത്തുടങ്ങിയത്. ടെലികോം മേഖലയിലേക്ക് ജിയോയുടെ കടന്നു വരവോടെ സൃഷ്ടിക്കപ്പെട്ട യുദ്ധ സമാനമായ സാഹചര്യം വരും മാസങ്ങളില്‍ വയര്‍ ബ്രോഡ്ബാന്‍ഡ് മേഖലയിലും കാണാമെന്ന പ്രവചനം സത്യമാകുമെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ജിയോയുടെ സ്വപ്‌ന സംരംഭമായ ഫൈബര്‍ ടു ദി ഹോം (എഫ്ടിടിഎച്ച്) സേവനങ്ങള്‍ ഈ വര്‍ഷമവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.

തങ്ങളുടെ 2.5 ദശലക്ഷം വരുന്ന പരമ്പരാഗത ബ്രോഡ്ബാന്‍ഡ് വരിക്കാരെ പിടിച്ചു നിര്‍ത്താന്‍ വലിയ ഓഫറുകളാണ് ഭാരതി എയര്‍ടെല്‍ രാജ്യത്താകമാനം നല്‍കിത്തുടങ്ങിയിരിക്കുന്നത്. സെക്കന്റില്‍ 300 മെഗാബൈറ്റ് വേഗത പ്രദാനം ചെയ്യുന്ന, ആറുമാസത്തേക്കും ഒരു വര്‍ഷത്തേക്കുമുള്ള ഹോം ബ്രോഡ്ബാന്‍ഡ് പാക്ക് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് യഥാക്രമം 15 ശതമാനവും 20 ശതമാനവും വീതം ഇളവുകളാണ് കമ്പനി നല്‍കുന്നത്. കമ്പനിയുടെ സേവനം ലഭ്യമായ 89 നഗരങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത നാള്‍ വരെ ഹൈദരാബാദില്‍ മാത്രമായിരുന്നു പദ്ധതി പ്രാബല്യത്തിലുണ്ടായിരുന്നത്. ഡാറ്റ പ്ലാന്‍ അണ്‍ലിമിറ്റഡാക്കുന്ന എഫ്‌യുപി (ഫെയര്‍ യൂസേജ് പോളിസി) കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്. നേരത്തെ ഹൈദരാബാദിലെ ഹോം ബ്രോഡ്ബാന്‍ഡ് പാക്കുകളില്‍ എഫ്‌യുപി ഒഴിവാക്കിയിരുന്നു.

 

ജിയോയുടെ കടന്നുവരവ് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ തയാറല്ലെന്ന നിലപാടാണ് രാജ്യത്തെ ഏറ്റവും വലിയ വയേഡ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളായ ബിഎസ്എന്‍എല്ലും. 777 രൂപയുടെയും 1,277 രൂപയുടെയും രണ്ട് അക്രമോല്‍സുക പ്രതിമാസ എഫ്ടിടിഎച്ച് പ്ലാനുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ബിഎസ്എന്‍എല്ലിന്റെ മുന്നൊരുക്കം. യഥാക്രമം സെക്കന്റില്‍ 50 മെഗാബൈറ്റും 100 മെഗാബൈറ്റും വീതം വേഗത ഉറപ്പുനല്‍കുന്ന 500 ജിബി, 700 ജിബി ഡാറ്റയാണ് ഈ നിരക്കുകളില്‍ ബിഎസ്എന്‍എല്‍ മുന്നോട്ട് വെക്കുന്നത്. തങ്ങളുടെ 9.2 ദശലക്ഷം വരുന്ന ശക്തമായ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്തൃ അടിത്തറ നിലനിര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം. ഈ പാക്കുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വീഡിയോ കോള്‍ സൗകര്യവും ബിഎസ്എന്‍എല്‍ ഉറപ്പു നല്‍കുന്നു.

Comments

comments

Categories: Tech
Tags: Airtel, BSNL