റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം 3% വര്‍ധിച്ചു

റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം 3% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റിലയന്‍സ് പവറിന്റെ സംയോജിത അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 237.33 കോടി രൂപയായി. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 230.85 കോടി രൂപയായിരുന്നു സംയോജിത അറ്റാദായമായി കമ്പനി രേഖപ്പെടുത്തിയിരുന്നത്. അതേസമയം കമ്പനിയുടെ മൊത്തം വരുമാനം 2,370.55 കോടി രൂപയിലേക്ക് താഴ്ന്നുവെന്ന് ബിഎസ്ഇ ഫയലിംഗില്‍ റിലയന്‍സ് പവര്‍ വ്യക്തമാക്കി.

മുന്‍ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ 2752.32 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. മധ്യപ്രദേശിലെ തങ്ങളുടെ 3960 മെഗാവാട്ട് സസന്‍ അള്‍ട്രാ മെഗാ പവര്‍ പ്രോജക്റ്റ് (യുഎംപിപി) 98.2 ശതമാനം ശേഷി വിനിയോഗിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ശേഷി വിനിയോഗം( പ്ലാന്റ് ലോഡ് ഫാക്റ്റര്‍ പിഎല്‍എഫ്) ആണിത്. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ രാജ്യത്തെ 1,000 മെഗാവാട്ട് പ്ലസ് തെര്‍മല്‍ പ്ലാന്റുകള്‍ക്കിടയില്‍ സസന്‍ പ്രോജക്റ്റിന്റെ പിഎല്‍എഫ് ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും കമ്പനി പറയുന്നു.

ഉത്തര്‍പ്രദേശില്‍ കമ്പനിക്ക് കീഴിലുള്ള 1200 മെഗാവാട്ട് റോസ പവര്‍ പ്ലാന്റ് 63 ശതമാനം പിഎല്‍എഫാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ 600 മെഗാവാട്ട് ബുട്ടിബൊരി പവര്‍ പ്ലാന്റ് 45 ശതമാനം പിഎല്‍എഫിലാണ് പ്രവര്‍ത്തിപ്പിച്ചത്. രാജസ്ഥാനിലെ 40 മെഗാവാട്ട് ധുര്‍സര്‍ സോളാര്‍ പിവി പ്ലാന്റ് 21 ശതമാനം പിഎല്‍എഫും മഹാരാഷ്ട്രയിലെ വാശ്‌പേട്ടിലെ 45 മെഗാവാട്ട് വിന്‍ഡ് പ്ലാന്റ് 18 ശതമാനം പിഎല്‍എഫും രേഖപ്പെടുത്തി. രാജസ്ഥാനിലെ ധുര്‍സറിലെ 100 മെഗാവാട്ട് സിഎസ്പി പ്രോജക്റ്റ് (കോണ്‍സന്‍ട്രേറ്റഡ് സോളര്‍ പവര്‍) കഴിഞ്ഞ പാദത്തില്‍ 31 മില്യണ്‍ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചുവെന്നും കമ്പനി അറിയിച്ചു.

 

Comments

comments