സെപ്റ്റംബറോടെ രൂപയുടെ മൂല്യം 70.3ല്‍ എത്തിയേക്കും: മോര്‍ഗന്‍ സ്റ്റാന്‍ലി

സെപ്റ്റംബറോടെ രൂപയുടെ മൂല്യം 70.3ല്‍ എത്തിയേക്കും: മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി. നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഡോളറിനെതിരെ രൂപയുടെ മൂല്യം 70.3 എന്ന നിലവാരത്തിലേക്ക് താഴുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. രൂപയുടെ വിനിമയ മൂല്യത്തിന്റെ കാര്യത്തില്‍ സന്തുലിതം എന്ന കാഴ്ചപ്പാടാണ് ആഗോള ധനകാര്യ സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിക്കുള്ളത്.

അടുത്ത മാസം ഏകദേശം പകുതി വരെ യുഎസ് ഡോളര്‍ കരുത്തുക്കാട്ടി മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസ്വര വിപണികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കല്‍ (ഡെറ്റ്, ഓഹരി വിപണികളില്‍ നിന്ന്) ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ള കറന്‍സികളിലൊന്ന് രൂപയാണ്. ആഗോള അനിശ്ചിതത്വങ്ങളും രാജ്യത്തെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും കാരണം കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 69.12 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.

എന്നാല്‍, രാജ്യാന്തര വിപണിയില്‍ എണ്ണ വിതരണം വര്‍ധിക്കുന്നതിനാല്‍ എണ്ണ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിദേശ വിനിമയ വിപണിയില്‍ രൂപയ്ക്ക് അനുകൂലമാകും. പണപ്പെരുപ്പം വര്‍ധിക്കുന്നതില്‍ കേന്ദ്ര ബാങ്കിനുള്ള ആശങ്കകള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ഇടക്കാലാടിസ്ഥാനത്തില്‍ ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തുന്നതും പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കുകയും രൂപയുടെ മൂല്യത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഓഗസ്റ്റില്‍ നടക്കുന്ന അടുത്ത ധനനയ പ്രഖ്യാപനത്തില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കേന്ദ്ര ബാങ്ക് ഉയര്‍ത്തുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. ഈ മാസം 30നാണ് അടുത്ത ധനനയ അവലോകന യോഗം ആരംഭിക്കുന്നത്. ഇത്തവണയും മൂന്ന് ദിവസമാണ് യോഗം. ജൂണില്‍ നടന്ന ത്രിദിന അവലോകന യോഗത്തില്‍ പലിശ നിരക്കുകളില്‍ ആര്‍ബിഐ 25 ബേസിസ് പോയ്ന്റ് വര്‍ധന വരുത്തിയിരുന്നു. റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ലക്ഷ്യമിടുന്നത്.

 

 

 

 

 

 

 

 

Comments

comments

Categories: FK News, Slider, Top Stories