ഒമ്പത് മാസത്തിനുള്ളില്‍ 4.4 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു: ഇപിഎഫ്ഒ ഡാറ്റ

ഒമ്പത് മാസത്തിനുള്ളില്‍ 4.4 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു: ഇപിഎഫ്ഒ ഡാറ്റ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മേയ് വരെയുള്ള കാലയളവില്‍ സൃഷ്ടിക്കപ്പെട്ടത് 4,474,859 തൊഴിലുകളെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുറത്തുവിട്ട പേറോള്‍ ഡാറ്റ പറയുന്നു. അതേസമയം പുതുതായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം സംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന കണക്കുകൂട്ടലുകളില്‍ ഇപിഎഫ്ഒ കുറവു വരുത്തിയിട്ടുണ്ട്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 3,731,251 ആണെന്നാണ് പുതുക്കിയ ഡാറ്റ വ്യക്തമാക്കുന്നത്. നേരത്തെയുള്ള നിഗമന പ്രകാരം ഇത് 4,126,138 ആയിരുന്നു.

പുതിയ അംഗങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ മേയിലാണ് ഏറ്റവും വലിയ വര്‍ധന ഉണ്ടായത്. 7,43,608 ആണ് മേയ് മാസത്തിലെ പുതിയ അംഗങ്ങളുടെ എണ്ണം. 18-21 പ്രായപരിധിയിലുള്ള 2,51,526 പേരാണ് മേയ് മാസത്തില്‍ ഇപിഎഫ്ഒ അംഗങ്ങളായത്. 22-25 പ്രായ പരിധിയിലുള്ള 1,90,090 പേരും മേയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ജീവനക്കാരുടെ രേഖ പുതുക്കല്‍ തുടര്‍ച്ചയായ പ്രക്രിയ ആയതിനാലും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇവ അപ്‌ഡേറ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാലും ഇപ്പോള്‍ പുറത്തുവിടുന്നത് താല്‍ക്കാലിക വിവരങ്ങളാണെന്ന് ഇപിഎഫ്ഒ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങളും ഡാറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ സംഘടിത, അര്‍ധ സംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഇപിഎഫ്ഒ ആണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീം 1952, എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് സ്‌കീം 1976 (ഇഡിഐഎല്‍), എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995 എന്നീ മൂന്ന് സാമൂഹിക സുരക്ഷാ പദ്ധതികളാണ് ഇപിഎഫ്ഒയ്ക്ക് കീഴിലുള്ളത്. നിലവില്‍ ആറ് കോടിയിലധികം അംഗങ്ങളാണ് ഇപിഎഫ്ഒയിലുള്ളത്. ഔദ്യോഗിക പോര്‍ട്ടലില്‍ പോറോള്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് ഈ വര്‍ഷം ആദ്യം മുതലാണ് ഇപിഎഫ്ഒ ആരംഭിച്ചത്.

 

Comments

comments

Tags: EPFO, Jobs