തിരുവനന്തപുരം: സംസ്ഥാനത്ത് ദയാവധം അനുവദിക്കാനുള്ള മാര്‍ഗരേഖയുടെ കരട് രൂപരേഖ തയ്യാറായി. രൂപരേഖ തയ്യാറാക്കാനായി ഡോ. എം ആര് രാജഗോപാല്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് രൂപരേഖ തയ്യാറാക്കിയത്. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ലകളിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ ഡോ. എം ആര് രാജഗോപാല്‍ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
രോഗി തന്നെ മുന്‍കൂര്‍ ചികിത്സാപത്രം തയ്യാറാക്കിയിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. വില്പത്രം നടപ്പാക്കണമെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ചികിത്സയിലുള്ള ആശുപത്രി വകുപ്പ് മേധാവിയോ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കണം. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. അവര്‍ രോഗിയെ പരിശോധിച്ച് ആദ്യ ബോര്‍ഡിന്റെ നിലപാടിനോട് യോജിക്കുന്നുവോയെന്ന് വ്യക്തമാക്കണം. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം നടപ്പിലാക്കാന്‍ കഴിയൂ.
ചികിത്സിച്ച് ഭേദമാക്കാനാകാത്ത രോഗാവസ്ഥയിലുള്ളവര്‍, ദുരിതജീവിതം നയിക്കാന്‍ കഴിയാതെ വരുന്നവര്‍, ഇവര്‍ക്ക് ചികിത്സയും കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഒഴിവാക്കുന്നതിന് സുപ്രീംകോടതിയാണ് അനുമതി നല്‍കിയത്.