4,601.44 കോടി രൂപയുടെ അറ്റ ലാഭം നേടി എച്ച്ഡിഎഫ്‌സി ബാങ്ക്

4,601.44 കോടി രൂപയുടെ അറ്റ ലാഭം നേടി എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 18.17 ശതമാനം വര്‍ധിച്ച് 4,601.44 കോടി രൂപയിലെത്തിയതായി എച്ച്ഡിഎഫ്‌സി ബാങ്ക്. 4,786 കോടി രൂപയുടെ അറ്റ ലാഭം നേടാന്‍ ജൂണ്‍ പാദത്തില്‍ ബാങ്കിന് സാധിക്കുമെന്നായിരുന്നു ബ്ലൂംബെര്‍ഗ് അനലിസ്റ്റുകളുടെ പ്രവചനം. എന്നാല്‍, കിട്ടാക്കടം പരിഹരിക്കുന്നതിനായുള്ള നീക്കിയിരിപ്പ് വര്‍ധിച്ചത് ബാങ്കിന്റെ പ്രതീക്ഷിത ലാഭം ചുരുങ്ങാന്‍ കാരണമായി.

ജനുവരി മാര്‍ച്ച് പാദത്തില്‍ 4,799.28 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ പാദത്തിലെ ലാഭത്തില്‍ 4.12 ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്. കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പ് ഇക്കാലയളവില്‍ 5.7 ശതമാനം വര്‍ധിച്ച് 1,629.37 കോടി രൂപയിലെത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ 4.5 ശതമാനം വര്‍ധനയാണ് നീക്കിയിരിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അറ്റ പലിശ വരുമാനത്തില്‍ 15.40 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയുണ്ടായതായും ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. 10,813.60 കോടി രൂപ അറ്റ പലിശ വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ ബാങ്ക് നേടിയിട്ടുള്ളത്. ഇക്കാലയളവിലെ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയാസിതി (എന്‍പിഎ) അനുപാതം 1.33 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 1.24 ശതമാനവും മുന്‍ പാദത്തില്‍ 1.30 ശതമാനവുമായിരുന്നു ബാങ്കിന്റെ എന്‍പിഎ അനുപാതം. ജൂണ്‍ പാദത്തിലെ അറ്റ എന്‍പിഎ അനുപാതം 0.41 ശതമാനമാണ്. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 708,649 കോടി രൂപയുടെ വായ്പയാണ് ബാങ്ക് നല്‍കിയിട്ടുള്ളത്. മൊത്തം നിക്ഷേപം 805,785 കോടി രൂപയാണ്.

 

Comments

comments

Tags: HDFC Bank