എണ്‍പതിയെട്ട് ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു; നികുതി റിട്ടേണ്‍ ലളിതമാക്കി

എണ്‍പതിയെട്ട് ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു; നികുതി റിട്ടേണ്‍ ലളിതമാക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ 88 ഉല്‍പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. കേന്ദ്ര ധനമന്ത്രിയുടെ ചുമതലയുള്ള പീയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ സുപ്രധാന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നികുതി റിട്ടേണ്‍ ലളിതമാക്കാനും തീരുമാനിച്ചു.

ടിവി, ഫ്രിഡ്ജ് തുടങ്ങി നിരവധി വീട്ടുപകരണങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. 12 ശതമാനം നികുതി ഉണ്ടായിരുന്ന സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കി. പുതിയ നികുതി നിരക്കുകള്‍ ജൂലൈ 27 ന് പ്രാബല്യത്തില്‍ വരും.

എണ്ണായിരം കോടി മുതല്‍ പതിനായിരം കോടി വരെയാണ് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 40 ഭേദഗതികള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇവ ഇനി പാര്‍ലമെന്റ് പാസാക്കണം.

ലളിതമായ നികുതി റിട്ടേണ്‍ സമര്‍പ്പണമാണ് കൗണ്‍സിലില്‍ കൈക്കൊണ്ട പ്രധാന തീരുമാനം. അഞ്ച് കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി നാല് മാസത്തിലൊരിക്കല്‍ നികുതി റിട്ടേണ്‍ നല്‍കിയാല്‍ മതി. നിലവില്‍ എല്ലാ മാസവും നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിയിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ 29 ഉല്‍പ്പന്നങ്ങളുടെയും 2017 നവംബറില്‍ 200 ഓളം ഉല്‍പ്പന്നങ്ങളുടെയും നികുതി വെട്ടിക്കുറച്ചിരുന്നു.

Comments

comments

Tags: GST