ചൈന- യുഎഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിക്ക് ഇത്തിഹാദിന്റെ പിന്തുണ

ചൈന- യുഎഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിക്ക് ഇത്തിഹാദിന്റെ പിന്തുണ

അബുദാബി: ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പും ജിയാംഗ്‌സു പ്രൊവിന്‍ഷ്യല്‍ ഓവര്‍സീസ് കോഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡും തമ്മില്‍ പങ്കാളിത്തത്തിലേര്‍പ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ത്രിദിന യുഎഇ സന്ദര്‍ശനത്തിനിടയിലാണ് ഇത്തിഹാദ് ജിയാംഗ്‌സുവുമായി കരാറില്‍ ഏര്‍പ്പെട്ടത്.

അബുദാബിയിലെ ഖലീഫ തുറമുഖത്ത് വരുന്ന ചൈനയുഎഇ ഇന്‍ഡസ്ട്രിയല്‍ കപ്പാസിറ്റി കോഓപ്പറേഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ പാര്‍ക്കുമായി ബന്ധപ്പെട്ടാകും ഇത്തിഹാദ് ജിയാംഗ്‌സുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ചൈനയുഎഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനുള്‍പ്പടെയുള്ള ഗതാഗത സേവനങ്ങള്‍ക്കും ചരക്ക് നീക്കത്തിനും ഇത്തിഹാദ് സഹായം നല്‍കും.

ജൂലൈ 2017ലാണ് ചൈന-യുഎഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പ്രാബല്യത്തില്‍ വന്നത്. അബുദാബി പോര്‍ട്ട്‌സും ജിയാംഗ്‌സു പ്രൊവിന്‍ഷ്യല്‍ ഓവര്‍സീസ് കോഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡും തമ്മില്‍ 50 വര്‍ഷത്തേക്കാണ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ 16 ചൈനീസ് കമ്പനികളില്‍ നിന്നായി ഒരു ബില്ല്യണ്‍ ഡോളറോളം നിക്ഷേപം സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ഊര്‍ജ്ജം, അലുമിനിയം സംസ്‌കരണം, മഷിനറി മാനുഫാക്ച്ചറിംഗ്, ലോജിസ്റ്റിക്‌സ്, കെമിക്കല്‍സ്, ഫുഡ് ആന്‍ഡ് ബെവറെജസ് തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ള കമ്പനികളില്‍ നിന്നായാണ് നിക്ഷേപം എത്തിയിരിക്കുന്നത്. പദ്ധതിയുടെ മാര്‍ക്കറ്റിംഗിലും ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സഹായം നല്‍കും.

ഇത്തിഹാദിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് ചൈന. ചൈന-യുഎഇ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് ജിയാംഗ്‌സു പ്രൊവിന്‍ഷ്യല്‍ ഓവര്‍സീസ് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു.

ചൈനയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്ക് ഒരു പാലമായി വര്‍ത്തിക്കാന്‍ പുതിയ പങ്കാളിത്തത്തിലൂടെ ഇത്തിഹാദിന് സാധിക്കും. ഒരു ഏവിയേഷന്‍ ഹബ്ബെന്ന നിലയില്‍ അബുദാബി ഉയരുന്നതിനും ഇത് സഹായിക്കും. ഇതൊരു തുടക്കം മാത്രമാണ്. ഇതുപോലുള്ള നിരവധി വലിയ പദ്ധതികളിലേക്ക് ഇനിയും ഞങ്ങളുടെ സംഭാവനകള്‍ ഉണ്ടാകുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Comments

comments

Categories: Arabia, FK News, World
Tags: China, UAE