ഇ-വിസ ഫീസ് വര്‍ധന: ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന് ഓപ്പറേറ്റര്‍മാര്‍

ഇ-വിസ ഫീസ് വര്‍ധന: ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുമെന്ന് ഓപ്പറേറ്റര്‍മാര്‍

മുംബൈ: വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള ഇ-വിസയുടെ ഫീസ് 60 ശതമാനം ഉയര്‍ത്തിയ നടപടി രാജ്യത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിപ്പിച്ച് 20 മില്യണിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാവുക. വിസ ഫീസ് വര്‍ധിപ്പിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്.

ടൂറിസം വ്യവസായത്തെ അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കുള്ള ഇവിസ ഫീസ് 50 ഡോളര്‍ മുതല്‍ 80 ഡോളര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. യുഎസ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഇവിസാ ഫീസ് 75 ഡോളറില്‍ നിന്ന് 100 ഡോളറിലേക്കാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

‘വിസ നിരക്കുകള്‍ ഉയര്‍ത്തിയാല്‍ നമുക്ക് എങ്ങിനെയാണ് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാവുക? പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിന് തുല്യമാണിത്’, അസോചം ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ സുഭാഷ് ഗോയല്‍ പറയുന്നു. ഇക്കാര്യത്തില്‍ ട്രാവല്‍ വ്യവസായത്തിന്റെ പ്രതിനിധികളില്‍ നിന്ന് സര്‍ക്കാര്‍ അഭിപ്രായം തേടിയില്ലെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് മുന്‍ വൈസ് പ്രസിഡന്റ് രാജീവ് കോഹ്‌ലി പറയുന്നു. വിദേശ രാജ്യങ്ങള്‍ വിസാ ചട്ടങ്ങളില്‍ ഇളവുകള്‍ നല്‍കുകയും ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കുള്ള ചാര്‍ജുകള്‍ കുറയ്ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ അതിന് വിപരീതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരക്കുകളിലെ വര്‍ധന സംബന്ധിച്ച് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നേരത്തെ ടൂറിസം മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാദത്തില്‍ വസ്തുതയുണ്ടെന്നും പ്രശ്‌നം സര്‍ക്കാരിന്റെ മുന്നിലെത്തിക്കുമെന്നുമാണ് ടൂറിസം ജോയ്ന്റ് സെക്രട്ടറി സുമന്‍ ബില്ല വ്യക്തമാക്കിയിട്ടുള്ളത്്.

2014 നവംബര്‍ മുതലാണ് ഇവിസ സംവിധാനം ഇന്ത്യ ആരംഭിച്ചത്. പ്രാഥമിക ഘട്ടത്തില്‍ ഈ പദ്ധതിയിലൂടെ 43 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ല്‍കിയിരുന്നതെങ്കിലും പിന്നീട് 163 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകായിരുന്നു. ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ഇവിസകള്‍ നിലവില്‍ ലഭ്യമാകുന്നത്.

2017ല്‍ 10.18 മില്യണ്‍ വിദേശ സഞ്ചാരികളാണ് ഇന്ത്യയിലേക്കെത്തിയത്. തൊട്ടുമുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15.6 ശതമാനം വര്‍ധനവാണിത്. ഇവിസയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1.7 മില്യണാണ്. 2016നെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനവാണിത്. ഫീസ് വര്‍ധിക്കുന്നത് ഗൂപ്പ് ബുക്കിംഗിനെ ബാധിക്കുമെന്ന് ട്രാവല്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിദേശ വിനിമയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധിച്ച ഫീസില്‍ നിന്ന് ശേഖരിക്കുന്ന തുക വളരെ നിസാരമാണെന്നും അവര്‍ പറയുന്നു.

 

Comments

comments