ഷി ജിന്‍പിംഗിന് യുഎഇയുടെ ചുവന്ന പരവതാനി

ഷി ജിന്‍പിംഗിന് യുഎഇയുടെ ചുവന്ന പരവതാനി

യുഎഇയുമായുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുന്നതിന് രാജ്യത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് അതിഗംഭീര വരവേല്‍പ്പാണ് യുഎഇ നല്‍കിയത്. ചൈനയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുന്നതോടൊപ്പം യുഎഇയില്‍ കമ്യൂണിസ്റ്റ് രാജ്യത്തിനുള്ള സ്വാധീനം തീവ്രമാക്കുക കൂടിയാണ് ഷി ജിന്‍പിംഗിന്റെ പുതിയ തന്ത്രം

ദുബായ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് റോഡിലൂടെ ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാമെന്ന മോഹത്തിലാണ് ചൈന. അറബ് നാടുകളില്‍ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ എത്തിയ ഷി ജിന്‍പിംഗിനെ ചുവന്ന പരവതാനി വിരിച്ചാണ് യുഎഇ സ്വീകരിച്ചത്. ചൈനയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സാമ്പത്തിക അധിനിവേശ പദ്ധതികളുടെ പുതിയ ഘട്ടം കൂടിയാണിത്. കമ്യൂണിസ്റ്റ് രാജ്യവുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുക്കാന്‍ യുഎഇക്കും വലിയ താല്‍പ്പര്യമുണ്ടെന്നത് ചൈനീസ് പ്രസിഡന്റിന് അവര്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന് തന്നെ വ്യക്തം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപസര്‍വസൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദും ചൈനീസ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രസിഡന്‍ഷ്യല്‍ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച്ച എത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായം കുറിക്കുന്നതാണ് ഷി ജിന്‍പിംഗിന്റെ സന്ദര്‍ശനമെന്നാണ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് പറഞ്ഞത്. യുഎഇയുടെ വ്യോമപാതയിലേക്ക് കടന്നപ്പോള്‍ ഷിയുടെ വിമാനങ്ങള്‍ക്ക് അകമ്പടിയേകാന്‍ യുഎഇ ഫൈറ്റര്‍ ജെറ്റുകളെ അയച്ച് ആദരമറിയിച്ചുവെന്നതും ശ്രദ്ധേയമായി.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് വികസനവും സമൃദ്ധിയും സന്തോഷവും പ്രാപ്യമാക്കുന്ന രീതിയിലായിരിക്കും യുഎഇയും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടമെന്നും ഷേഖ് മുഹമ്മദ് ബിന്‍ സയിദ് ട്വീറ്റ് ചെയ്തു. നിരവധി പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളില്‍ യുഎഇക്കും ചൈനയ്ക്കും സമാനമായ നിലപാടുകളാണ് ഉള്ളതെന്ന് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞത് ശ്രദ്ധേയമായി.

യുഎഇയുടെ പ്രധാന വ്യാപാര പങ്കാളികളിയാണ് ചൈന. 2017ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തില്‍ മാത്രമുണ്ടായത് 15 ശതമാനം വര്‍ച്ചയാണ്. ഏകദേശം 55.3 ബില്ല്യണ്‍ ഡോളര്‍ വരുമിത്. ചൈനയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന 15 രാജ്യങ്ങളിലൊന്നുമാണ് യുഎഇ. കഴിഞ്ഞ വര്‍ഷം മാത്രം നാല് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന എണ്ണയാണ് യുഎഇ കമ്യൂണിസ്റ്റ് രാജ്യത്തേക്ക് കയറ്റി അയച്ചത്.

യുഎഇയുടെ പ്രധാന വ്യാപാര പങ്കാളികളിയാണ് ചൈന. 2017ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തില്‍ മാത്രമുണ്ടായത് 15 ശതമാനം വര്‍ച്ചയാണ്. ഏകദേശം 55.3 ബില്ല്യണ്‍ ഡോളര്‍ വരുമിത്

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയിലെ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ചരിത്രപരമായ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തന്നെയാണ് ഇതും പ്രഖ്യാപിച്ചത്.
ദുബായ് ക്രീക്ക് ഹാര്‍ബറിലാണ് ഇമാര്‍ ചൈനാ ടൗണ്‍ നിര്‍മിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ ചൈനാ ടൗണ്‍ ആകും ഇതെന്ന് ഇമാര്‍ അവകാശപ്പെടുന്നു. ആറ് സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഈ മെഗാ ഡെവലപ്‌മെന്റ് പദ്ധതി വരുന്നത്.

ചൈന കേന്ദ്രമാക്കിയുള്ള മറ്റ് വികസന പദ്ധതികളും ഇമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രീമിയം ലക്ഷ്വറി ഹോട്ടല്‍, സര്‍വീസ്ഡ് റെസിഡന്‍സസ് ബ്രാന്‍ഡായ അഡ്രസ് ഹോട്ടല്‍സ് + റിസോര്‍ട്ട്‌സ് ചൈനയിലേക്കും എത്തിക്കാനാണ് പദ്ധതി. ചൈനയിലെ പ്രധാന നഗരങ്ങളില്‍ ഹോട്ടല്‍ തുടങ്ങുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി നാഷണല്‍ ഓയില്‍ കമ്പനി ചൈന നാഷണള്‍ പെട്രോളിയം കമ്പനിയുടെ ഭാഗമായ ബിജിപി ഇന്‍കിന് 1.6 ബില്ല്യണ്‍ ഡോളര്‍ വരുന്ന രണ്ട് കരാറുകള്‍ നല്‍കാനും വ്യാഴാഴ്ച്ച തീരുമാനിച്ചിരുന്നു. ദുബായില്‍ പുതിയ വ്യാപാര മേഖല തുടങ്ങുന്നതിനായി ഡിപി വേള്‍ഡ് ചൈനയിലെ ഷെജിയാംഗ് ചൈന കൊമോഡിറ്റീസ് സിറ്റി ഗ്രൂപ്പുമായി സഹകരണത്തിലേര്‍പ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ സാധ്യതകള്‍ക്ക് കരുത്ത് പകരുന്നതാണ് ഡിപിവേള്‍ഡുമായുള്ള കരാര്‍. ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദകര്‍ക്ക് ഗള്‍ഫ് മേഖലയിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ് ഈ ട്രേഡേഴ്‌സ് മാര്‍ക്കറ്റ്. ചൈനയും യുഎഇയും ചേര്‍ന്ന് വികസിപ്പിച്ച ഖലീഫ പോര്‍ട്ട് ടെര്‍മനില്‍ 2വിന് പ്രതിവര്‍ഷം 2.4 മില്ല്യണ്‍ ടിഇയു കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. 2019ലെ ആദ്യ പാദത്തില്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.

രണ്ടാമതും പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഷി ജിന്‍പിംഗ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. അതിലെ ആദ്യ രാജ്യം യുഎഇ ആയതില്‍ വലിയ സന്തോഷണുണ്ടെന്ന് ഷേഖ് മുഹമ്മദ് ബിന്‍ റഷിദ് പറയുകയും ചെയ്തു. യുഎഇയ്ക്ക് ചൈന നല്‍കുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് പല നയതന്ത്ര വിദഗ്ധരുടെയും വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം യുഎഇ സന്ദര്‍ശിച്ചത് ഒരു ദശലക്ഷം ചൈനീസ് സന്ദര്‍ശകരാണ്.

എണ്ണ, പുനരുപയോഗ ഊര്‍ജ്ജം, അടിസ്ഥാനസൗകര്യം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ യുഎഇയും ചൈനയും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഷി ജിന്‍പിംഗിന്റെ സന്ദര്‍ശനം സഹകരണത്തിന് പുതിയ മാനം നല്‍കുമെന്നാണ് അറബ് രാജ്യത്തിന്റെ പ്രതീക്ഷ.

Comments

comments

Categories: Slider, Top Stories