ഉഭയകക്ഷി വ്യാപാരം; പരാതിപട്ടിക യുഎസ് ഇന്ത്യക്ക് കൈമാറും

ഉഭയകക്ഷി വ്യാപാരം; പരാതിപട്ടിക യുഎസ് ഇന്ത്യക്ക് കൈമാറും

ഇന്ത്യയ്ക്ക് ചൈന ഇറക്കുമതി തീരുവയില്‍ നല്‍കിയ ഇളവ് ജാഗ്രതയോടെയാണ് യുഎസ് വീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ സംബന്ധിച്ച ഒരു പട്ടിക ട്രംപ് ഭരണകൂടം അടുത്ത ആഴ്ച ഇന്ത്യയുമായി പങ്കുവെക്കും. ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നില നില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. നേരത്തേ വാഷിംഗ്ടണില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് പുതിയ നീക്കം.

ചര്‍ച്ചയില്‍ പൊതുവായ കാര്യങ്ങളാണ് യുഎസ് ഉന്നയിച്ചതെന്നും സംസാരിച്ചതെന്നും കൂടുതല്‍ കൃത്യമായി പ്രശ്‌നങ്ങളെ കുറിച്ച് അറിയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വ്യാപാര പ്രശ്‌നങ്ങളുടെ പട്ടിക യുഎസ് ഇന്ത്യക്ക് കൈമാറും. യുഎസ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസി (ജിഎസ്പി) ന് കീഴില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത്, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏഷ്യ-പസഫിക് വ്യാപാര ഉടമ്പടിയുടെ ഭാഗമായി ഇന്ത്യയ്ക്ക് ചൈന ഇറക്കുമതി തീരുവയില്‍ നല്‍കിയ ഇളവ് ജാഗ്രതയോടെയാണ് യുഎസ് വീക്ഷിക്കുന്നത്.

ഇന്ത്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ലാവോസ്, ശ്രീലങ്ക എന്നീ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 8549 സാധനങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ മാസമാണ് ചൈന കുറച്ചത്. കെമിക്കലുകള്‍, കാര്‍ഷിക-മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, സോയബീന്‍, വസ്ത്രങ്ങള്‍, സ്റ്റീല്‍-അലുമിനിയം ഉല്ലപ്പന്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ നേരിട്ട് ചര്‍ച്ച നടത്തുന്നതിനൊപ്പം ഇ-മെയിലുകള്‍,വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവ വഴിയും ഇന്ത്യയും യുഎസും ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. യുഎസ് ട്രേഡ് റെപ്രസെന്റേറ്റിവില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം മൂന്ന് ദിവസം ഡെല്‍ഹിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയതിനു തിരിച്ചടിയായി 29 യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാല് മുതലാണ് ഈ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. ഇതേതുടര്‍ന്നാണ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. കാര്‍ഷികം, ഓട്ടോമൊബീല്‍, വാഹന ഘടകങ്ങള്‍, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ യുഎസ് വിപണിയിലേക്കു പ്രവേശിക്കുന്നതും വിവിധ ഉല്‍പ്പന്നങ്ങളുടെ തീരുവ വെട്ടിച്ചുരുക്കുന്നതും ഇന്ത്യ മുന്നോട്ട്‌വെച്ചിരിക്കുന്ന ആവശ്യങ്ങളാണ്.

2017-18ല്‍ 47.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ യുഎസിലേക്ക് നടത്തിയത്. അതേസമയം 26.7 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തു. വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇന്ത്യയും യുഎസും മുന്‍തൂക്കം നല്‍കുന്നത്.

Comments

comments

Categories: Business & Economy