രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച

 

ബാങ്കുകളും കയറ്റുമതിക്കാരും വന്‍ തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിക്കുന്നതും രൂപയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ റെക്കോഡ് താഴ്ചയിലെത്തി. ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 69.12 എന്ന നിലവാരത്തിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യം പുതിയ റെക്കോഡ് നിലവാരത്തിലേക്ക് താഴാന്‍ കാരണം. യുഎസിന്റെ സാമ്പത്തിക വികസനത്തില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പോവല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതും ക്രമേണ അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള ട്രാക്കിലാണ് തങ്ങളെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുമാണ് ഡോളറിന് കരുത്ത് പകര്‍ന്നത്. 2017 ജൂലൈ മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍ ഇന്നലെ വ്യാപാരം നടത്തിയത്.

ഡോളര്‍ നേട്ടത്തിനുപുറമെ ചൈനീസ് കറന്‍സിയായ യുവാന്റെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയും രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ബാങ്കുകളും കയറ്റുമതിക്കാരും വന്‍ തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിക്കുന്നതും രൂപയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ മാത്രം 1,615.36 കോടി രൂപയുടെ നിക്ഷേപമാണ് ആഭ്യന്തര വിപണികളില്‍ നിന്നും വിദേശ നിക്ഷേപകകര്‍ പിന്‍വലിച്ചിട്ടുള്ളത്.

ഓഹരി വിപണികളിലെ അസ്ഥിരത തുടര്‍ന്നും രൂപയുടെ മൂല്യ ശോഷണത്തിന് കാരണമാകും. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും അന്താരാഷ്ട്ര തലത്തിലെ പ്രതികൂല സംഭവങ്ങളുമാണ് ആഭ്യന്തര ഓഹരി വിപണിയില്‍ തിരിച്ചടി നേരിടാനുള്ള കാരണമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രസ്താവനയിലൂടെ അറിയിച്ചു.

അവസാനമായി രൂപയുടെ മൂല്യം സര്‍വകാല താഴ്ചയിലെത്തിയത് ജൂണ്‍ 28നാണ്. അന്ന് രൂപയുടെ മൂല്യം 69.10 എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍, ആര്‍ബിയുടെ ഇടപെടലിനെ തുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു. വ്യാഴാഴ്ച 68.68ല്‍ വ്യാപാരം തുടങ്ങിയ കറന്‍സി ഡോളറിനെതിരെ 69.07 എന്ന തലത്തിലേക്ക് താഴ്ന്നിരുന്നു. വ്യാഴാഴ്ച മാത്രം രൂപയുടെ മൂല്യത്തില്‍ 43 പൈസയുടെ ഇടിവുണ്ടായി. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഏഴ് പൈസയുടെ കുറവുണ്ടായി.

Comments

comments

Categories: Business & Economy
Tags: Rupee downs