‘പരത്തുവയലില്‍’ ആയുര്‍വേദ ചികില്‍സാരംഗത്തെ അഗ്രഗണ്യന്‍

‘പരത്തുവയലില്‍’ ആയുര്‍വേദ ചികില്‍സാരംഗത്തെ അഗ്രഗണ്യന്‍

നമ്മുടെ നാടിന്റെ ജീവിതരീതിയാണ് ആയുര്‍വേദം. രോഗാവസ്ഥകളെ പ്രകൃതിയില്‍ തന്നെ ലഭ്യമായ ഔഷധങ്ങളിലൂടെ ചികില്‍സിച്ച് പാര്‍ശ്വഫലങ്ങളില്ലാതെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ആയുര്‍വേദത്തിനു കഴിയുന്നു. ആയുര്‍വേദ ചികില്‍സാരംഗത്ത് എടുത്തു പറയേണ്ട പേരാണ് പരത്തുവയലില്‍ ഹോസ്പിറ്റല്‍. നീണ്ട 63 വര്‍ഷത്തെ ചികില്‍സാ പാരമ്പര്യമുള്ള പരത്തുവയലില്‍ ഹോസ്പിറ്റല്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് എങ്ങനെ വേറിട്ട സാന്നിധ്യമാകുന്നുവെന്ന് പരത്തുവയലില്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. പത്രോസ് പരത്തുവയലില്‍ ഫ്യൂച്ചര്‍ കേരളയോട്

ആയുര്‍വേദ ചികില്‍സാ രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട പരത്തുവയലില്‍ ഗ്രൂപ്പിന്റെ ചികില്‍സാ അനുഭവങ്ങള്‍ എന്തെല്ലാമാണ് ?

1955 ലാണ് പരത്തുവയലില്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള കീഴില്ലത്താണു പരത്തുവയലില്‍ കുടുംബത്തിന്റെ ആസ്ഥാനം. പരത്തുവയലില്‍ കുടുംബത്തിന്റെ വൈദ്യപാരമ്പര്യത്തിനു തുടക്കം കുറിക്കുന്നതു എന്റെ പിതാവായ പൗലോസ് വൈദ്യനാണ്. അക്കാലത്ത് ചികില്‍സകള്‍ എല്ലാം നടത്തിയിരുന്നത് വീട്ടില്‍ തന്നെ ആയിരുന്നു. നാലു മുറികളുള്ള ഒരു ചെറിയ ചികില്‍സാ കേന്ദ്രത്തിലായിരുന്നു തുടക്കം. മര്‍മ്മ ചികില്‍സാ രംഗത്താണ് പൗലോസ് വൈദ്യന്‍ പ്രധാനമായും പ്രാവീണ്യം തെളിയിച്ചത്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ധാരാളം പേര്‍ ചികില്‍സ കേട്ടറിഞ്ഞ് എത്തിതുടങ്ങി. അസ്ഥിസംബന്ധമായ തകരാറുകള്‍ സംഭവിച്ചവര്‍ക്കു പരത്തുവയലില്‍ ഒരു ആശ്വാസകേന്ദ്രമായിരുന്നു. ഇന്നത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ ഇത്രത്തോളം വ്യാപകമാകുന്നതിന് മുമ്പ് കേരളത്തിലെ പലദിക്കുകളില്‍ നിന്നും ആളുകള്‍ പരത്തുവയലില്‍ ആശുപത്രിയേയും പൗലോസ് വൈദ്യനേയും അന്വേഷിച്ച് എത്തുമായിരുന്നു. പിന്നീട് ആയുര്‍വേദത്തോടുള്ള താല്‍പ്പര്യം മൂലം ഞാനും ആയുര്‍വേദം പഠിക്കാനാരംഭിച്ചു. അങ്ങനെയാണ് ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നത്.

ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ?

പ്രധാനമായും മര്‍മ്മചികില്‍സയ്ക്കും കായചികില്‍സയ്ക്കുമാണ് മുന്‍തൂക്കം. പല ആശുപത്രികളില്‍ നിന്നും ശസ്ത്രക്രിയ നടത്താനാവശ്യപ്പെട്ട് വരുന്നവരാണ് ഇവിടെയധികവും. എന്നാല്‍ ശസ്ത്രക്രിയ ചെയ്യാതെ ചികില്‍സിച്ചു ഭേദമാക്കുകയാണിവിടെ ചെയ്യുന്നത്. അസ്ഥിരോഗ ചികില്‍സയിലെ വൈദഗ്ധ്യമാണ് പരത്തുവയലില്‍ ആശുപത്രിയെ വ്യത്യസ്തമാക്കുന്നത്. ആമവാതം, സന്ധിവാതം, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ധാരാളമായി വരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കീഴില്ലത്തെ പരത്തുവയലില്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ നല്‍കും. കൃത്യമായ ചിട്ടവട്ടങ്ങളോടെയാണ് ചികില്‍സ. ഡിസ്‌ക് തെറ്റല്‍ ബാക്ക് പെയ്ന്‍, കഴുത്തു-തോള്‍ വേദന, ആര്‍ത്രൈറ്റിസ്, ചര്‍മ പ്രശ്‌നങ്ങള്‍, അസ്ഥികളുടെ സ്ഥാന വ്യതിയാനങ്ങള്‍, ഇഎന്‍ടി പ്രശ്‌നങ്ങള്‍, സ്‌പോര്‍ട്‌സ് ഇഞ്ചുറീസ്, ന്യൂറോമസ്‌ക്കുലാര്‍ പ്രശ്‌നങ്ങള്‍, വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍, വന്ധ്യതയും സ്ത്രീകളുടെ പ്രശ്‌നങ്ങളും എന്നിവയ്‌ക്കെല്ലാം ഇവിടെ ചികില്‍സ ലഭ്യമാക്കുന്നുണ്ട്. പാരമ്പര്യ വൈദ്യത്തിനൊപ്പം ആധുനിക സൗകര്യങ്ങളും കോര്‍ത്തിണക്കിയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പ്രഗല്‍ഭരായ ഡോക്റ്റര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലൂടെയാണ് ആശുപത്രി വിജയകരമായി മുന്നോട്ട് പോകുന്നത്. പരത്തുവയലില്‍ ആശുപത്രി കൂടാതെ, രോഗികള്‍ക്ക് ഗുണനിലവാരം ഉറപ്പു വരുത്തുന്ന മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള പാം ലാബ്‌സ് ഇന്ത്യ ഹെല്‍ത്ത് കെയര്‍ എന്ന ഫാക്റ്ററിയും പെരുമ്പാവൂരിനടുത്ത് എംഎം വാലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കര്‍ക്കിടകം ആരംഭിക്കുന്നതോടെ ആയുര്‍വേദ ചികില്‍സയ്ക്ക് പ്രാധാന്യം വര്‍ധിക്കില്ലേ?

കര്‍ക്കിടകമാസം പഞ്ഞ മാസമാണ്. പണ്ടത്തെ സാഹചര്യമനുസരിച്ച് മഴ കനക്കുന്നതോടെ ആര്‍ക്കും ജോലിക്കു പോകാനാവില്ലല്ലോ. മഴക്കാലത്ത് ആവശ്യമുള്ളതെല്ലാം നേരത്തേ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. അപ്പോള്‍ സുഖചികില്‍സയ്ക്കായാണ് പലരും ആയുര്‍വേദത്തെ ആശ്രയിക്കുന്നത്. പല ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹശുദ്ധി വരുത്തുന്നതോടെ ആയുരാരോഗ്യം വര്‍ധിക്കുന്നു. കര്‍ക്കിടക കഞ്ഞി, ആട്ടിന്‍ സൂപ്പ് എന്നിവയെല്ലാം ഈ സമയത്താണ് കഴിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യം മാറി. എല്ലാവരും തിരക്കുള്ള ജോലിക്കാരായതോടെ സുഖചികില്‍സയുടെ പ്രാധാന്യം കുറഞ്ഞു. കര്‍ക്കിടകത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളോ മഴക്കാല രോഗങ്ങളോ ഒക്കെ ബാധിച്ചാണ് പലരും ചികില്‍സയ്‌ക്കെത്തുന്നത്. പന്ത്രണ്ട് മാസവും സുഖചികില്‍സ നല്‍കാനുള്ള സൗകര്യങ്ങളും ആവശ്യക്കാരും ഇന്നുണ്ട്. രോഗമില്ലാത്തവര്‍ക്ക് ഏതു സമയത്തും ചികില്‍സിക്കാം. ആള്‍ക്കാര്‍ അവരുടെ ഒഴിവു സമയങ്ങളിലാണ് ചികില്‍സയ്‌ക്കെത്തുന്നത്. പുറം രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ ചികില്‍സക്കായി എത്താറുണ്ട്.

നമ്മുടെ പാരമ്പര്യ ചികില്‍സാ രീതിയെന്ന നിലയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ?

സര്‍ക്കാരിന്റെ പക്കല്‍നിന്നും ഇതര ചികില്‍സാ മേഖലയില്‍ നിന്നും ആയുര്‍വേദത്തിന് എന്നും അവഗണനയാണു നേരിടേണ്ടി വന്നിട്ടുള്ളത്. ജിഎസ്ടി വന്നതോടെ ആയുര്‍വേദ മരുന്നുകളുടെ ടാക്‌സ് 12 ശതമാനമായി. ഭാരതത്തിന്റെ പാരമ്പര്യ ചികില്‍സാരീതിയെ തളര്‍ത്തുന്നതിന് തുല്യമാണിത്. അതേസമയം അലോപതി മരുന്നുകള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി നിരക്ക്. ഇതു കൂടാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തും ആയുര്‍വേദ ആശുപത്രികളെ തഴയുന്ന രീതിയാണ് നടക്കുന്നത്. ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിനാവശ്യമായ വസ്തുക്കളുടെ ഉപഭോഗവും വലിയൊരു കടമ്പയാണ്. നമ്മുടെ നാടിന്റെ തന്നെ തനിമയാണ് ആയുര്‍വേദം. ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്.

ആയുര്‍വേദത്തില്‍ വ്യാജന്മാര്‍ കടന്നു കൂടിയതോടെ വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥയില്ലേ?

വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് പറയാനാകില്ല. ഒരു കാലത്ത് ആളുകള്‍ ആയുര്‍വേദത്തില്‍ നിന്നും മാറി മറ്റു പല ചികില്‍സാ രീതികളിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ പലതിന്റയും ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിനാല്‍ ആയുര്‍വേദത്തിലേക്കു മടങ്ങി വരുന്നവരേറെയുണ്ട്. ഇതിനെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാണ് വ്യാജ വൈദ്യന്മാരായി പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ വലിയ പരസ്യങ്ങള്‍ നല്‍കി നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും അവ വാങ്ങുന്ന ജനങ്ങള്‍ വഞ്ചിതരാകുകയും ചെയ്യുന്നു. ഇങ്ങനെയാണ് പലരും ആയുര്‍വേദത്തില്‍ നിന്ന് അകലുന്നത്. എന്നാല്‍ പാരമ്പര്യ വൈദ്യന്‍മാരെ ആശ്രയിക്കുന്നവര്‍ക്ക് ഒരിക്കലും വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ല. അവര്‍ വീണ്ടും കടന്നുവരുന്നതായി കാണാം.

ഇനി ഭാവിയിലേക്കുള്ള ചുവടുവെപ്പ് എന്താണ്?

പാരമ്പര്യമായി ഞങ്ങള്‍ ചികില്‍സിച്ചു വരുന്ന അസ്ഥിരോഗ മേഖലയില്‍ തന്നെ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം. 2025 എത്തുമ്പോഴേക്കും പരത്തുവയലില്‍ എന്ന സ്ഥാപനത്തെ കേരളത്തിലെ അസ്ഥിചികില്‍സാ രംഗത്തെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി മാറ്റും. കാലോചിതമായ വളര്‍ച്ചയുടെ ഭാഗമായി ആയുര്‍വേദവും അലോപ്പതിയും സംയോജിപ്പിച്ചുള്ള ഓര്‍ത്തോപീഡിക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം വലിയ മുതല്‍ മുടക്കില്‍ അന്താരാഷ്ട്ര നിലവാരമുള്ള വെല്‍നസ് സെന്ററിന്റെയും പൂളിന്റെയും പ്രവര്‍ത്തനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

എടുത്തു പറയാനാവുന്ന നേട്ടങ്ങള്‍?

2012ല്‍ മികച്ച ആയുര്‍വേദ ഡോക്റ്റര്‍മാര്‍ക്കു നല്‍കുന്ന കേരള സര്‍ക്കാരിന്റെ വാക്ഭട പുരസ്‌ക്കാരം ലഭിച്ചിരുന്നു. മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രത്യേക പുരസ്‌ക്കാരവും കൂടാതെ വിവിധ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും പുരസ്‌ക്കാരവും ലഭിക്കുകയുണ്ടായി. ഇതെല്ലാം പരത്തുവയലില്‍ ഗ്രൂപ്പിന്റെ നേട്ടമായി കണക്കാക്കുന്നു.

Comments

comments

Categories: FK Special