നരേന്ദ്ര മോദിയും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തും

നരേന്ദ്ര മോദിയും ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തും

ബെയ്ജിംഗ്: അടുത്തയാഴ്ച ആരംഭിക്കുന്ന ബിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നെസ്‌ബെര്‍ഗിലാണ് ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുന്നത്. ഈ മാസം 25ന് ആരംഭിക്കുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടി 27ന് അവസാനിക്കും.
യുഎസ് വ്യാപാര യുദ്ധം, വ്യാപാര സംരക്ഷണവാദ നയങ്ങള്‍ എന്നിവ സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തും. അന്താരാഷ്ട്ര വിഷയങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും ഇരു നേതൃത്വങ്ങളും പങ്കുവെക്കും. മറ്റ് ബ്രിക്‌സ് രാഷ്ട്രതലവന്മാരുമായും ഷി ജിന്‍പിംഗ് ചര്‍ച്ച നടത്തുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ബഹുസ്വരത, സൗജന്യ വ്യാപാരം, തുറന്ന ആഗോള സമ്പദ്വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലാണ് ചൈനയും ഇന്ത്യയും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ രണ്ട് രാജ്യങ്ങള്‍ക്കും പൊതുവായ അഭിപ്രായവും താല്‍പ്പര്യവുമാണുള്ളതെന്നും ചെനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.  യുഎസ്-ചൈന വ്യാപാര യുദ്ധം ശക്തി പ്രാപിക്കുന്നത് ആഗോള തലത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ മോദിയും ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു.

Comments

comments

Categories: Business & Economy, Slider