മ്യൂച്വല്‍ ഫണ്ടിലെ റീട്ടെയ്ല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

മ്യൂച്വല്‍ ഫണ്ടിലെ റീട്ടെയ്ല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനക്ഷമമായ എസ്‌ഐപികള്‍ ഏകദേശം 2.29 കോടിയാണ്

ന്യൂഡെല്‍ഹി: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഇന്ത്യയിലെ റീട്ടെയ്ല്‍ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ നിക്ഷേപത്തില്‍ വന്‍ വര്‍ധന. 2017-18 സാമ്പത്തിക വര്‍ഷം നിക്ഷേപ പദ്ധതിയിലേക്കെത്തിയത് 67,190 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം 43,921 കോടി രൂപയായിരുന്നിടത്താണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 53 ശതമാനത്തിലധികം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ എസ്‌ഐപിയിലേക്കുള്ള സംഭാവന 13,994 കോടി രൂപയായി ഉയര്‍ന്നുവെന്ന് ആംഫി ഡാറ്റ ചൂണ്ടിക്കാട്ടുന്നു. മുന്‍സാമ്പത്തിക വര്‍ഷം സമാന കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനം വളര്‍ച്ചയാണിത്.
മ്യൂച്വല്‍ ഫണ്ടുകള്‍ പ്രദാനം ചെയ്യുന്ന ഒരു നിക്ഷപ ഉപാധിയാണ് എസ്‌ഐപി. സാധാരണയായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലാണ് എസ്‌ഐപി വഴി നിക്ഷേപിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക നിക്ഷേപിക്കുകയാണ് എസ്‌ഐപിയില്‍ നിക്ഷേപകന്‍ ചയ്യുന്നത്. ഏറ്റവും കുറഞ്ഞത് 500 രൂപയില്‍ നിക്ഷേപം തുടങ്ങാമെന്നതിനാല്‍ വ്യക്തിഗത നിക്ഷേപകര്‍ക്കിടയില്‍ എസ്‌ഐപിയോട് വലിയ താല്‍പ്പര്യമാണുള്ളത്. ചെക്കുകളിലൂടെയോ നിക്ഷേപകരുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് നേരിട്ടോ നിക്ഷേപം നടത്താവുന്നതാണ്.
ആംഫി പുറത്തുവിട്ട കണക്ക്പ്രകാരം നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനക്ഷമമായ എസ്‌ഐപികള്‍ ഏകദേശം 2.29 കോടിയാണ്. നടപ്പുസാമ്പത്തിക വര്‍ഷം ജൂണ്‍ വരെ 9.83 ലക്ഷം എസ്‌ഐപി എക്കൗണ്ടുകളാണ് തുറന്നിട്ടുള്ളത്. ശരാശരി എക്കൗണ്ട് മൂല്യം 7554 രൂപയാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മ്യൂച്വല്‍ ഫണ്ടുകളിലെ ചെലവ് അനുപാതം 20ല്‍ നിന്ന് 5 ബേസിസ് പോയ്ന്റായി കുറയ്ക്കാന്‍ അടുത്തിടെ സെബി നിര്‍ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്ക്പ്രകാരം ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം കൈകാര്യ ആസ്തി (എയുഎം) 22.6 ലക്ഷം കോടി രൂപയാണ്. ഇതില്‍ വലിയൊരു പങ്ക് സംഭാവന ചെയ്തിരിക്കുന്നത് എസ്‌ഐപിയാണ്.

Comments

comments

Categories: Business & Economy, Slider
Tags: Mutual fund