സൗദിയില്‍ 270 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ലുലു

സൗദിയില്‍ 270 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ലുലു

 

18 മാസത്തിനുള്ളില്‍ സൗദി അറേബ്യയില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ലുലു. അഞ്ചെണ്ണം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ തുറക്കും

റിയാദ്: യുഎഇയിലെ റീട്ടെയ്ല്‍ ഭീമന്‍ ലുലു ഗ്രൂപ്പ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയില്‍ വമ്പന്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. 2020 ആകുമ്പോഴേക്കും സൗദിയില്‍ 270 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ് ലുലു. അടുത്ത 18 മാസത്തിനുള്ളില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദിയില്‍ തുറക്കാനാണ് ലുലു പദ്ധതിയിടുന്നത്. ഇതില്‍ അഞ്ചെണ്ണം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ തുറക്കും. റിയാദിലും തബുക്കിലും ദമാമിലുമെല്ലാം ഇതിന്റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരും.

സൗദി തലസ്ഥാനത്ത് ലുലുവിന്റെ 150ാമത് സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ലുലു ചെയര്‍മാന്‍ യൂസഫ് അലി വികസന പദ്ധതികള്‍ വ്യക്തമാക്കിയത്. സൗദിയില്‍ ലുലുവിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണ് യാര്‍മൗക്കിലെ അത്യഫ് മാളില്‍ തുറന്നത്. 220,000 ചതുരശ്രയടിയിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ 150ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഇവിടെ തുടങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സൗദി അറേബ്യയില്‍ ലുലുവിന്റെ 13ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. പുതിയ റീട്ടെയ്ല്‍ അനുഭവും ഇവിടുത്തെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്-യൂസഫ് അലി പറഞ്ഞു.

3,000ത്തോളം സൗദി പൗരന്മാര്‍ക്ക് ലുലു ജോലി നല്‍കുന്നുണ്ടെന്നും 2020 അവസാനമാകുമ്പോഴേക്കും സൗദി ജീവനക്കാരുടെ എണ്ണം 6,000 ആക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി

സൗദി അറേബ്യയില്‍ വലിയ അവസരങ്ങളാണ് തങ്ങള്‍ കാണുന്നതെന്നും വിഷന്‍ 2030യുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇവിടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും യൂസഫലി പറഞ്ഞു. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യത്തേക്ക് പരമാവധി നിക്ഷേപം എത്തിക്കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും എല്ലാം വിഷന്‍ 2030 ലക്ഷ്യമിടുന്നു. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും പ്രിന്‍സ് മുഹമ്മദിന്റെ പരിഷ്‌കരണ പദ്ധതികളുടെ പ്രധാന അജണ്ടകളിലൊന്നാണ്.

3,000ത്തോളം സൗദി പൗരന്മാര്‍ക്ക് ലുലു ജോലി നല്‍കുന്നുണ്ടെന്നും 2020 അവസാനമാകുമ്പോഴേക്കും സൗദി ജീവനക്കാരുടെ എണ്ണം 6,000 ആക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി. കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ ഹോള്‍സെയില്‍, ലോജിസ്റ്റിക്‌സ് സെന്റര്‍ നിര്‍മിക്കുന്നതിനായി 200 മില്ല്യണ്‍ സൗദി റിയാലിന്റെ നിക്ഷേപം കൂടി നടത്താന്‍ ലുലുവിന് പദ്ധതിയുണ്ട്. ഒരു ദശലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ലോജിസ്റ്റിക്‌സ് സെന്റര്‍ വരുന്നത്.

Comments

comments

Categories: Business & Economy
Tags: Lulu