കേന്ദ്ര സര്‍ക്കാര്‍ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി

കേന്ദ്ര സര്‍ക്കാര്‍ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി

 

നികുതിയില്‍ ഉള്‍പ്പടെയുള്ള പരാതികള്‍ ഡെവലപ്പര്‍മാര്‍ ഉന്നയിച്ചു

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി. ജിഎസ്ടി കുറയ്ക്കുക, ചില നികുതി ഇളവുകള്‍ അനുവദിക്കുക, മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍ റിയല്‍റ്റി ഡെവലപ്പര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്.

റിയല്‍റ്റി മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ് യോഗം കുടുതലായും ചര്‍ച്ച നടത്തിയതെന്ന് എന്‍ബിസിസി (നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍സ് ലിമിറ്റഡ്) ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അനൂപ് കുമാര്‍ മിത്തല്‍ യോഗത്തിനു ശേഷം പറഞ്ഞു. നികുതിയില്‍ ഉള്‍പ്പടെയുള്ള ചില പ്രശ്‌നങ്ങളാണ് ഡെവലപ്പര്‍മാര്‍ ഉന്നയിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിയല്‍ എസ്‌റ്റേറ്റ് രംഗം സമ്മര്‍ദം നേരിടുകയാണ്. ഇത് നടപ്പാക്കുന്ന പദ്ധതികളില്‍ കാലതാമസം വരുത്തുന്നതായി ഡെവലപ്പര്‍മാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിലുള്ള 18 ശതമാനത്തില്‍ നിന്നും 12 ശതമാനമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടതായി ഹിരാനന്ദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ നിരഞ്ജന്‍ ഹിരാനന്ദാനി അറിയിച്ചു. റെറ നിയമം എങ്ങനെ കൂടുതല്‍ പ്രയോഗികമാക്കാം, ഫണ്ടിന്റെ അപര്യാപ്തത കാരണം ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ എങ്ങനെ പൂര്‍ത്തീകരിക്കാം തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. 2022ഓടെ ‘എല്ലാവര്‍ക്കും വീട്’ എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി ആരംഭിച്ച കുറഞ്ഞ ചെലവിലുള്ള ഭവന നിര്‍മാണ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗം വിലയിരുത്തി.

കേന്ദ്ര ധനമന്ത്രി പിയുഷ് ഗോയല്‍ ആണ് യോഗം വിളിച്ചുചേര്‍ത്തതെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. നഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വിവിധ ബാങ്ക് മേധാവികള്‍, ഹൗസിംഗ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍, പ്രത്യക്ഷ-പരോക്ഷ നികുതി ഉദ്യോഗസ്ഥര്‍, റെറ ( റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) അതോറിറ്റീസ്, നിതി ആയോഗില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മേഖലയിലെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസിലാക്കുന്നതിന് വിശദമായ മറ്റൊരു യോഗം കൂടി നടത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

Comments

comments

Categories: Current Affairs
Tags: Real estate