ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് ടെലികോം കമ്പനികളോട് ട്രായ്

ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് ടെലികോം കമ്പനികളോട് ട്രായ്

ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടത്തണം

ന്യൂഡെല്‍ഹി: വാണിജ്യ കോളുകളുടെ നിയന്ത്രണത്തിനായി ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യ സ്വീകരിക്കണമെന്ന് ടെലികോം ഓപ്പററ്റര്‍മാരോട് ട്രായ് ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ടെലിമാര്‍ക്കറ്റര്‍മാര്‍ക്ക് മാത്രമേ ഫോണ്‍ ഡാറ്റാബേസില്‍ പ്രവേശിക്കാനാകൂവെന്നും കോള്‍ റെക്കോഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉപയോക്താവിന്റെ അനുമതിയോടെയാണ് നടക്കുന്നതെന്നും ഉറപ്പാക്കാനാണ് ടെലികോം റെഗുലേറ്ററിന്റെ നടപടി.

തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെയുള്ള പരസ്യ സന്ദേശങ്ങളുടെ പ്രചാരണം നിയന്ത്രിക്കാന്‍ ബ്ലോക്ക്‌ചെയ്‌ന്റെ അടിസ്ഥാനമായ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി (ഡിഎല്‍ടി) ഉപയോഗിക്കണമെന്നാണ് ട്രായ് ആവശ്യപ്പെടുന്നത്. ഇതിനായുള്ള ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച ‘ടെലികോം കൊമേഴ്‌സ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സ് 2018’ വ്യാഴാഴ്ചയാണ് റെഗുലേറ്റര്‍ പുറത്തിറക്കിയത്. ഡിസ്ട്രിബ്യൂട്ടട് ലെഡ്ജര്‍ അല്ലെങ്കില്‍ ബ്ലോക്ക്‌ചെയ്ന്‍ എന്നത് രേഖകളുടെ ഒരു ശേഖരണമാണ്. വിവിധ സാങ്കേതിക സംവിധാനങ്ങളിലൂടെ ഇതിലെ ഡാറ്റാ സുരക്ഷിതമാക്കാനാകും. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ടെലിമാര്‍ക്കറ്റര്‍മാര്‍ക്ക് മാത്രമാണ് ഇതുപയോഗിച്ച് ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുക.

രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ടെലിമാര്‍ക്കറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു സംവിധാനം, പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തല്‍ എന്നീ വിഷയങ്ങളിലെ അഭിപ്രായ സമാഹരണത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്രായ് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അനാവശ്യ വാണിജ്യ കോളുകളെ കുറിച്ചുള്ള പരാതികള്‍ വര്‍ധിക്കുകയാണെന്നാണ് ട്രായ് വിലയിരുത്തുന്നത്. നമ്പറുകള്‍ പങ്കിടുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് അവബോധമില്ലാത്തതും കോള്‍ റെക്കോഡ് ചെയ്യുന്നതിനുള്ള അനുമതി സംബന്ധിച്ച് കൃത്യമായ സംവിധാനമില്ലാത്തതുമാണ് വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നിരീക്ഷിക്കപ്പെടുന്നു. ട്രായിയുടെ നീക്കം ശരിയായ ദിശയിലാണെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ബ്ലോക്ക്‌ചെയ്ന്‍ ആന്‍ഡ് ക്രിപ്‌റ്റോകറന്‍സി മുന്‍ മേധാവി അംജിത് ഖുറാന പറഞ്ഞു.

താല്‍പ്പര്യമുള്ള ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടത്തണമെന്ന് പുതിയ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. ആവശ്യമില്ലാത്ത വാണിജ്യ ആശയവിനിമയം തടയാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിമാസം 50 ലക്ഷം രൂപയോളം സേവദാതാക്കള്‍ പിഴ അടയ്ക്കണം. ഡിജിറ്റല്‍ റെക്കോഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സ്ബ്‌സ്‌ക്രൈബര്‍മാരുടെ സമ്മതം സേവനദാതാക്കള്‍ ഉറപ്പാകക്കണം.
അതേസമയം ടെലികോം വ്യവസായം വലിയ സാമ്പത്തിക സമ്മര്‍ദത്തെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഇത്തരം നിയന്ത്രണ സംവിധാങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ടെലികോം മേഖലയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Slider, Tech