ചങ്കുറപ്പാണ് യോഗിതയുടെ യോഗ്യത

ചങ്കുറപ്പാണ് യോഗിതയുടെ യോഗ്യത

സാക്ഷരതയില്‍ എത്രകണ്ട് മുന്നിലാണെങ്കിലും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം ഇന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണ്. രാത്രി എന്നോ പകലെന്നോ ഇല്ലാതെ ഒരു സ്ത്രീ അതും തനിച്ച് കിലോ മീറ്ററുകളോളം വണ്ടി ഓടിച്ച് പോകുന്നത് സങ്കല്‍പിക്കാന്‍ പോലും കേരളീയര്‍ക്ക് സാധിക്കില്ല. ഭോപ്പാല്‍ സ്വദേശിനി യോഗിത രഘുവംശി കഴിഞ്ഞ 18 വര്‍ഷങ്ങളായി ഇന്ത്യയില്‍ പല ഇടങ്ങളിലായി ദേശീയ പാതകളിലും നിരത്തുകളിലുമായി വാഹനമോടിക്കുന്നു. വാഹനം എന്നു പറഞ്ഞാല്‍ ബൈക്കും കാറുമൊന്നുമല്ല. മലയാളി പെണ്ണുങ്ങള്‍ സ്വപ്‌നം പോലും കാണാത്ത വമ്പന്‍ ട്രക്കാണ് യോഗിതയുടെ പ്രിയ വാഹനം.

എന്റെ ജോലി, എന്റെ കുടുംബം എന്നതിനപ്പുറമല്ല സമൂഹത്തിന്റെ അവഗണനകള്‍. എന്റെ ആവശ്യമെന്താണ്, അത് ജോലിയിലൂടെ എനിക്കു നേടിയെടുക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. അല്ലാതെ സമൂഹം നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതല്ല. ഏത് ജോലിയെയും പിന്തുണയ്ക്കുന്നവരും അവഗണിക്കുന്നവരും സമൂഹത്തിലുണ്ടാകും

യോഗിത, ട്രക്ക് ഡ്രൈവര്‍

പാലക്കാട് ബിവറേജസ് കോര്‍പ്പറേഷനില്‍ മദ്യ ലോഡുമായെത്തുന്ന 45കാരിയായ ഈ യുവതി നാട്ടുകാര്‍ക്ക് സുപരിചിതയായിട്ട് നാളേറെയായി. 14 ചക്രങ്ങളുള്ള മഹീന്ദ്ര നാവിസ്റ്റര്‍ ട്രക്ക് ക്ലീനര്‍ പോലുമില്ലാതെ 2341 കിലോ മീറ്റര്‍ കടന്നാണ് ആഗ്രയില്‍ നിന്നും അവര്‍ പാലക്കാട്ടെത്തുന്നത്. അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് ട്രക്ക് ഓടിച്ചിട്ടുണ്ട് യോഗിത. ഇന്ത്യയിലെ ആദ്യ വനിത ട്രക്ക് ഡ്രൈവര്‍ എന്ന പദവിക്കു പുറമെ നിരവധി അവാര്‍ഡുകളും യോഗിതയെ തേടിയെത്തി. 2013ല്‍ മഹീന്ദ്ര കമ്പനി എക്‌സലന്‍സി അവാര്‍ഡും 10 വീലര്‍ ട്രക്കും യോഗിതയ്ക്ക് സമ്മാനമായി നല്‍കിയിട്ടുണ്ട്. മദ്യം മാത്രമല്ല, പച്ചക്കറി, ധാന്യം ഉള്‍പ്പെടെയുള്ള മറ്റ് ചരക്കുസേവനങ്ങളും യോഗിതയുടെ ട്രക്കിലൂടെ ഭദ്രമായി യഥാസ്ഥാനങ്ങളിലെത്തും. വേറിട്ട മേഖലയിലെ അനുഭവങ്ങള്‍ യോഗിത ഫ്യൂച്ചര്‍ കേരളയുമായി പങ്ക് വെക്കുന്നു.

ചരക്കെടുപ്പ്, ട്രക്ക് ഡ്രൈവിംഗ് തികച്ചും വേറിട്ട മേഖലയാണ്. സ്ത്രീ എന്ന നിലയില്‍ ഈ രംഗത്ത്
പ്രവര്‍ത്തിക്കുമ്പോള്‍ എന്തുതോന്നുന്നു?

ഒരു സാധാരണ വ്യക്തി ഈ ജോലിയെ എങ്ങനെ നോക്കികാണുമോ അതുപോലെ ഞാനും നോക്കിക്കാണും. ഒരു പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. നല്ല രീതിയില്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന മേഖലയാണിത്. താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മേഖലയില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഉള്ള വേര്‍തിരിവ് കാണിക്കേണ്ടതില്ല. 2000 മുതല്‍ ഞാന്‍ ട്രക്ക് ഡ്രൈവിംഗിനെ ഒരു ജോലിയായാണ് കണക്കാക്കുന്നത്.

ട്രക്ക് ഡ്രൈവിംഗ് പൊതുവെ പുരുഷന്‍മാരുടെ കുത്തകയാണെന്നു പറച്ചിലുകളുണ്ട്. അതിനെക്കുറിച്ച്?

അത് ഒരു തോന്നല്‍ മാത്രമാണ്. ആര്‍ക്കും ഒരു തൊഴിലും കുത്തകയായി ആരും നല്‍കിയിട്ടില്ല. ജോലി ചെയ്യാനുള്ള മനസും താല്‍പര്യവും ഉണ്ടെങ്കില്‍ ഏത് ജോലിയും ആര്‍ക്കും ചെയ്യാം. പിന്നെ ഇത്തരം ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ വേണ്ടത് ചങ്കുറപ്പാണ്. പിന്നെ കേരളത്തെ പോലെ സാക്ഷരതയുള്ള നാട്ടില്‍ സ്ത്രീകള്‍ ഇതുപോലുള്ള ജോലിയിലേക്ക് കടക്കാന്‍ ഇപ്പോഴും മടിക്കുന്നു, അതിനുകാരണം ഇപ്പോള്‍ പറഞ്ഞ കുത്തകാവകാശം പോലുള്ള കാരണങ്ങളാണ്. കേരളത്തില്‍ മാത്രമല്ല എവിടെയും അങ്ങനെ തന്നെയാണ്. നല്ല ശമ്പളം വാഗ്ദാനം ചെയ്തിട്ടു പോലും ലോഡുമായി പോകുമ്പോള്‍ ഒരു സ്ത്രീ സഹായിയെ ഇതുവരെ കിട്ടിയിട്ടില്ല.

സ്ത്രീകള്‍ക്ക് അത്ര സുപരിചിതമല്ലാത്തെ ഈ മേഖലയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ് ?

പെട്ടന്നു ഒരു ദിവസം ജീവിത ഭാരം മുഴുവന്‍ ഒറ്റ ത്രാസിലേക്ക് വീണപ്പോള്‍ പതറിപോയെങ്കിലും രണ്ടു മക്കളുടെ ജീവിതത്തിനു മുന്നില്‍ തോറ്റു കൊടുക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ നോക്കാനാണ് ഈ വഴി തെരഞ്ഞെടുത്തത്. പതിനാറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവിന്റെ മരണം. അഭിഭാഷകനായിരുന്ന അദ്ദേഹത്തിന് എന്നെയും അതേ മേഖലയില്‍ ജോലി ചെയ്യിക്കാനായിരുന്നു താല്‍പര്യം. ബികോം ബിരുദധാരിയായിരുന്ന ഞാന്‍ വിവാഹ ശേഷം ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരം എല്‍എല്‍ബി എടുത്തു. ഭര്‍ത്താവിന്റെ മരണശേഷം ഞാന്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു. പക്ഷേ ഒരു തുടക്കക്കാരിയായ വക്കീലിനു കിട്ടിയിരുന്ന ശമ്പളം തുച്ഛമായിരുന്നു. അതുകൊണ്ട് രണ്ടു മക്കളെ നോക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ ആ ജോലി ഉപേക്ഷിച്ചു. പിന്നീട് ഒരു ബൊട്ടീക് തുടങ്ങി. എന്നാല്‍ വിചാരിച്ചത്ര വരുമാനമുണ്ടാക്കാനും വിജയിക്കാനും സാധിച്ചില്ല. തുടര്‍ന്ന് അതും ഉപേക്ഷിക്കേണ്ട സ്ഥിതിയായി. വക്കീല്‍ ജോലിക്കൊപ്പം തന്നെ ഭര്‍ത്താവിന് ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ട്രക്ക് മറ്റു ഡ്രൈവര്‍മാരെ ഏല്‍പിച്ചിരുന്നെങ്കിലും ശരിയായി നോക്കി നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഞാന്‍ അത് ഏറ്റെടുത്തു. അങ്ങനെ 2000 ലാണ് ഞാന്‍ ട്രക്ക് ഡ്രൈവിംഗിലേക്ക് എത്തുന്നത്.

ട്രക്ക് ഡ്രൈവിംഗിലെ അനുഭവങ്ങള്‍? വെല്ലുവിളികള്‍?

മറ്റുള്ളവരുടെ കണ്ണില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതും അപകട സാധ്യതകള്‍ ഉള്ളതുമായി ഈ ജോലി തോന്നിയേക്കാം. എന്നെ സംബന്ധിച്ച് ഇതു വളരെ എളുപ്പമായാണ് തോന്നിയത്. എനിക്ക് കഴിയും എന്നു മനസുറപ്പുള്ള ഏത് പെണ്ണിനും കഴിയുന്ന ഒന്നാണ് ട്രക്ക് ഡ്രൈവിംഗ്. 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ ഇന്നും ഓര്‍ത്തു വെക്കുന്നത് ഒന്നാണ് വിശാഖപട്ടണത്ത് ലോഡുമായി പോകുമ്പോള്‍ ദേശീയ നിറമല്ല വാഹനത്തിന് എന്നും പറഞ്ഞ് ചില ആളുകള്‍ പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ആ പ്രശ്‌നം അന്നു പരിഹരിക്കപ്പെട്ടു.

സമൂഹത്തില്‍ നിന്നുള്ള പിന്തുണയും അവഗണനകളും?

പിന്തുണകളും അവഗണനകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്റെ ജോലി, എന്റെ കുടുംബം എന്നതിനപ്പുറമല്ല സമൂഹത്തിന്റെ അവഗണനകളും അവര്‍ എന്ത് കരുതും എന്ന ചിന്തകളും. എന്റെ ആവശ്യമെന്താണ്, അത് ജോലിയിലൂടെ എനിക്കു നേടിയെടുക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് ആദ്യം ചിന്തിക്കേണ്ടത്. അല്ലാതെ സമൂഹം നമ്മളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതല്ല. ഏത് ജോലിയെയും പിന്തുണയ്ക്കുന്നവരും അവഗണിക്കുന്നവരും സമൂഹത്തിലുണ്ടാകും.

ട്രക്ക് ഡ്രൈവിംഗിലേക്കു കടന്നു വന്നപ്പോള്‍ വെല്ലുവിളികള്‍ തോന്നിയിട്ടുണ്ടോ ?

ആദ്യം ഈ ജോലിയിലേക്ക് കടക്കുമ്പോള്‍ അച്ഛനും സഹോദരനുമൊക്കെ നല്ല എതിര്‍പ്പായിരുന്നു. നിനക്ക് ഇത് ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞ് എല്ലാവരും നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു. ആ എതിര്‍പ്പുകളായിരുന്നു ഈ മേഖലയിലേക്ക് കടന്നപ്പോള്‍ തോന്നിയ പ്രധാന വെല്ലുവിളി. എന്നാല്‍ ഒന്നിനു മുന്നിലും പതറാതെ ജീവിക്കണം എന്ന ഉറച്ച വിശ്വാസം പല തടസങ്ങളും വെല്ലുവിളികളും എനിക്ക് ഒരു പ്രശ്‌നമല്ലാതാക്കി.

കുടുംബത്തെക്കുറിച്ച്?

ഭര്‍ത്താവിന്റെ മരണശേഷം ഇപ്പോള്‍ ഒരു മകളും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. മകള്‍ യഷിക രഘുവംശി ഐടി എന്‍ജിനീയറിംഗ് കഴിഞ്ഞ് ഇപ്പോള്‍ എംബിഎ ചെയ്യുന്നു. മകന്‍ യഷ്വിന്‍ രഘുവംശി ബിബിഎ ഫസ്റ്റ് ഇയര്‍ പഠിക്കുകയാണ്.

 

Comments

comments

Categories: Slider, Women