ആപ്പിളുമായുള്ള തര്‍ക്കവും പുതിയ ശുപാര്‍ശകളും തമ്മില്‍ ബന്ധമില്ലെന്ന് ട്രായ്

ആപ്പിളുമായുള്ള തര്‍ക്കവും പുതിയ ശുപാര്‍ശകളും തമ്മില്‍ ബന്ധമില്ലെന്ന് ട്രായ്

ന്യൂഡെല്‍ഹി: വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ ആന്റി സ്പാം ആപ്പിനോട് വിയോജിച്ച ടെക്ക് ഭീമന്‍ ആപ്പിളിനെ വരുതിക്ക് വരുത്താന്‍ ഉദ്ദേശിച്ചുള്ളതല്ല ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറക്കിയ ശുപാര്‍ശകളെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പരോക്ഷമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കാറില്ലെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി. സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ട്രായ്‌യുടെ പുതിയ ശുപാര്‍ശകള്‍. ‘വിവിധ സേവനങ്ങള്‍ക്കും മറ്റുമായി ഉപഭോക്താക്കളുടെ അനുവാദം തേടുന്ന സന്ദേശങ്ങളുടെ ഭാഷ അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞതാണെന്നാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിരിക്കുന്നത്. അഭിഭാഷകര്‍ക്കു പോലും പലപ്പോഴും മനസിലാവാത്ത ഭാഷയാണിത്. എളുപ്പത്തില്‍ മനസിലാവുന്ന, ചെറിയ രൂപത്തിലുള്ള, ബഹു ഭാഷകളാണ് ഇതിന് ഉപയോഗിക്കേണ്ടത്’, ശര്‍മ വ്യക്തമാക്കി.

ഇന്‍ബില്‍റ്റ് ആപ്ലിക്കേഷനുകള്‍ മൊബീലില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ അവസരം ഒരുക്കണമെന്നാണ് ട്രായ്‌യുടെ മറ്റൊരു ശുപാര്‍ശ. തങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതില്‍ നിന്ന് ഒരു തരത്തിലും മൊബീല്‍ കമ്പനികള്‍ക്ക് ഉപഭോക്താക്കളെ തടയാനാവില്ലെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു.

പുതിയതായി പുറത്തിറക്കിയ ശുപാര്‍ശകളും ആപ്പിള്‍ കമ്പനിയുമായുള്ള തര്‍ക്കവുമായി ബന്ധമില്ലെന്നാണ് ട്രായ് വ്യക്തമാക്കുന്നത്. ആന്റി സ്പാം മൊബീല്‍ ആപ്ലിക്കേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഒരു വര്‍ഷമായി തുടരുകയാണ്. ടെലി മാര്‍ക്കറ്റര്‍മാരില്‍ നിന്ന് നേരിട്ട് വരുന്ന അനധികൃത കോളുകളും സന്ദേശങ്ങളും ഉപഭോക്താക്കളിലെത്തുന്നത് തടയുന്നതിനുള്ളതാണ് ട്രായ് ആപ്പ്. ഗൂഗിളിന്റെ ആന്‍ഡ്രോയിന്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഈ ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ആപ്പ് അനുവദിക്കാന്‍ ഇതുവരെ ആപ്പിള്‍ കമ്പനി തയാറായിട്ടില്ല.

 

 

 

 

 

Comments

comments

Tags: Apple, TRAI