സുസുകി ഇന്ത്യയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കും

സുസുകി ഇന്ത്യയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കും

600 കോടി രൂപയുടേതായിരിക്കും നിക്ഷേപം

ന്യൂഡെല്‍ഹി : സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ച് പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് രണ്ടാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുന്നത്. 600 കോടി രൂപയുടേതായിരിക്കും സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ നടത്തുന്ന നിക്ഷേപം. ഉത്തര്‍ പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലൊന്നില്‍ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് ലൊക്കേഷനാണ് സുസുകി മോട്ടോര്‍സൈക്കിള്‍ തേടുന്നത്.

സുസുകിയുടെ ആദ്യ പ്ലാന്റ് ഗുരുഗ്രാമില്‍ കമ്പനിയുടെ കാര്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റിന് സമീപമാണ് ആരംഭിച്ചത്. പ്രതിവര്‍ഷം 5.40 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഈ പ്ലാന്റിന്റെ സ്ഥാപിത ശേഷി. 2021-22 ഓടെ പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് സുസുകി മോട്ടോര്‍സൈക്കിള്‍ പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാന്റിന്റെ സ്ഥാപിത ശേഷി എത്രയെന്ന് വ്യക്തമല്ല. വിപണി ഗവേഷണ സ്ഥാപനമായ കെപിഎംജിയെ നിയോഗിച്ച് സുസുകി മോട്ടോര്‍സൈക്കിള്‍ ഇതിനകം സാധ്യതാ പഠനം നടത്തിയിട്ടുണ്ട്.

2021 ലും തുടര്‍ വര്‍ഷങ്ങളിലും പ്രതിവര്‍ഷം പത്ത് ലക്ഷം ഇരുചക്ര വാഹന വില്‍പ്പനയാണ് സുസുകി മോട്ടോര്‍സൈക്കിള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ പ്ലാന്റ് ആവശ്യമായി വരും. പ്രതിവര്‍ഷം അഞ്ച് ലക്ഷം വാഹന വില്‍പ്പനയെന്ന ലക്ഷ്യം 2017-18 ല്‍ നേടിയിരുന്നു. 2018-19 സാമ്പത്തിക വര്‍ഷം 7 ലക്ഷം വാഹന വില്‍പ്പനയാണ് നിശ്ചയിച്ചിരിക്കുന്നത്.

2021-22 ഓടെ പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയും. 2021 ഓടെ പ്രതിവര്‍ഷം പത്ത് ലക്ഷം ഇരുചക്ര വാഹന വില്‍പ്പനയാണ് ലക്ഷ്യം

ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റുള്ള മോട്ടോര്‍സൈക്കിളുകളും ഇന്ത്യയില്‍ വില്‍ക്കും. സബ് 800 സിസി സെഗ്‌മെന്റില്‍ സുസുകി വിസ്‌ട്രോം 650 എന്ന മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ പുറത്തിറക്കും. 2018 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റുള്ള 300 ബൈക്കുകളാണ് ഇന്ത്യയില്‍ വിറ്റത്. 2019 സാമ്പത്തിക വര്‍ഷം 500 മോട്ടോര്‍സൈക്കിളുകളാണ് ലക്ഷ്യം.

Comments

comments

Categories: Auto