ഏഴാം തമ്പുരാന്‍ ലെക്‌സസ് ഇഎസ് 300എച്ച് അവതരിച്ചു

ഏഴാം തമ്പുരാന്‍ ലെക്‌സസ് ഇഎസ് 300എച്ച് അവതരിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 59.13 ലക്ഷം രൂപ ; ബ്ലാക്ക്, ഷാറ്റോ, ടോപാസ് ബ്രൗണ്‍ പെയിന്റ് ഓപ്ഷനുകളില്‍ ഏഴാം തലമുറ ഇഎസ് ലഭിക്കും

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ലെക്‌സസ് ഇഎസ് 300എച്ച് ഇന്ത്യയില്‍ പുറത്തിറക്കി. 59.13 ലക്ഷം രൂപയാണ് ഹൈബ്രിഡ് മിഡ് സൈസ് സെഡാന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. ഈ വര്‍ഷം ഏപ്രിലില്‍ ബെയ്ജിംഗ് മോട്ടോര്‍ ഷോയിലാണ് നെക്‌സ്റ്റ്-ജെന്‍ ലെക്‌സസ് ഇഎസ് 300എച്ച് ആഗോള അരങ്ങേറ്റം നടത്തിയത്. 1989 ല്‍ ആദ്യമായി പുറത്തിറക്കിയ ലെക്‌സസ് ഇഎസ് മിഡ് സൈസ് സെഡാന്റെ ഏഴാം തലമുറ മോഡലാണിത്. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് ന്യൂ-ജെന്‍ സെഡാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. രൂപകല്‍പ്പന, ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ നാമാവശേഷമാകുന്ന മുന്‍ഗാമിയേക്കാള്‍ പുതിയ ലെക്‌സസ് ഇഎസ് 300എച്ച് വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. കാറിനകം ഇപ്പോള്‍ കൂടുതല്‍ വിശാലമാണ്. എല്‍സി കൂപ്പെ, എല്‍എസ് സെഡാന്‍ എന്നിവയ്ക്കുശേഷം ‘ഫ്യൂച്ചര്‍ ചാപ്റ്റര്‍ ഓഫ് ലെക്‌സസ്’ സീരീസില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണ് ഏഴാം തലമുറ ലെക്‌സസ് ഇഎസ് 300എച്ച്.

ലെക്‌സസിന്റെ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍-കെ (ജിഎ-കെ) പ്ലാറ്റ്‌ഫോമാണ് നെക്‌സ്റ്റ്-ജെന്‍ ലെക്‌സസ് ഇഎസ് 300എച്ച് അടിസ്ഥാനമാക്കിയിരിക്കുന്നത്. ലെക്‌സസിന്റെ മാതൃ കമ്പനിയായ ടൊയോട്ടയുടെ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിന്റെ വകഭേദമാണിത്. പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതോടെ വാഹന രൂപകല്‍പ്പനയുടെ കാര്യത്തില്‍ ഡിസൈനര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചു. കൂടുതല്‍ വലുപ്പമുള്ളതാണ് പുതിയ സ്പിന്‍ഡില്‍ ഗ്രില്‍. ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ ആകൃതിയിലുള്ള സവിശേഷ ക്ലസ്റ്ററുകളിലെ സ്ലിം എല്‍ഇഡി ഹെഡ്‌ലാംപുകള്‍ കാറിന് പ്രത്യേക ലുക്ക് നല്‍കുന്നു. പിന്‍ ഭാഗത്തെ ഷാര്‍പ്പ് ലൈനുകള്‍ സെഡാന് ചിസല്‍ഡ് പ്രൊഫൈല്‍ സമ്മാനിക്കുന്നു. റാപ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ പ്രത്യേകതയാണ്.

പുറത്തുപോകുന്ന മോഡലിനേക്കാള്‍ 66 എംഎം നീളം കൂടുതലും 5 എംഎം ഉയരം കുറവും 45 എംഎം വീതി കൂടുതലുമാണ് പുതിയ ലെക്‌സസ് ഇഎസിന്. വീല്‍ബേസ് 50 മില്ലി മീറ്റര്‍ വര്‍ധിച്ചിരിക്കുന്നു. 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളിലാണ് മിഡ് സൈസ് സെഡാന്‍ വരുന്നത്. കാര്‍ഗോ സ്‌പേസ് 454 ലിറ്ററായി വര്‍ധിപ്പിച്ചു. ഡ്രൈവര്‍ കേന്ദ്രീകൃത കോക്ക്പിറ്റ് എന്ന ലക്ഷ്യത്തോടെ ലെക്‌സസ് ഫ്യൂച്ചര്‍ ഇന്റീരിയര്‍ കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വാഹനത്തിന്റെ ഉള്‍ഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഡ്രൈവറുടെ സമീപത്തേക്ക് നീക്കിസ്ഥാപിച്ചിരിക്കുകയാണ് 7 ഇഞ്ച് എല്‍സിഡി കണ്‍ട്രോള്‍ പാനല്‍ & ഡിസ്‌പ്ലേ. പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും വീല്‍ബേസ് വര്‍ധിക്കുകയും ചെയ്തതോടെ റിയര്‍ ലെഗ്‌റൂം 998.6 മില്ലി മീറ്ററായി വര്‍ധിച്ചു.

2.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഓള്‍-ന്യൂ ലെക്‌സസ് ഇഎസ് 300എച്ചിന് കരുത്തേകുന്നത്. ഇതിനൊപ്പം പുതിയതും നാലാം തലമുറയില്‍പ്പെട്ടതുമായ ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റം ചേരുന്നു. പുതിയ യൂറോ 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മോട്ടോര്‍ ആകെ 215 ബിഎച്ച്പി പരമാവധി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. 22.37 കിലോമീറ്ററാണ് ഇന്ധനക്ഷമത. കണ്‍സോളില്‍ ക്ലൈമറ്റ് & ഓഡിയോ കണ്‍ട്രോള്‍, അഡ്ജസ്റ്റബിള്‍ & ഹീറ്റഡ് സെമി-അനിലിന്‍ സീറ്റുകള്‍ എന്നിവ പുതിയ ലെക്‌സസ് ഇഎസ് 300എച്ചിന്റെ സവിശേഷതകളാണ്. 17 സ്പീക്കറുകള്‍ സഹിതം മാര്‍ക്ക് ലെവിന്‍സണ്‍ പ്യുവര്‍ പ്ലേ സിസ്റ്റം, 12.3 ഇഞ്ച് ഇലക്ട്രോ മള്‍ട്ടി വിഷന്‍ സിസ്റ്റം (ഇഎംവി), വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ജിഎ-കെ പ്ലാറ്റ്‌ഫോമാണ് ഹൈബ്രിഡ് മിഡ് സൈസ് സെഡാന്‍ അടിസ്ഥാനമാക്കിയത്. വീല്‍ബേസ് 50 മില്ലി മീറ്റര്‍ വര്‍ധിച്ചു

പത്ത് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക്-ഇന്‍ & ടില്‍റ്റ് സെന്‍സറുകള്‍ സഹിതം ആന്റി-തെഫ്റ്റ് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളില്‍പ്പെടും. ബ്ലാക്ക്, ഷാറ്റോ, ടോപാസ് ബ്രൗണ്‍ തുടങ്ങി വിവിധ പെയിന്റ് ഓപ്ഷനുകളില്‍ ഓള്‍-ന്യൂ ലെക്‌സസ് ഇഎസ് 300എച്ച് ലഭിക്കും. റിച്ച് ക്രീം നിറത്തിലാണ് കാബിന്‍ ഒരുക്കിയിരിക്കുന്നത്. വുഡ് ട്രിം ഇന്റീരിയര്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. മെഴ്‌സിഡീസ് ബെന്‍സ് സി-ക്ലാസ്, ഔഡി എ4, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വാര്‍ എക്‌സ്ഇ എന്നിവരാണ് പുതിയ ലെക്‌സസ് ഇഎസ് 300എച്ച് സെഡാന്റെ എതിരാളികള്‍.

Comments

comments

Categories: Auto