മുങ്ങിത്താഴുമ്പോള്‍ കഞ്ചാവുകൃഷിയും കച്ചിത്തുരുമ്പ്

മുങ്ങിത്താഴുമ്പോള്‍ കഞ്ചാവുകൃഷിയും കച്ചിത്തുരുമ്പ്

ദാരിദ്ര്യം മാറ്റാന്‍ കഞ്ചാവ് കൃഷിയെ ആശ്രയിക്കേണ്ടി വരുന്ന ഒരു രാജ്യം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര കലാപങ്ങളും ലബനനിലെ ജനങ്ങളെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളി വിടുമ്പോള്‍ ലോകത്തോട് അവര്‍ ക്കു ചോദിക്കാനുള്ളത് ഇതല്ലാതെ വേറെന്തു മാര്‍ഗമെന്നാണ്

 

ലബനനിലെ ബെക്കാ താഴ്‌വരയിലെ ബ്രിറ്റല്‍ പട്ടണത്തില്‍ ചെന്നാല്‍ കാണാനാകുക വൈരുധ്യങ്ങളുടെ സമന്വയത്തെയാണ്. ദാരിദ്ര്യത്തിന്റെ ദയനീയതയും സമ്പത്തിന്റെ ആഡംബരവും ഇവിടത്തെ നിരത്തുകളിലും വീടുകളിലും ദര്‍ശിക്കാം. ആഡംബരക്കാറുകളായ ബെന്റ്‌ലീയും റേഞ്ച് റോവറുകളും നിരങ്ങിനീങ്ങുന്ന കുഴി നിറഞ്ഞ നിരത്തുകളിലൂടെത്തന്നെ പഴയ വാനുകളും ഓടുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു വരുമ്പോള്‍ത്തന്നെ എന്നിട്ടും പശ്ചാത്തലത്തില്‍ രമ്യഹര്‍മ്മങ്ങള്‍ ഉയര്‍ന്നു വരുന്നു.

ലെബനനിലെ അതിശക്തരായ കഞ്ചാവ് കൃഷിക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ബ്രിറ്റല്‍. വലിയ അധോലോകം തന്നെയാണിത്. പരസ്യമായി കഞ്ചാവ് കൃഷിചെയ്യുന്നതിലും വിളവെടുപ്പു നടത്തുന്നതിലും ആരെയും കൂസാറില്ല ഇവര്‍. നിയമത്തെ വെല്ലുവിളിക്കാന്‍ കനത്ത ആയുധശേഖരത്തിന്റെ പിന്‍ബലവും ഇവര്‍ക്കുണ്ട്. വര്‍ഷങ്ങളായി, ഇത് അതിക്രമിച്ചു കടക്കാന്‍ കഴിയാത്ത നിരോധിതമേഖലയായി അറിയപ്പെടുന്നു. എന്നാല്‍, കഞ്ചാവുകൃഷിയെ നിയമപരമായി അംഗീകരിക്കാന്‍ തയാറായാല്‍ ബ്രിറ്റലും പരിസരപ്രദേശം മുഴുവനും ഒരു ബില്ല്യണ്‍ കണക്കിനു ഡോളര്‍ വിറ്റുവരവുള്ള വ്യവസായമേഖലയായി രൂപാന്തരപ്പെടും.

ഔഷധാവശ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യാന്‍ കഞ്ചാവ് കൃഷി നിയമപരമാക്കാന്‍ വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ലെബനീസ് സര്‍ക്കാര്‍ ഉടന്‍ പഠിക്കും. ആഗോള കണ്‍സള്‍ട്ടന്‍സി ആയ മക്കിന്‍സി ആന്റ് കമ്പനിയാണ് നിര്‍ദ്ദേശങ്ങളുമായി മുമ്പോട്ടു വന്നിരിക്കുന്നത്. ലബനന്റെ രോഗഗ്രസ്തമായ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതിയാണ് കമ്പനി തയാറാക്കിയിരിക്കുന്നത്. ലോകബാങ്കില്‍ ഏറ്റവും കടബാധ്യതയുള്ള മൂന്നാമത്തെ രാജ്യമാണ് ലെബനന്‍.

ഒട്ടോമന്‍ കാലം മുതല്‍ ബെക്കാ താഴ്‌വരയില്‍ കഞ്ചാവുകൃഷി നടക്കുന്നു. 1975-ലെയും 1990-ലെയും ആഭ്യന്തരയുദ്ധകാലത്താണ് കഞ്ചാവുകൃഷി അതിന്റെ ഉന്നതിയിലെത്തിയത്. അക്കാലങ്ങളില്‍ പ്രതിവര്‍ഷം 2,000 ടണ്‍ കഞ്ചാവാണ് അനധികൃതമായി തുറമുഖങ്ങളിലൂടെ കടത്തിയിരുന്നത്

രാജ്യത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായ സാഹചര്യങ്ങളിലേക്കു കടക്കുകയാണെന്ന മുന്നറിയിപ്പുകള്‍ കിട്ടിയതിനെത്തുടര്‍ന്നാണ് ആഗോള കണ്‍സള്‍ട്ടിന്റെ സഹായം തേടാനുള്ള തീരുമാനമെടുത്തത്. ലെബനന്റെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 153 ശതമാനമാണ്. അയല്‍രാജ്യം സിറിയയിലെ ആഭ്യന്തരയുദ്ധം സാഹചര്യം കൂടുതല്‍ മോശമാക്കി. സാമ്പത്തിക വളര്‍ച്ച സംഘര്‍ഷത്തിനു മുമ്പുള്ള 9 ശതമാനത്തില്‍ നിന്ന് 2 ശതമാനത്തിലേക്കു കൂപ്പുകുത്തി.

ലെബനീസ് പ്രസിഡന്റ് മൈക്കല്‍ ഔണിനു സമര്‍പ്പിച്ച 1,000 പേജുള്ള റിപ്പോര്‍ട്ടില്‍ മക്കിന്‍സി വനോദസഞ്ചാരവ്യവസായത്തിന് ഊന്നല്‍ കൊടുക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു ബാങ്കിങ് ഹബ് ഉണ്ടാക്കണമെന്നും വെണ്ണപ്പഴ (അവോക്കാഡോ) കൃഷിയില്‍ കൂടുതല്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ നിര്‍ദേശം കഞ്ചാവു കൃഷിക്ക് നിയമനിര്‍മാണം നടത്താനുള്ള നിര്‍ദേശത്തിനാണ്. ധനകാര്യമന്ത്രി റായെദ് ഖൗറി ഈ പരിപാടി അംഗീകരിക്കുമെന്നറിയിച്ചതോടെ നിര്‍ദേശത്തിന് ഗൗരവമേറി.

ലോകത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള കഞ്ചാവാണ് രാജ്യത്ത് ഉല്പ്പാദിപ്പിക്കുന്നതെന്നു റായെദ് ഖൗറി പറഞ്ഞു. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വ്യവസായമാണിത്. ലെബനനിലെ കഞ്ചാവു കൃഷി ബെക്ക താഴ്‌വരയിലെ ശക്തരായ ഒരു കൂട്ടം കുടുംബങ്ങളുടെ നിയന്ത്രണത്തിലാണ്. വര്‍ഷങ്ങള്‍കൊണ്ട് അവര്‍ സമാഹരിച്ച സമ്പത്താണ് അവരുടെ പിന്‍ബലം. തങ്ങളുടെ ജീവനോപാധിക്കു ഭീഷണി ഉയര്‍ത്തുന്ന പോലീസിനും പട്ടാളത്തിനുമെതിരേ ആയുധമുയര്‍ത്താന്‍ വരെ അവര്‍ക്കു ശക്തി പകരുന്നത് ഈ ധൈര്യമാണ്.

കഞ്ചാവുകൃഷി നിയമപരമാക്കുന്നതിനോട് അവര്‍ തികച്ചും യോജിക്കുന്നു. ലെബനീസ് സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനുള്ള ഗൗരവമേറിയ ഒരു ചുവടുവെപ്പാണിതെന്ന് പ്രദേശ വാസിയായ താമസക്കാരനായ ക്വസീം ത്‌ലെയിസ് പറയുന്നു. ഈ പ്രദേശത്തെ സമാധാന സമിതിയുടെ നേതാവാണ് ക്വസീം. സമിതിയിലെ ബെക്കാ വംശജരുടെ പ്രതിനിധിയാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹം കഞ്ചാവുകൃഷക്കാരനല്ല. മധ്യപൂര്‍വ ദേശത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭാഗങ്ങളിലൊന്നാണ് ബേകാ താഴ്‌വരയോടു ദശകങ്ങളായി സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ് നാട്ടുകാരെ മയക്കുമരുന്ന് വ്യാപാരത്തിലേക്കു തള്ളിവിട്ടതെന്ന് അദ്ദേഹം പറയുന്നു.

കൃഷിക്കാരും അധികാരികളും തമ്മിലുള്ള പോരാട്ടമാണ് പ്രദേശത്തിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് ക്വസീമിന്റെ വാദം. സര്‍ക്കാരിന്റെ കഞ്ചാവുവേട്ട പലപ്പോഴും വെടിവെപ്പിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറുന്നു. ബാല്‍ബെക്‌ഹെര്‍മല്‍ ജില്ലയില്‍ മാത്രം 42,000 പേര്‍ക്കെതിരേ അറസ്റ്റ് വോറന്റ് പുറപ്പെടുവിച്ചിട്ടുണ്ട് മിക്കവര്‍ക്കുമെതിരേ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഈ മേഖല ദരിദ്രമായിരിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. അറസ്റ്റു വോറന്റുള്ളതിനാല്‍ ആര്‍ക്കും മനസമാധാനത്തോടെ ജോലിക്കു പോകാന്‍ കഴിയുന്നില്ല. മിക്കവര്‍ക്കും മേല്‍ സംശയദൃഷ്ടി പതിഞ്ഞിരിക്കുന്നതിനാല്‍ ജോലി കണ്ടെത്താന്‍ പോലും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു. ഒട്ടോമന്‍ കാലം മുതല്‍ താഴ്‌വരയില്‍ കഞ്ചാവുകൃഷി നടക്കുന്നു. 1975-ലെയും 1990-ലെയും ആഭ്യന്തരയുദ്ധകാലത്താണ് കഞ്ചാവുകൃഷി അതിന്റെ ഉന്നതിയിലെത്തിയത്. അക്കാലങ്ങളില്‍ പ്രതിവര്‍ഷം 2,000 ടണ്‍ കഞ്ചാവാണ് അനധികൃതമായി തുറമുഖങ്ങളിലൂടെ കടത്തിയിരുന്നത്.

2011- ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തരയുദ്ധം, കഞ്ചാവുകൃഷിക്കാര്‍ക്ക് മികച്ച നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നു. കര്‍ഷകര്‍ പറയുന്നത്, ലബനീസ് അധികൃതര്‍ അതിര്‍ത്തി സുരക്ഷയിലേക്ക് തിരിഞ്ഞതോടെ, 2012മുതല്‍ തങ്ങളുടെ വ്യാപാരം 50% വരെ വര്‍ദ്ധിച്ചുവെന്നാണ്. ഇന്ന് 175- 200 മില്യണ്‍ ഡോളറിന്റെ വിറ്റുവരവുള്ള കറ്റുമതിവ്യവസായമാണവര്‍ക്കിത്. ഗള്‍ഫ്, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കാണു പ്രധാനമായും കയറ്റിവിടുന്നത്. മയക്കുമരുന്നുകള്ളക്കടത്തുമായി ബന്ധപ്പെട്ട യുഎന്‍ ഓഫീസിന്റെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ലെബനന്‍.

മക്കിന്‍സി പദ്ധതി വിജയിക്കുമോയെന്ന് ഉറപ്പില്ല. ബെക്കയിലെ പരിണിതപ്രജ്ഞരായ കര്‍ഷകര്‍ക്കൊപ്പം അധികൃതര്‍ സഹകരിക്കുമോ എന്നതാണു പ്രധാന പ്രശ്‌നം. ഇതൊരു പുതിയ വ്യവസായമാക്കി മാറ്റുമോ എന്ന കാര്യവും വ്യക്തമല്ല. നിലവിലുള്ള കര്‍ഷകര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് ലെബനീസ് അധികാരികള്‍ താല്‍കാലിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധകര്‍ഷകര്‍ ഉണ്ടെങ്കിലും, ബെക്ക തല്‍പ്പരകക്ഷികളുടെ ഒരു ചിലന്തിവലയായി സങ്കീര്‍ണതയാര്‍ജിച്ചിരിക്കുകയാണ്. ലെബനീസ് ഭരണകൂടമാകട്ടെ ഇവരോട് കടുത്ത അവഗണന തുടരുകയുമാണ്.

ലെബനീസ് സൈന്യത്തിന്റെ മുഖ്യ എതിരാളികളും തീവ്രവാദികളുമായ ഹിസ്‌ബൊള്ളയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന് ക്വസീം പറയുന്നു. ഹിസ്‌ബൊള്ളയ്ക്ക് ഇക്കാര്യത്തില്‍ വളരെയധികം എതിര്‍പ്പുണ്ട്. അവര്‍ ഈ പ്രദേശത്തെ ദാരിദ്ര്യത്തില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു, അങ്ങനെയാണെങ്കില്‍ മാത്രമേ അവര്‍ക്ക് യുവജനങ്ങളെ തങ്ങള്‍ക്കു വേണ്ടി പൊരുതുന്നതിലേക്ക്് ആകര്‍ഷിക്കാനാകുകയുള്ളൂ.

ഒമ്പത് വര്‍ഷത്തിനിടെ ലെബനനില്‍ ആദ്യതെരഞ്ഞെടുപ്പു നടന്നത് ഈ മേയിലാണ്. എന്നിട്ടും ഒരു ഗവണ്‍മെന്റ് രൂപീകരിച്ചിക്കാനായില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് ഇനിയും ഒട്ടേറെ കടവമ്പകള്‍ കടക്കേണ്ടതുണ്ടെന്നാണ് ഇതു നല്‍കുന്ന സൂചന. പ്രത്യേകിച്ചും വലിയ പരിഷ്‌കരണശ്രമങ്ങള്‍ക്ക് എതിര്‍ വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ആവശ്യമാണ്, ഇതിനുള്ള സാധ്യത വളരെ അകലെയാണെന്നതാണ് വാസ്തവം.

രാഷ്ട്രീയകോണില്‍ നിന്ന് മാത്രം കാണാവുന്ന കാര്യമാണ് ലെബനനിലെ പരിഷ്‌കരണ ശ്രമങ്ങളുടെ ചരിത്രമെന്നു ലെബനന്‍ ബൈബ്ലോസ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റായ നാസിബ് ഖോബ്രില്‍ പറയുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുമ്പോള്‍ ഒരു പാര്‍ടി അതിന്റെ അവകാശമേറ്റെടുക്കുന്ന സാഹചര്യമുണ്ടായാല്‍ എതിരാളികള്‍ക്കത് നഷ്ടക്കച്ചവടമാകും. പിന്നീട കാര്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍, കടുത്ത അഴിമതി അവരുടെ കാര്യക്ഷമതയെ പരിമിതപ്പെടുത്തുന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതിരാജ്യങ്ങളുടെ പട്ടികയില്‍ ലബനന്‍ 143-ാം സ്ഥാനത്താണ്.

കഞ്ചാവ് കൃഷി നിയമപരമാക്കണമെന്ന് ആവശ്യത്തെ പിന്തുണക്കുന്ന പാര്‍ലമെന്റംഗം വാലിദ് ജുംബ്ലറ്റ്, മക്കിന്‍സിയുടെ റിപ്പോര്‍ട്ടിനെത്തന്നെ ചോദ്യം ചെയ്യുന്നു. റിപ്പോര്‍ട്ട് അസംബന്ധമാമെന്നും വായിക്കേണ്ട ആവശ്യം പോലുമില്ലെന്നും അദ്ദേഹം വാദിക്കുന്നു. വളരെക്കാലം മുമ്പ് ഞാന്‍ ഈ ആശയം അവതരിപ്പിച്ചതാണ്. കഞ്ചാവ് നിയമവിധേയമാക്കുകയെന്നത് നമ്മുടെ ആഭ്യന്തര കാര്യമാണ്. ഇതിനു വേണ്ടി വിദേശ കമ്പനിക്ക് ഒരു ദശലക്ഷം ഡോളര്‍ നല്‍കേണ്ട കാര്യമില്ലെന്ന്് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
മക്കിന്‍സിയെ കൊണ്ടു വന്നതില്‍ എതിര്‍പ്പുണ്ടെങ്കിലും അവരുടെ ആശയത്തെ അദ്ദേഹം പിന്തുണയ്ക്കുന്നു. തീര്‍ച്ചയായും നടപ്പാക്കാനാകുന്ന കാര്യമാണത്. ബാല്‍ബെക്, ഹെര്‍മല്‍ തുടങ്ങിയ അവഗണിക്കപ്പെട്ട പ്രദേശങ്ങള്‍ക്ക് പുരോഗതിക്ക് ഏററവും ഉചിതമാര്‍മാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാനസിക പ്രശ്‌നങ്ങളുണ്ടാക്കാനും പെട്ടെന്ന് ശരീരത്തെ ദുര്‍ബലമാക്കാനും ആളുകളെ പെട്ടെന്നു രോഗഗ്രസ്തരാക്കാനുമുള്ള ശേഷി മൂലമാണ് പല രാജ്യങ്ങളും കഞ്ചാവ് നിരോധിച്ചത്. എന്നാല്‍ ആളുകളുടെ ആരോഗ്യം നശിപ്പിക്കുന്നതില്‍ കഞ്ചാവിനേക്കാള്‍ പങ്ക് മദ്യത്തിനാണെന്ന് പഠനഫലം. കഞ്ചാവിനേക്കാള്‍ മദ്യമാണ് ആസക്തി തോന്നിക്കുന്നതെന്നും ഐഎഫ്എല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

നിരവധി പരസ്പരവിരുദ്ധമായ വസ്തുതകളാണ് മദ്യത്തിന്റെയും കഞ്ചാവിന്റെയും താരതമ്യത്തില്‍ കാണാനാകുക. നേരിട്ട് ഉള്ള താരതമ്യം ഇവ അര്‍ഹിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയാസ്പദം. നിയമപരമായി രണ്ടിന്റെയും അവസ്ഥയും വെറെതന്നെ. മദ്യത്തെക്കുറിച്ച് നിയമപരമായി തന്നെ കാലങ്ങളായി ഗവേഷണം നടക്കുമ്പോള്‍ കഞ്ചാവിന് നിയമപരമായ അംഗീകരമില്ലാത്തത് അവയുടെ സ്വാധീനം സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ പോലും മതിയായ അവസരം നല്‍കുന്നില്ല.

അപകടകരമെന്നും ദൂഷ്യമെന്നുമുള്ള വാക്കുകള്‍ നിര്‍വചിക്കുന്നത് നാം കരുതുന്നതു പോലെ എളുപ്പമല്ല. ഇത് മനസിലാക്കാന്‍ ഒരു ലഹരി എത്രത്തോളം ആസക്തിയുണ്ടാക്കുന്നു, അത് ഉപയോഗിക്കുന്നവന്റെ ആരോഗ്യത്തിന് എത്രമാത്രം ദോഷം ചെയ്യുന്നു, സമൂഹത്തെ ബാധിക്കുന്ന ലഹരിവസ്തുക്കളേത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇത് അത്രയെളുപ്പം നിര്‍ണയിക്കാനാകില്ല. എന്നാല്‍ ഇതൊന്നും ആളുകള്‍ ഇവ പരീക്ഷിച്ചു നോക്കുന്നില്ലെന്ന അര്‍ത്ഥത്തിലല്ല പരാമര്‍ശിക്കുന്നത്. അതിന്റെ ഫലം ആര്‍ക്കും ഊഹിക്കാനാകും.

എണ്ണായിരം അമേരിക്കക്കാരിലാണ് പഠനം നടത്തിയത്. 15 ശതമാനം പേര്‍ മദ്യത്തിന് അടിമകളായപ്പോള്‍ കഞ്ചാവില്‍ മുഴുകിയത് ഒമ്പത് ശതമാനം മാത്രമാണ്. സിഗരറ്റില്‍ പുകയിലയുമായി ചേര്‍ത്ത് കഞ്ചാവ് വലിച്ചപ്പോഴാണ് പലര്‍ക്കും ആസക്തി വര്‍ധിച്ചത്. 32 ശതമാനം ഉപഭോക്താക്കളും ഈ മിശ്രിതത്തിന് വശംവദരായി. പുകയിലടങ്ങിയ നിക്കോട്ടിന്‍ ആണ് ഇത്തരമൊരു ആസക്തി വര്‍ധിപ്പിക്കുന്നതെന്ന് പഠനം സമര്‍ത്ഥിക്കുന്നു.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 3.3 മില്യണ്‍ മദ്യപാനികളാണ് ആഗോള വ്യാപകമായി പ്രതിവര്‍ഷം മരിക്കുന്നത്. 10 സെക്കന്‍ഡിലൊരാള്‍ എന്ന നിരക്കിലാണു മരണം. കുറച്ചൊക്കെ മദ്യപിക്കുന്നതു കൊണ്ടു കുഴപ്പമില്ലെന്ന പ്രചാരണങ്ങളും ഒരു വശത്തു നടക്കുന്നു. എന്നാല്‍, ആരോഗ്യപരമായ കാര്യങ്ങള്‍ എടുത്തു നോക്കിയാല്‍ നാം കരുതുന്നതു പോലെയല്ല കാര്യങ്ങള്‍.

കരളിലും വായിലും വരുന്ന അര്‍ബുദങ്ങള്‍ക്ക് മദ്യപാനം കാരണമാകുമ്പോള്‍ കഞ്ചാവിന് ചില നല്ല വശങ്ങളുണ്ടെന്ന് പഠനം പറയുന്നു. കാന്‍സര്‍ ഭേദപ്പെടുത്താന്‍ കഞ്ചാവിന് കഴിയുമെന്ന തരത്തില്‍ ചില പ്രചരണങ്ങളുയര്‍ന്നിട്ടുണ്ടെങ്കിലും അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ലഭ്യമല്ല. അര്‍ബുദ കോശങ്ങളില്‍ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളില്‍ ഇത് എങ്ങനെ പ്രതിപ്രവര്‍ത്തിക്കുമെന്നു മനസിലാക്കാനായിട്ടില്ല.

2010-ല്‍ ചാരിറ്റി ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഡ്രഗ്‌സ് സയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പഠനം നടന്നത്. 20 തരം ലഹരി വസ്തുക്കള്‍ 16 തരം രോഗങ്ങള്‍ വരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം ലോകത്തിലെ ഏറ്റവും അപകടകാരിയായ ലഹരി മദ്യമാണെന്ന നിഗമനത്തിലാണ് അവരെത്തിയത്. വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും മദ്യം ദുഷിപ്പിക്കുമെന്ന് പഠനം പറയുന്നു.

ഹെറോയിന്‍, കൊക്കെയ്ന്‍ എന്നിവയാണ് മദ്യത്തിനു പുറകെ അപകടകാരികളായി പഠനം പട്ടികപ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ എട്ടാം സ്ഥാനമാണ് കഞ്ചാവിനുള്ളത്. വ്യക്തികള്‍ക്ക് ഇത് വലിയ തോതില്‍ ഹാനികരമാണെങ്കിലും സമൂഹത്തെ ബാധിക്കുന്നത് പതുക്കെയാണെന്നാണു കണ്ടെത്തല്‍.

Comments

comments

Categories: FK Special, Slider
Tags: Marijuana