ചൈനീസ് അധിനിവേശം; എച്ച്ടിസി ഇന്ത്യന്‍ വിപണി ഉപേക്ഷിച്ചു

ചൈനീസ് അധിനിവേശം; എച്ച്ടിസി ഇന്ത്യന്‍ വിപണി ഉപേക്ഷിച്ചു

കൊല്‍ക്കത്ത: ചൈനീസ് മൊബീല്‍ കമ്പനികളുടെ അധിനിവേശത്തിന്റെ ഫലമായി ഒരു പ്രമുഖ മൊബീല്‍ കമ്പനി കൂടി ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുന്നു. തായ്‌വാന്‍ ആസ്ഥാനമാക്കിയ പ്രമുഖ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ എച്ച്ടിസിയാണ് ചൈനീസ് അധിനിവേശത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ കളം ഒഴിയുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ഉന്നത നേതൃത്വം രാജി സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ വിഭാഗത്തിന്റെ മേധാവി ഫൈസല്‍ സിദ്ദിഖി, വില്‍പനാ വിഭാഗം മേധാവി വിജയ് ബാലചന്ദ്രന്‍, പ്രൊഡക്റ്റ് ഹെഡ് ആര്‍ നയ്യാര്‍ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. എണ്‍പതോളം വരുന്ന ജീവനക്കാരോട് രാജിവെച്ചൊഴിയാന്‍ എച്ച്ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തയാല്‍ അടക്കം വിരലിലെണ്ണാവുന്ന ജീവനക്കാരെ നിലനിര്‍ത്താനാണ് തീരുമാനം. ഇന്ത്യയില്‍ ഒപ്പിട്ടിരിക്കുന്ന എല്ലാ വിതരണ കരാറുകളും റദ്ദാക്കാനുള്ള നീക്കത്തിലാണ് നിലവില്‍ തായ്‌വാന്‍ കമ്പനി. ഇന്ത്യയിലെ ഉല്‍പ്പാദനം ഒരു വര്‍ഷം മുന്‍പ് എച്ച്ടിസി അവസാനിപ്പിച്ചിരുന്നു.

ആദ്യ കാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഭേദപ്പെട്ട പങ്കാളിത്തമുണ്ടായിരുന്ന എച്ച്ടിസിക്ക് ചൈനീസ് സമാര്‍ട്ട് ഫോണുകളുടെ രംഗപ്രവേശമാണ് തിരിച്ചടിയായിരുന്നത്. കമ്പനിയുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളെ വെല്ലുന്ന ഹാന്‍ഡ്‌സെറ്റുകള്‍ കുറഞ്ഞ വിലക്ക് ചൈനീസ് കമ്പനികള്‍ പുറത്തിറക്കാനാരംഭിച്ചതാണ് വില്‍പനയെ ബാധിച്ചത്. 30,000 രൂപ റേഞ്ചിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസംഗ്, ആപ്പിള്‍, വണ്‍ പ്ലസ് കമ്പനികളും മുന്നേറി. നിലവില്‍ ഈ വിഭാഗത്തിലെ വിപണിയുടെ 95 ശതമാനം മൂന്ന്് കമ്പനികളും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത്. എച്ച്ടിസിയുടെ വിഹിതം ഒരു ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു.

ആഗോള തലത്തില്‍ തന്നെ തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് അതിവേഗം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍മാറാന്‍ കമ്പനി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ജൂണിലവസാനിച്ച ഒരു വര്‍ഷത്തിനിടെ ആഗോള വില്‍പന 68 ശതമാനം ഇടിഞ്ഞു. 1,500 ജീവനക്കാരെ ആഗോള തലത്തില്‍ ഒഴിവാക്കാനാണ് ഇതെത്തുടര്‍ന്ന് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്‍മാറ്റം കമ്പനിയെ നിമക്കുരുക്കിലേക്ക് എത്തിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതും ഇപ്പോള്‍ വിപണിയില്‍ അവശേഷിക്കുന്ന ഫോണുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചില വിതരണക്കാര്‍. ഒപ്റ്റിമസ് ഗ്രൂപ്പ് കമ്പനിയായ എംപിഎസ് ടെലികോമും ലിങ്ക് ടെലികോമുമാണ് എച്ച്ടിസിയുടെ ഇന്ത്യയിലെ വിതരണക്കാര്‍.

അതേസമയം കമ്പനി ഇന്ത്യന്‍ വിപണിയെ കൈവിടുന്നില്ലെന്ന് എച്ച്ടിസിയുടെ ഒരു വക്താവ് പറഞ്ഞു. സുപ്രധാന വിപണിയായ ഇന്ത്യയില്‍ ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തുമെന്നും സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിതരണക്കാരുടെ അസംതൃപ്തിയെക്കുറിച്ച് ബോധ്യമുണ്ടെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും വക്താവ് വ്യക്തമാക്കി. അതേസമയം, ആഗോള വിപണിയില്‍ ആരോഗ്യം മെച്ചപ്പെടുത്തിയ ശേഷം ഇന്ത്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കാനാണ് കമ്പനിയുടെ ആലോചനയെന്നും എച്ച്ടിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

 

Comments

comments

Categories: FK News, Slider, Tech
Tags: HTC